ഐപിഎൽ മാച്ച് 31: പഞ്ചാബിന് ഇന്ന് ജീവന്മരണ പോരാട്ടം; ഗെയിൽ ഇറങ്ങിയേക്കും

ഇന്ത്യൻ പ്രീമിയർ ലീഗ് 13ആം സീസണിലെ 31ആം മത്സരത്തിൽ ഇന്ന് കിംഗ്സ് ഇലവൻ പഞ്ചാബ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള പഞ്ചാബിന് ഇത് ജീവന്മരണ പോരാട്ടമാണ്. 7 മത്സരങ്ങൾ കളിച്ച അവർക്ക് ഒരു മത്സരത്തിൽ മാത്രമാണ് വിജയിക്കാനായത്. ആ വിജയം ബാംഗ്ലൂരിനെതിരെ ആയിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് ആ തോൽവിക്ക് പകരം വീട്ടാനാവും ബാംഗ്ലൂർ ഇറങ്ങുക. ഷാർജയിൽ ഇന്ത്യൻ സമയം രാത്രി 7.30 നാണ് മത്സരം.
ഷാർജയിലെ ബാറ്റിംഗ് ഫ്രണ്ട്‌ലി സാഹചര്യങ്ങൾ മാറിവരുന്നുണ്ടെന്നാണ് കഴിഞ്ഞ മത്സരങ്ങൾ തെളിയിക്കുന്നത്. സിക്സറുകൾ അടിക്കാൻ എളുപ്പമുള്ള ഗ്രൗണ്ട് എന്ന വിശേഷണം ഷാർജ തിരുത്തുകയാണ്. 33, 29, 28, 21, 17, 10 എന്നിങ്ങനെയാണ് യഥാക്രമം ഷാർജയിൽ നടന്ന ഐപിഎൽ മത്സരങ്ങളിൽ പിറന്ന സിക്സറുകളുടെ എണ്ണം. പിച്ച് സ്ലോ ആയി വരുന്നതു കൊണ്ട് തന്നെ സ്പിന്നർമാർക്ക് വലിയ റോൾ ഇന്നത്തെ മത്സരത്തിൽ ഉണ്ടാവും. പേസർമാരും വേരിയേഷനിൽ ശ്രദ്ധിക്കേണ്ടി വരും. ഇരു ടീമുകളിലും ക്വാളിറ്റി സ്പിന്നർമാർ ഉണ്ടെങ്കിലും ചഹാലും വാഷിംഗ്ടൺ സുന്ദറും അടങ്ങുന്ന സ്പിൻ ഡിപ്പാർട്ട്മെൻ്റ് ആർസിബിക്ക് നേരിയ മുൻതൂക്കം നൽകുന്നുണ്ട്. ക്രിസ് മോറിസിൻ്റെ വേരിയേഷനുകളും നിർണായകമാവും. ആരോൺ ഫിഞ്ചിൻ്റെ ഫോം ഒരു പ്രശ്നമാണ്. ഫിഞ്ച് മാറി ജോഷ് ഫിലിപ്പെയെ പരീക്ഷിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഷാർജയിൽ തന്നെ നടന്ന കഴിഞ്ഞ മത്സരത്തിൽ ഒരു എക്സ്ട്ര ബൗളറെ കളിപ്പിക്കാനുള്ള നീക്കം വിജയിച്ചതുകൊണ്ട് തന്നെ ബൗളിംഗ് ഡിപ്പാർട്ട്മെൻ്റ് മാറാനിടയില്ല.
കിംഗ്സ് ഇലവൻ പഞ്ചാബിലേക്ക് ക്രിസ് ഗെയിൽ തിരികെ എത്താൻ ഇന്ന് നല്ല സാധ്യതയുണ്ട്. ഭക്ഷ്യവിഷബാധ ഏറ്റതുകൊണ്ട് മാത്രമാണ് അദ്ദേഹം കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്നതെന്ന് ടീം പരിശീലകൻ അനിൽ കുംബ്ലെ വ്യക്തമാക്കിയിരുന്നു. തൻ്റെ അസുഖം മാറിയെന്ന് ഗെയിൽ അറിയിച്ചതിനാൽ അദ്ദേഹം ഇന്ന് കളിച്ചേക്കും. ഗെയിൽ എത്തുമ്പോൾ ആരു പുറത്തിരിക്കുമെന്നതാണ് നിർണായകം. മുജീബ് റഹ്മാൻ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മോശം പ്രകടനം ആയിരുന്നതുകൊണ്ട് അദ്ദേഹം തന്നെ പുറത്തായേക്കും. സ്പിൻ ബൗളർമാരെ തുണയ്ക്കുന്ന പിച്ച് ആയതിനാൽ മുജീബിനെ കളിപ്പിക്കാൻ തീരുമാനിച്ചാൽ മാക്സ്‌വൽ തന്നെ പുറത്താവും. മുജീബിനു പകരംഗെയിൽ, പ്രഭ്സിമ്രാനു പകരം മുരുഗൻ അശ്വിൻ എന്നീ മാറ്റങ്ങൾക്കും സാധ്യതയുണ്ട്.
Story Highlights – kings xi punjab vs royal challengers bangalore preview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here