കേരളാ കോൺഗ്രസ് യുഡിഎഫ് വിടുന്നത് 38 വർഷങ്ങൾക്ക് ശേഷം; പിളർന്നും ചേർന്നും കേരളാ കോൺഗ്രസ്; ചരിത്രം ഇങ്ങനെ

അത്യന്തം നാടകീയമായ നീക്കങ്ങൾക്കൊടുവിലാണ് കേരളാ കോൺഗ്രസ് (എം) ഇന്ന് ഇടത് മുന്നണിയിൽ ചേർന്നത്. 38 വർഷങ്ങൾ യുഡിഎഫിനൊപ്പം നിന്നതിന് ശേഷമാണ് കേരളാ കോൺഗ്രസിന്റെ മുന്നണി മാറ്റം. കോൺഗ്രസിൽ നിന്ന് പാർട്ടിക്കുണ്ടായത് കടുത്ത അപമാനമാണെന്നാണ് ചെയർമാൻ ജോസ് കെ മാണി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത്.
ഇതാദ്യമായല്ല കേരളാ കോൺഗ്രസിൽ ഇത്തരം പിളരലുകളും മുന്നണിമാറ്റവുമെല്ലാം നടക്കുന്നത്. പിളരുംതോറും വളരുന്ന പാർട്ടി എന്നാണ് കെ.എം മാണി തന്നെ പാർട്ടിയെ വിശേഷിപ്പിച്ചത്. കേരളാ കോൺഗ്രസിന്റെ ചരിത്രം അറിയാം –
പാർട്ടിയുടെ രൂപീകരണം
1964ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിട്ട ഒരു വിഭാഗം നേതാക്കൾ രൂപംകൊടുത്ത പാർട്ടിയാണ് കേരളാ കോൺഗ്രസ്. കെ.എം ജോർജാണ് കേരളാ കോൺഗ്രസിന്റെ സ്ഥാപകൻ.
കേരളാ കോൺഗ്രസ് പിന്നീട് കേരളാ കോൺഗ്രസ് (എം), കേരളാ കോൺഗ്രസ് (ജെ), കേരളാ കോൺഗ്രസ് (ജേക്കബ്), ജനാധിപത്യ കേരളാ കോൺഗ്രസ്, കേരളാ കോൺഗ്രസ് (സ്‌കറിയ തോമസ്), കേരളാ കോൺഗ്രസ് (തോമസ്), കേരളാ കോൺഗ്രസ് (നാഷണലിസ്റ്റ്) എന്നിങ്ങനെ വിവിധ പാർട്ടികളായി പിളർന്നു.
മുന്നണി മാറ്റവും, പിളരലും
കേരളാ കോൺഗ്രസ് 1979 ൽ പിളർന്നാണ് കേരളാ കോൺഗ്രസ് (എം) വിഭാഗത്തിന് രൂപം നൽകിയത്. പി.ജെ ജോസഫുമായി ഉണ്ടായ അഭിപ്രായ വ്യത്യാസമായിരുന്നു അതിന് കാരണം. 1979 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് (എം) യുഡിഎഫിനൊപ്പം നിൽക്കുകയും പിജെ ജോസഫ് വിഭാഗം എൽഡിഎഫിനൊപ്പം നിൽക്കുകയും ചെയ്തു. 1980 ൽ ഇരു വിഭാഗങ്ങളും മുന്നണി മാറി. അങ്ങനെ കേരളാ കോൺഗ്രസ് (എം) എൽഡിഎഫിലും, ജോസഫ് വിഭാഗം യുഡിഎഫിലുമെത്തി. 1982 ൽ മൂന്ന് വിഭാഗങ്ങളും യുഡിഎഫിൽ എത്തി. തുടർന്ന് 38 വർഷത്തോളം കേരളാ കോൺഗ്രസ് (എം) യുഡിഎഫിനൊപ്പം നിന്നു.
അതിനിടെ 1985ൽ കേരളാ കോൺഗ്രസ് (എം), കേരളാ കോൺഗ്രസ് (ബി), പിജെ ജോസഫ് വിഭാഗവുമായി ചേർന്നു. തുടർന്ന് ‘പഞ്ചാബ് മോഡൽ’ പരാമർശത്തെ തുടർന്ന് 1987 ൽ വീണ്ടും ജോസഫ് വിഭാഗവും മാണി വിഭാഗവും പിരിഞ്ഞു. ‘പിരിയുകയാണെങ്കിൽ പിരിയട്ടെ’ എന്നായിരുന്നു കെ.എം മാണിയുടെ അന്നത്തെ പ്രസ്താവന. കെഎം മാണിയുടെ കേരളാ കോൺഗ്രസ് (എം) ന് ഒപ്പം ടി.എം ജേക്കബും നിലകൊണ്ടു.
Read Also : കേരളാ കോൺഗ്രസ് (എം) ഇടത് മുന്നണിയിൽ; എംപി സ്ഥാനം ഒഴിയുമെന്ന് ജോസ് കെ മാണി
നിലവിലെ മുന്നണി മാറ്റം
കെഎം മാണിയുടെ മരണത്തിന് പിന്നാലെ പിജെ ജോസഫും ജോസ് കെ മാണിയും തമ്മിലുള്ള തർക്കം രൂക്ഷമായി. പാർട്ടിയുടെ ചെയർമാൻ സ്ഥാനത്തെ ചൊല്ലിയും, ചിഹ്നത്തെ ചൊല്ലിയുമെല്ലാം തർക്കങ്ങൾ ഉടലെടുത്തു. കോൺഗ്രസ് നേതൃത്വം ജോസ് കെ മാണി നയിക്കുന്ന കേരളാ കോൺഗ്രസ് എമ്മിനെ തഴയുന്ന നിലപാടാണ് എടുത്തതെന്ന് ജോസ് കെ മാണി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു. യുഡിഎഫിന്റെ ഉയർച്ചയിലും താഴ്ച്ചയിലും ഒപ്പം നിന്ന മാണി സാറിന്റെ രാഷ്ട്രീയത്തെയും ജനവിഭാഗത്തെയുമാണ് അവർ അപമാനിച്ചത്. കോൺഗ്രസിലെ ചില കേന്ദ്രങ്ങളിൽ നിന്ന് കടുത്ത അനീതിയാണ് കേരളാ കോൺഗ്രസ് പാർട്ടി നേരിടേണ്ടി വന്നത്. തങ്ങളുടെ എംഎൽഎമാർക്ക് നിയമസഭയ്ക്കകത്ത് നേരിടേണ്ടി വന്ന അപമാനവും അവഗണനയും യുഡിഎഫ് നേതൃത്വത്തോട് പറഞ്ഞപ്പോൾ പോലും യുഡിഎഫ് ഒരു ചർച്ചയ്ക്ക് പോലും തയാറായില്ലെന്നും ജോസ് കെ മാണി ആരോപിച്ചു. ഇതിന് പിന്നാലെയാണ് എൽഡിഎഫ് പ്രവേശനം കേരളാ കോൺഗ്രസ് എം പ്രഖ്യാപിച്ചത്.
Story Highlights – kerala congress m history
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here