Advertisement

ഇന്ന് ചരിത്രം തിരിച്ചു നടക്കുന്നു; കുഞ്ഞുമാണി പിന്നിൽ നിന്ന് കുത്തിയെന്ന് അന്ന് നായനാർ

October 14, 2020
3 minutes Read
km mani stabbed from behind says ek nayanar

എകെ ആൻണിയുടെ കോൺഗ്രസിനൊപ്പം കെ.എം മാണി 1981 ഒക്ടോബർ 20ന് ഇടതു പക്ഷത്ത് നിന്ന് പിന്മാറിയപ്പോൾ അന്ന് ഇടത് മുഖ്യമന്ത്രിയായിരുന്ന ഇ.കെ നായനാർ പറഞ്ഞു- ‘കുഞ്ഞുമാണി എന്നെ പിന്നിൽ നിന്ന് കുത്തി’. അന്ന് ഭൂരിപക്ഷം നഷ്ടമായ നായനാർ മന്ത്രിസഭ താഴെ വീണു. നായനാർ സ്വയം വരുത്തിവച്ച വിന എന്നായിരുന്നു കെ.എം മാണിയുടെ മറുപടി.

39 വർഷത്തിന് ശേഷം കെ.എം മാണിയുടെ മകൻ ജോസ്.കെ.മാണി ഇടതു മുന്നണിയിലേക്ക് തിരിച്ചെത്തുമ്പോൾ പിതാവ് കെ.എം മാണിയുടെ വാക്കുകൾ മകൻ ഓർക്കുന്നുണ്ടാകും. പക്ഷേ, ആരോപണം ഉന്നയിച്ചത് തിരിച്ചാണെന്ന് മാത്രം. ‘യുഡിഎഫും കോൺഗ്രസും പിന്നിൽ നിന്ന് കുത്തി.’-എന്നാണ് ജോസ് കെ മാണി പറഞ്ഞത്.

ഇ.കെ. നായനാർ ജീവിച്ചിരുന്നെങ്കിൽ ഈ അപൂർവ തിരിച്ചുവരവ് കണ്ട് സന്തോഷിച്ചേനെ. എന്തായാലും അഴിമതി ആരോപണങ്ങളിൽ ആടി ഉലയുന്ന ഇടതുസർക്കാരിന് ജോസ്.കെ മാണിയുടെ വരവ് ആശ്വാസമാണ്. ഇടതുപക്ഷത്തിന് വലിയ വേരുകളില്ലാത്ത മധ്യ തിരുവിതാംകൂറിലെ മണ്ഡലങ്ങളിൽ നേട്ടമുണ്ടാക്കാനാകും എന്നാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ, കേരളാ കോൺഗ്രസുകൾ തമ്മിൽ തല്ലി സീറ്റുകൾ നഷ്ടപ്പെടുത്തുന്നതിന് പകരം ഒരു കേരളാ കോൺഗ്രസ് വിട്ടുപൊയ്‌ക്കോട്ടെയെന്ന് കോൺഗ്രസും കരുതിക്കാണും.

കേരളാ കോൺഗ്രസുകൾ കൈവശം വച്ചിരിക്കുന്ന ചില സീറ്റുകളിൽ കോൺഗ്രസിനും നോട്ടമുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടത് പക്ഷവുമായി യോജിച്ച് മത്സരിക്കാൻ ജോസ് കെ.മാണിയുടെ പാർട്ടി ഏതാണ്ട് ധാരണയായിട്ടുണ്ട്. ജോസ്.കെ.മാണി വിഭാഗം വിട്ടുപോയതുകൊണ്ട് യു.ഡി.എഫിൽ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്ന പ്രതീക്ഷ പി.ജെ ജോസഫിനുമുണ്ട്. എന്നാൽ കർഷകരുടെ പാർട്ടിയായി രൂപംകൊണ്ട കേരള കോൺഗ്രസ് അതിന്റെ അടിസ്ഥാന സിദ്ധാന്തങ്ങൾ മറന്ന് വ്യക്തിപ്രാമാണിത്വത്തിന്റെ പാർട്ടിയായി അധഃപതിച്ചു എന്ന ആക്ഷേപം നിലനിൽക്കുന്നു.

