Advertisement

കേരളാ കോൺഗ്രസ് (എം) ഇടത് മുന്നണിയിൽ; എംപി സ്ഥാനം ഒഴിയുമെന്ന് ജോസ് കെ മാണി

October 14, 2020
Google News 2 minutes Read
jose k mani joined ldf

കേരളാ കോൺഗ്രസ് (എം) ഇടത് മുന്നണിയിൽ. പാലായിലെ ജോസ് കെ മാണിയുടെ വസതിയിൽ ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷമാണ് മുന്നണി പ്രവേശനം ജോസ് കെ മാണി പ്രഖ്യാപിച്ചത്. തോമസ് ചാഴിക്കാടൻ, റോഷി അഗസ്റ്റിൻ, എൻ ജയരാജ് എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു. പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് പ്രഖ്യാപനം.

യുഡിഎഫിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ടാണ് ജോസ് കെ മാണി ആരംഭിച്ചത്. ആത്മാഭിമാനം അടിയറവ് വച്ച് മുന്നോട്ടുപോകാൻ കഴിയില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

ജോസ് കെ മാണിയുടെ പ്രഖ്യാപനം- ‘ഒക്ടോബർ 9ന് പാർട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി വിളിച്ചുകൂട്ടിയിരുന്നു. പാർട്ടിയുടെ രാഷ്ട്രീയ നിലപാടിനെ കുറിച്ച് ചർച്ച ചെയ്തിരുന്നു. ജൂൺ 29നാണ് യുഡിഎഫിൽ നിന്ന് കേരളാ കോൺഗ്രസ് എമ്മിനെ പുറത്താക്കിയത്. അന്ന് മുതൽ ഇന്ന് വരെ കേരളാ കോൺഗ്രസ് സ്വതന്ത്ര നിലപാടാണ് എടുത്തത്. കെഎം മാണി സാറാണ് യുഡിഎഫിനെ കെട്ടിപടുത്തത്. ആ പ്രസ്താനത്ത് നിന്ന് കേരളാ കോൺ്രസ് ഇനി അതിൽ തുടരാൻ അർഹതയില്ലെന്നാണ് യുഡിഎഫ് കൺവീനർ സ്റ്റേറ്റ്‌മെന്റ് എഴുതി വായിച്ചത്. യുഡിഎഫിന്റെ ഉയർച്ചയിലും താഴ്ച്ചയിലും ഒപ്പം നിന്ന മാണി സാറിന്റെ രാഷ്ട്രീയത്തെയും ജനവിഭാഗത്തെയുമാണ് അവർ അപമാനിച്ചത്. കോൺഗ്രസിലെ ചില കേന്ദ്രങ്ങളിൽ നിന്ന് കടുത്ത അനീതിയാണ് കേരളാ കോൺഗ്രസ് പാർട്ടി നേരിടേണ്ടി വന്നത്. തങ്ങളുടെ എംഎൽഎമാർക്ക് നിയമസഭയ്ക്കകത്ത് നേരിടേണ്ടി വന്ന അപമാനവും അവഗണനയും യുഡിഎഫ് നേതൃത്വത്തോട് പറഞ്ഞപ്പോൾ പോലും യുഡിഎഫ് ഒരു ചർച്ചയ്ക്ക് പോലും തയാറായില്ല. യുഡിഎഫിന്റെ ഭാഗത്ത് നിന്നുണ്ടായത് ‘പൊളിറ്റിക്കൽ വൾചറിസം’ ആണെങ്കിലും ഞാൻ പ്രതികരിച്ചിരുന്നില്ല. കെഎം മാണി അസുഖ ബാധിതൻ ആണ് എന്ന് അറിഞ്ഞ ഉടൻ പി.ജെ ജോസഫ് ലോക്‌സഭാ സീറ്റ് ആവശ്യപ്പെട്ടു. പാലാ സീറ്റും, ചിഹ്നവും ആവശ്യപ്പെട്ടു. കെഎം മാണിയുടെ വീട് മ്യൂസിയം ആക്കണമെന്ന് വരെ പറഞ്ഞു. കേരളാ കോൺഗ്രസിനെ ഒരു പഞ്ചായത്തിന്റെ പേരിലാണ് യുഡിഎഫിൽ നിന്ന് പുറത്താക്കിയത്. ഇന്ത്യൻ ചരിത്രത്തിൽ തന്നെ ഇതാദ്യമാണ്’.

യുഡിഎഫിൽ നിന്ന് കേരളാ കോൺഗ്രസ് പാർട്ടിയെ പുറത്താക്കിയിട്ട് മൂന്ന് മാസമായെന്നും, തങ്ങളെ തിരിച്ചുകൊണ്ടുവരാൻ ഒരു ചർച്ചയും നടന്നില്ലെന്നും ജോസ്.കെ.മാണി പറഞ്ഞു. പ്രതിപക്ഷം ഭാരണപക്ഷത്തിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോൾ തങ്ങളുടെ എംഎൽഎമാരുമായി ബന്ധപ്പെട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു. കേരളാ കോൺഗ്രസിനെ തകർക്കാനുള്ള അജണ്ഡയാണ് നടന്നതെന്നും ജോസ് കെ മാണി ആരോപിച്ചു.

Story Highlights jose k mani joined ldf

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here