മാനവികതാവാദവും അഹിംസാവാദവും കവിതളിൽ നിറച്ച അക്കിത്തം അച്യുതൻ നമ്പൂതിരി

മലയാളത്തിലെ മഹാകവികളുടെ പരമ്പരയിലെ ഏക കവിയായിരുന്നു അക്കിത്തം അച്യുതൻ നമ്പൂതിരി. തന്റെ മനഃസാക്ഷിക്കനുസരിച്ച് കാലത്തോട് പ്രതികരിച്ച അക്കിത്തത്തിന്റെ കവിതകളിൽ മനുഷ്യ സങ്കീർത്തനം ഉയർന്നുകേട്ടു. മാനവികതാവാദവും അഹിംസാവാദവും ആ കവിതകളുടെ അന്തർധാരയാണ്.

മാനവികതയിലൂന്നിയ ആത്മീയതയും ആഴത്തിലുള്ള ദാർശനികതയും അക്കിത്തം കവിതകളിലെ മുഖമുദ്രയാണ്. സ്നേഹത്താൽ നിർമിക്കപ്പെടേണ്ടതാണ് ജീവിതം എന്ന് അദ്ദേഹത്തിന്റെ ഒരോ രചനയും ഓർമിപ്പിക്കുന്നു. മാനവികതാവാദവും അഹിംസാവാദവും അന്തർധാരയായ ആ കവിതകൾ മനുഷ്യ സങ്കീർത്തനത്തിന്റെ ഉത്തമോദാഹരണങ്ങളാണ്. മനുഷ്യന്റെ കരുത്ത് കരയാനുള്ള അവന്റെ ശേഷിയിലാണെന്ന് അദ്ദേഹം വിശ്വസിച്ചു. നീണ്ട ഭൂതകാലത്തെ ഉൾക്കൊണ്ട് സമകാലത്തെ ആവിഷ്‌കരിച്ച അക്കിത്തം കവിതകളിൽ നിറഞ്ഞുനിന്ന മനുഷ്യസ്നേഹം കവിതാസ്വാദകരുടെ ഉള്ളം നിറക്കുന്നതാണ്.

‘ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായി ഞാൻ പൊഴിക്കവേ ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം, എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകൾ എന്റെയല്ലീ മഹാക്ഷേത്രവും മക്കളെ, വെളിച്ചം ദുഃഖമാണുണ്ണീ തമസല്ലോ സുഖപ്രദം’ തുടങ്ങി അക്കിത്തത്തിന്റെ ഒട്ടേറെ വരികൾ എല്ലാ തലമുറയിലെയും മലയാളികൾക്ക് സുപരിചിതമാണ്.

മലയാളികളെ ഏറെ പ്രകോപിപ്പിക്കുകയും ആത്മപരിശോധനയ്ക്ക് പ്രചോദിപ്പിക്കുകയും ചെയ്ത ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കൃതി രചിക്കപ്പെട്ട് ആറ് പതിറ്റാണ്ട് കഴിഞ്ഞെങ്കിലും ഇന്നും അത് മലയാളികൾ ചർച്ച ചെയ്യുന്നു. ചെയ്ത തെറ്റുകളെച്ചൊല്ലി പശ്ചാത്തപിക്കുന്ന മനുഷ്യനെ നിരന്തരം വരച്ചിട്ട കവിയുടെ സാന്നിധ്യം എന്നും മലയാളികൾക്ക് ആശ്വാസമാണ്. സങ്കടങ്ങളെ സ്നേഹത്തിന്റെ പെരുമഴ കൊണ്ട് അണക്കുന്ന ആ കവിതകളും.

1926 മാർച്ച് 18-നു പാലക്കാട് ജില്ലയിലെ അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയുടെയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനത്തിന്റെയും മകനായി ജനിച്ച അക്കിത്തം ബാല്യത്തിൽ സംസ്‌കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു.

1946- മുതൽ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി അദ്ദേഹം സമുദായ പ്രവർത്തനത്തിലേക്ക് ഇറങ്ങി. പത്രപ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്. 1956 മുതൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ സ്‌ക്രിപ്റ്റ് എഴുത്തുകാരനായി പ്രവർത്തിച്ച അദ്ദേഹം 1975-ൽ ആകാശവാണി തൃശ്ശൂർ നിലയത്തിൽ എഡിറ്ററായി. 1985-ൽ ആകാശവാണിയിൽ നിന്ന് വിരമിച്ചു.

അദ്ദേഹത്തിന്റെ ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എന്ന കൃതിയിൽ നിന്നാണ് ‘വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം’ എന്ന വരികൾ. 1948-49കളിൽ കമ്യൂണിസ്റ്റുകാരുമായി ഉണ്ടായിരുന്ന അടുത്ത സഹവർത്തിത്വമായിരുന്നു ഈ കവിത എഴുതാൻ പ്രചോദനം. ഇ.എം.എസ്. നമ്പൂതിരിപ്പാട് അടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കന്മാരുമായി അടുത്ത ബന്ധമുണ്ടായിരുന്ന അദ്ദേഹം ഈ കവിത പ്രകാശിപ്പിച്ചതിനു പിന്നാലെ ഒരു കമ്യൂണിസ്റ്റ് വിരുദ്ധനായി മുദ്രകുത്തപ്പെട്ടു. കേരളത്തിന്റെ പ്രിയപ്പെട്ട കവിയെ പ്രേക്ഷകർ ശ്രദ്ധിക്കൻ തുടങ്ങിയത് 1950 മുതൽ ആണ്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന തന്റെ കവിതയ്ക്ക് 1952 ലെ സഞ്ജയൻ അവാർഡ് നേടികൊടുത്തു. പിന്നീട് ഈ കവിത ആധുനിക മലയാളം കവിതയുടെ മുതൽകൂട്ടായി.

കവിതകളും ചെറുകഥകളും നാടകങ്ങളും അടക്കം 46 ഓളം കൃതികൾ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു. കേരള സാഹിത്യ അക്കാദമി അവാർഡ് , കേന്ദ്ര സാഹിത്യഅക്കാദമി അവാർഡുകൾക്ക് അർഹനായി. പതിറ്റാണ്ടുകൾ നീണ്ട മലയാള കാവ്യ ജിവിത്തിന് ഒടുവിൽ 2019 ലെ ജ്ഞാനപീഠ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. പുരസ്‌കാരം ഏറ്റുവാങ്ങി ദിവസങ്ങൾ പിന്നിടുമ്പോഴാണ് മലയാളത്തിന്റെ ഇതിഹാസ കവി നമ്മോട് വിട പറയുന്നത്.

Story Highlights Akkitham achuthan namboothiri passed away

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top