കേരളാ കോൺഗ്രസിനെ കൂടെ കൂട്ടുന്നതിന് ചില തടസങ്ങൾ ഇടതുമുന്നണി ഉന്നയിക്കാറുണ്ടെങ്കിലും, അധികാര രാഷ്ട്രീയത്തിന്റെ മിനിമം പരിപാടിയിൽ ഒതുതീർപ്പിന് തയാറാവുകയായിരുന്നു. 1989-ൽ ഇടതുപക്ഷത്ത് കേരളാ കോൺഗ്രസിനെ ചേർക്കാൻ പള്ളിയെയും പട്ടക്കാരനെയും തള്ളിപ്പറയണമെന്ന് ഇഎംഎസ് , പിജെ ജോസഫിനോട് പറഞ്ഞു.

പിന്നീട് നിലപാട് മാറ്റി. പള്ളിയെയും പട്ടക്കാരനെയും തള്ളി പറഞ്ഞില്ലെങ്കിലും മതേതര പാർട്ടിയെന്ന നിലയിൽ കേരളാ കോൺഗ്രസിന് ഇടതുപക്ഷത്ത് ചേർക്കാമെന്ന് പാർട്ടി മുഖപത്രത്തിലെ ലേഖനത്തിലൂടെ ഇഎംഎസ് പറഞ്ഞുവച്ചു.

യുഡിഎഫ് വിട്ട് എൽഡിഎഫിലേക്കും തിരിച്ചും കേരളാ കോൺഗ്രസുകൾ പോയ ചരിത്രം പലതവണ ഉണ്ടായിട്ടുണ്ട്. ലയിക്കുകയും പിളരുകയും ചെയ്യുന്നത് കേരളാ കോൺഗ്രസിന്റെ മുഖമുദ്രയാണെന്ന് പറയേണ്ടി വരും.

‘വളരും തോറും പിളരുകയും, പിളരുംതോറും വളരുകയും’ ചെയ്യുന്ന പാർട്ടിയെന്ന് കേരളാ കോൺഗ്രസിനെ നർമം കലർത്തി വിശേഷിപ്പിച്ചത് സാക്ഷാൽ കെ.എം മാണിയാണ്. മാണി പറഞ്ഞത് അതുപോലെ നിറവേറിയ ചരിത്രമാണ് കേരളാ കോൺഗ്രസിന്റേത്. കേരളാ കോൺഗ്രസിന്റെ അരനൂറ്റാണ്ടിലേറെ നീണ്ട ചരിത്രത്തിൽ പിളർപ്പുകളുടെ ഒരു ഘോഷയാത്ര തന്നെയുണ്ടായി.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ പിടി ചാക്കോയോട് കോൺഗ്രസ് അനീതി കാണിച്ചുവെന്ന ആക്ഷേപവുമായി 1964-ലാണ് കേരളാ കോൺഗ്രസിന്റെ ജനനം. കെ.എം ജോർജിന്റെ നേതൃത്വത്തിൽ 15 കോൺഗ്രസ് എംഎൽഎമാർ പാർട്ടിയിൽ നിന്ന് രാജിവച്ചാണ് കേരളാ കോൺഗ്രസിന് തുടക്കമിട്ടത്. കോൺഗ്രസിന്റെ അന്നത്തെ മുഖ്യമന്ത്രി ആർ ശങ്കർ പിടി ചക്കോയെ പിന്നിൽ നിന്ന് കുത്തിയെന്നും അതിൽ മനംനൊന്ത് അദ്ദേഹം ഹൃദയംപൊട്ടി മരിച്ചുവെന്നുമാണ് കെഎം ജോർജും കൂട്ടരും അന്ന് ആരോപിച്ചത്. കെ.എം ജോർജിന് പുറമെ കെ.എം മാണി, പിജെ ജോസഫ് ആർ ബാലകൃഷ്ണപിള്ള എന്നിവരായിരുന്നു കേരളാ കോൺഗ്രസിന്റെ മുഖ്യ നേതാക്കൾ.

1976 ൽ കെ.എം ജോർജിന്റെ മരണത്തെ തുടർന്ന് കെഎം മാണിയും ആർ ബാലകൃഷ്ണപിള്ളയും തമ്മിൽ അധികാര തർക്കമുണ്ടായി. കെ.എം മാണി നേതാവായി ഉയർന്നു. കെഎം മാണിയും പിജെ ജോസഫും ഒരുമിച്ചു നിന്നപ്പോൾ 1977 തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബാലകൃഷ്ണ പിള്ള പാർട്ടി പിളർത്തി ഇടതുപക്ഷത്തേക്ക് നീങ്ങി.

