ഡികോക്കിനു ഫിഫ്റ്റി; അനായാസം മുംബൈ: പോയിന്റ് ടേബിളിൽ ഒന്നാമത്

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് അനായാസ ജയം. 149 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ 2 വിക്കറ്റ് നഷ്ടത്തിൽ 19 പന്തുകൾ ബാക്കി നിൽക്കെ ജയം കുറിച്ചു. ജയത്തോടെ മുംബൈ പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്തി. 78 റൺസെടുത്ത് പുറത്താവാതെ നിന്ന ക്വിൻ്റൺ ഡികോക്ക് ആണ് മുംബൈയുടെ ടോപ്പ് സ്കോറർ. രോഹിത് ശർമ്മ 35 റൺസെടുത്തു.
ഗംഭീരമായാണ് മുംബൈ തുടങ്ങിയത്. രോഹിത് ശർമ്മയും ക്വിൻ്റൺ ഡികോക്കും ചേർന്ന് മുംബൈക്ക് മികച്ച തുടക്കം നൽകി. രോഹിത് ആങ്കറുടെ റോൾ എടുത്തപ്പോൾ ഡികോക്ക് ബൗളർമാരെ നാലു പാടും പായിച്ചു. വെറും 25 പന്തുകളിൽ ഡികോക്ക് ഫിഫ്റ്റി തികച്ചു. കൂട്ടുകെട്ട് സുഗമമായി മുന്നോട്ട് പോകുന്നതിനിടെ 11ആം ഓവറിൽ ആദ്യ വിക്കറ്റ് വീണു. ഇന്നിംഗ്സിലെ ആദ്യ ഓവർ എറിയാനെത്തിയ ശിവം മവിയാണ് രോഹിതിനെ പുറത്താക്കി കൊൽക്കത്തയ്ക്ക് ആദ്യ ബ്രേക്ക്ത്രൂ സമ്മാനിച്ചത്. പുറത്താവുമ്പോൾ 35 റൺസെടുത്തിരുന്ന രോഹിത് ഡികോക്കുമായി 94 റൺസിൻ്റെ കൂട്ടുകെട്ടിലും പങ്കാളിയായിരുന്നു.
രോഹിത് പുറത്തായതിനു പിന്നാലെ എത്തിയ സൂര്യകുമാർ യാദവും മടങ്ങി. 10 റൺസെടുത്ത സൂര്യ വരുൺ ചക്രവർത്തിയുടെ പന്തിൽ പ്ലെയ്ഡ് ഓൺ ആവുകയായിരുന്നു.
മൂന്നാം വിക്കറ്റിൽ ക്രീസിലെത്തിയ ഹർദ്ദിക് പാണ്ഡ്യ ചില കൂറ്റൻ ഷോട്ടുകൾ ഉതിർത്തു. ഇരുവരും ചേർന്ന് 16ആം ഓവറിലെ അഞ്ചാം പന്തിൽ മുംബൈക്ക് അനായാസ ജയം സമ്മാനിക്കുകയായിരുന്നു. പാണ്ഡ്യ (10 പന്തിൽ 20), ഡികോക്ക് (44 പന്തിൽ 78) എന്നിവർ പുറത്താവാതെ നിന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് അപരാജിതമായ 38 റൺസിൻ്റെ കൂട്ടുകെട്ടും യർത്തി.
Story Highlights – mumbai indians won against kolkata knight riders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here