നിനക്കുള്ളത്

..
ജയകൃഷ്ണന്‍ പട്ടാമ്പി/കവിത
തിരുവനന്തപുരം സി-ആപ്റ്റില്‍ ഗസ്റ്റ് ലക്ചററാണ് ലേഖകന്‍
നീ ഇപ്പോള്‍ എവിടെയാണെന്നറിയില്ല
എങ്കിലും ഇത് നിനക്കുള്ളതാണ്.
നിനക്ക് മാത്രം വായിക്കാനറിയുന്നതാണ്
തീര്‍ച്ചയായും നിനക്കു മാത്രം മനസിലാവുന്നതുമാണ്.
ഇരുട്ട് വീണ് കുറേ നേരമായിരിക്കുന്നു
പണ്ട് ആ രാത്രിയില്‍ തിരികെ നടക്കുമ്പോള്‍,
നീ പറഞ്ഞിരുന്നില്ലേ വീണ്ടും കാണാമെന്ന്
അതു പോലെ സുഖമുള്ള
നുണയൊന്നും
പിന്നീട് ഞാന്‍ കേട്ടില്ല
അത് ഇരുട്ടിനെ പോലും കാര്‍ന്നു തിന്നുന്നതായിരുന്നു.
പറയാതിരിക്കാനാവുന്നില്ല
ഞാന്‍ നിന്റെ ചുണ്ടുകളെ ഒന്നു ചുംബിക്കാന്‍ ആഗ്രഹിച്ചിരുന്നു
അതിശയം എന്തെന്നാല്‍
അതില്‍ കൂടുതല്‍ ഒന്നും ആഗ്രഹിച്ചിരുന്നുമില്ല
അന്നത് നടക്കാതിരുന്നത് നന്നായി
ഒരു പക്ഷെ അത് തീവ്രമായി നിന്നെയുമെന്നെയും വരിഞ്ഞു മുറുക്കിയേനെ.
വിരിഞ്ഞ പൂവിനേക്കാള്‍ മനോഹാരിത അത് വിരിയുന്നതിന്
മുന്‍പുള്ള നിമിഷങ്ങള്‍ക്കാവണം.
പ്രിയപ്പെട്ടവളെ എന്റെ തോന്നലുകള്‍
എന്റെ ആവേഗങ്ങള്‍
എല്ലാം നാളേക്കു നിലയ്ക്കും
നിനക്കേറെ ഇഷ്ടമുള്ള ഡിസംബറിലെ പ്രഭാതത്തെക്കാള്‍
എന്റെ വരികള്‍ തണുക്കും
അവയെ നീ നിന്റെ കുഞ്ഞുങ്ങളെപ്പോല്‍ നെഞ്ചേറ്റുക,
ചേര്‍ത്തുറക്കുക.
നിലയ്ക്കുന്നതിനു മുന്നെ ഞാന്‍ നിന്നെ വിളിക്കും
കാറ്റിലലിഞ്ഞ നിന്റെ പേരിനെ നീ വന്നെടുത്തു കൊള്‍ക
ഓര്‍മകളില്‍ എന്റെ കറുത്ത ചുണ്ടുകള്‍ തണുക്കുമ്പോള്‍
നീ ചുംബിച്ചു ചൂടേറ്റുക.
അത്രമാത്രം മതി
അതില്‍ കൂടുതലൊന്നും ഞാന്‍ ആഗ്രഹിച്ചിരുന്നില്ലല്ലോ.
അറിയുക എന്റെ സ്‌നേഹമേ
ഞാന്‍ എഴുതിയ തീ
നീ തന്നെയാണ്
ഞാന്‍ കണ്ടുമുട്ടിയ
വിപ്ലവത്തിന്
നിന്റെയും മുഖമുണ്ട്…
DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.
Story Highlights – ninakullath poem
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here