1977ൽ യുഡിഎഫിനൊപ്പം അധികാരത്തിലെത്തിയ കേരളാ കോൺഗ്രസ് ഇരുപത് സീറ്റുകളിൽ വിജയിച്ചു. ഇടതുപക്ഷത്ത് നിന്ന് മത്സരിച്ച കേരളാ കോൺഗ്രസ്-പിള്ള ഗ്രൂപ്പിന് രണ്ടു സീറ്റുകളിലാണ് വിജയിക്കാനായത്.

രണ്ടു വർഷത്തിന് ശേഷം കെ.എം മാണിയും പിജെ ജോസഫും തമ്മിലുണ്ടായ തർക്കത്തിൽ വീണ്ടും പാർട്ടി പിളർന്നു. കേരളാ കോൺഗ്രസ് എമ്മിന്റെ നേതാവായി കെഎം മാണിയും ജോസഫ് വിഭാഗത്തിന്റെ നേതാവായി പിജെ ജോസഫും തെരഞ്ഞെടുക്കപ്പെട്ടു. 1979 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കെഎം മാണി യുഡിഎഫിനൊപ്പം ചേർന്നു. പിജെ ജോസഫ് എൽഡിഎഫിനോടൊപ്പവുമായിരുന്നു. 1980ൽ കെ എം മാണി കോൺഗ്ര് നേതാവ് എകെ ആന്റണിയോടൊപ്പം (കോൺഗ്രസ് -എ) ഇടതുപക്ഷത്തേക്കും, തൊട്ടുപിന്നാലെ പിജെ ജോസഫ് കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള യുഡിഎഫിലുമെത്തി.

1982ൽ എൽഡിഎഫ് വിട്ട കേരളാ കോൺഗ്രസ് എം യുഡിഎഫിനോടൊപ്പം ചേർന്നപ്പോൾ മൂന്ന് കേരളാ കോൺഗ്രസുകാരും ഒരുമിച്ചായി. അന്ന് കെ.കരുണാകരൻ സർക്കാരിൽ കെഎം മാണി ധനകാര്യ മന്ത്രിയും, പിജെ ജോസഫ് റവന്യൂ മന്ത്രിയും, ആർ ബാലകൃഷ്ണ പിള്ള ഗതാഗത മന്ത്രിയും, ടിഎം ജേക്കബ് വിദ്യാഭ്യാസ മന്ത്രിയുമായത് ചരിത്രം. 1985ൽ ഈ പാർട്ടികളെല്ലാം ഒന്നിച്ച് ഒറ്റ പാർട്ടിയായി. അന്ന് ലയിച്ച കേരളാ കോൺഗ്രസിന് 25 എംഎൽഎമാരും നാല് മന്ത്രിമാരുമുണ്ടായിരുന്നു.

എന്നാൽ വളരുംതോറും പിളരും എന്ന മാണി സിദ്ധാന്തം യാഥാർത്ഥ്യമാക്കി പാർട്ടി പലതവണ പിളർന്നു. ടിഎം ജേക്കബും, പിസി ജോർജും, പിസി തോമസുമെല്ലാം ഈ പിളർപ്പുകളിൽ ഉണ്ടായിരുന്നു. ഏറ്റവുമൊടുവിൽ കെ.എം മാണിയും പി.ജെ ജോസഫും ലയിച്ചുണ്ടായ കേരള കോൺഗ്രസാണ് വീണ്ടും പിളർന്ന് പിജെ ജോസഫിന്റെയും ജോസ് കെ മാണിയുടേയും നേതൃത്വത്തിൽ രണ്ടു പാർട്ടികളാവുന്നത്.

ഇപ്പോൾ പിജെ ജോസഫ് യുഡിഎഫിൽ ഉറച്ചുനിൽക്കുമ്പോൾ, ജോസ് കെ മാണി ഇടതുപക്ഷത്തേക്ക് നീങ്ങിയിരിക്കുന്നു. മധ്യ തിരുവിതാംകൂറിലെ രാഷ്ട്രീയഭൂപടത്തിൽ ഈ രാഷ്ട്രീയ മാറ്റങ്ങൾ എന്ത് ചലനം സൃഷ്ടിക്കുമെന്ന് അടുത്ത വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ടറിയാം.

Story Highlights EK Nayanar, Jose K Mani, KM Mani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top