ഐപിഎൽ മാച്ച് 32: പുതിയ നായകനു കീഴിൽ കൊൽക്കത്ത; ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ മുംബൈ

ഇന്ത്യൻ പ്രീമിയർ ലീഗ് 13ആം സീസണിലെ 32ആം മത്സരത്തിൽ ഇന്ന് മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. പുതിയ നായകനായ ഓയിൻ മോർഗനു കീഴിലാണ് കൊൽക്കത്ത ഇന്ന് ഇറങ്ങുക. അതേസമയം, ഇന്നത്തെ മത്സരത്തിൽ വിജയിച്ച് പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനാവും മുംബൈയുടെ ശ്രമം. അബുദാബിയിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം.
Read Also : കൊൽക്കത്തയിൽ ‘തലമാറ്റം’: കാർത്തിക് സ്ഥാനമൊഴിഞ്ഞു; ഇനി മോർഗൻ നയിക്കും
മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ പറയത്തക്ക പ്രശ്നങ്ങളില്ല. ക്വിൻ്റൺ ഡികോക്ക് ഫോമിലേക്ക് തിരികെയെത്തിയത് അവർക്ക് വലിയ പ്ലസ് പോയിൻ്റാണ്. രോഹിത് ശർമ്മ ഫോമിലല്ലെങ്കിൽ പോലും ഓരോ കളിയും ഓരോ മാച്ച് വിന്നർമാർ മുംബൈക്ക് ഉണ്ടാവുന്നുണ്ട്. ഒരാളെ മാത്രം ആശ്രയിക്കാതെ ടീം എന്ന നിലയിൽ ഒത്തിണക്കം കാണിക്കുന്നത് മറ്റ് ടീമുകൾക്കാണ് ഭീഷണി. ജെയിംസ് പാറ്റിൻസൺ മാനേജ്മെൻ്റിൻ്റെ പ്രീതി പിടിച്ചു പറ്റിയതിനാൽ നതാൻ കോൾട്ടർനൈലും മിച്ചൽ മക്ലാനഗനും ബെഞ്ചിൽ തന്നെ തുടരും. ബുംറ ഫോമിലേക്ക് തിരികെയെത്തുന്നതിൻ്റെ മിന്നലാട്ടങ്ങൾ കാണിക്കുന്നുണ്ട് എന്നതും മുംബൈക്ക് ആശ്വാസമാണ്. രാഹുൽ ചഹാർ, കൃണാൽ പാണ്ഡ്യ എന്നീ സ്പിന്നർമാർ കഴിഞ്ഞ സീസണുകളിലേതു പോലെ ലീതൽ ആവുന്നില്ലെങ്കിലും ശക്തമായ പേസ് അറ്റാക്ക് അതിനെ മറച്ചുപിടിക്കുന്നുണ്ട്. ടീം ഇലവനിൽ മാറ്റം ഉണ്ടാവാനിടയില്ല.
ദിനേശ് കാർത്തികിനു പകരം ഓയിൻ മോർഗൻ ക്യാപ്റ്റനായി എന്നതാണ് കൊൽക്കത്ത ക്യാമ്പിലെ പുതുമ. കഴിഞ്ഞ മത്സരത്തിൽ അരങ്ങേറീ പരാജയപ്പെട്ട ടോം ബാൻ്റണ് ഒരു അവസരം കൂടി നൽകുമോ എന്നത് ചോദ്യ ചിഹ്നമായി അവശേഷിക്കുകയാണ്. കഴിഞ്ഞ മത്സരത്തിൽ അഞ്ച് ബൗളിംഗ് ഓപ്ഷനുമായി ഇറങ്ങിയ കൊൽക്കത്ത തീർത്തും പരാജയമായത് ആറാം ബൗളിംഗ് ഓപ്ഷനെ കൂടി ഉൾപ്പെടുത്താൻ മാനേജ്മെൻ്റിനെ പ്രേരിപ്പിച്ചേക്കും. അങ്ങനെയെങ്കിൽ ബാൻ്റണു പകരം ലോക്കി ഫെർഗൂസൻ കളിക്കും. ബാൻ്റൺ ഓപ്പൺ ചെയ്യുമ്പോൾ മികച്ച ഓപ്പണറും ടോപ്പ് ഓർഡറിൽ കഴിവ് തെളിയിച്ച താരവുമായ ത്രിപാഠി ഏഴാം നമ്പറിലേക്കിറങ്ങുന്നതും കൊൽക്കത്തയ്ക്ക് തിരിച്ചടിയാണ്. അതുകൊണ്ട് തന്നെ ബാൻ്റൺ ഇന്ന് പുറത്തിരുന്നേക്കും. പാറ്റ് കമ്മിൻസ് പവർ പ്ലേയിൽ മാത്രം ഉപയോഗിക്കാവുന്ന ബൗളറായി ചുരുങ്ങുന്നത് കനത്ത തിരിച്ചടിയാണ്. എങ്കിലും താരം ഇന്നും തുടരും.
Story Highlights – mumbai indians vs kolkata knight riders preview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here