കൊച്ചി വാട്ടര്‍ മെട്രോ പുതുവര്‍ഷത്തില്‍ യാത്ര തുടങ്ങും

ജനുവരിയില്‍ ആദ്യ യാത്ര ലക്ഷ്യമിട്ട് കൊച്ചി വാട്ടര്‍ മെട്രോയുടെ നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. കൊച്ചി മെട്രോ റെയില്‍ ആണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വൈറ്റില, കാക്കനാട്, ഹൈക്കോടതി ജംഗ്ഷന്‍, വൈപ്പിന്‍, ചേരാനല്ലൂര്‍, ഏലൂര്‍ എന്നിവിങ്ങളിലെ ടെര്‍മിനലുകളുടെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. ബോള്‍ഗാട്ടി, ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, കടമക്കുടി, പാലിയം തുരുത്ത്, ചേരാനല്ലൂര്‍, സൗത്ത് ചിറ്റൂര്‍, മുളവുകാട് നോര്‍ത്ത്, എറണാകുളം ഫെറി എന്നിവിടങ്ങളിലെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി.

കൊച്ചി മെട്രോ റെയിലിന്റെ സ്റ്റേഷനുകള്‍ക്ക് സമാനമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ടെര്‍മിനലുകളാണ് വാട്ടര്‍ മെട്രോയ്ക്കും നിര്‍മിക്കുന്നത്. ടിക്കറ്റിംഗ് സൗകര്യങ്ങളും പ്രവേശന ക്രമീകരണങ്ങളും ഇതിനു സമാനമായിരിക്കും. ഭിന്നശേഷിക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ യാത്ര ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കും. ജലനിരപ്പിന് അനുസരിച്ച് വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന രീതിയിലാണ് ബോട്ട് ജെട്ടികളുടെ നിര്‍മാണം. ഇത് വേലിയേറ്റ വേലിയിറക്ക സമയത്തെ ബോട്ടിലേക്കുള്ള പ്രവേശന ബുദ്ധിമുട്ട് ഒഴിവാക്കും. മൂന്ന് വീല്‍ചെയറുകള്‍വരെ ഒരേസമയം കയറ്റാവുന്ന രീതിയിലാണ് ബോട്ടുകളുടെ നിര്‍മാണം.

ആദ്യ ബോട്ട് കൊച്ചി കപ്പല്‍ശാല ഡിസംബറില്‍ നിര്‍മിച്ച് നല്‍കും. 100 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോട്ടാണിത്. അടുത്ത നാല് ബോട്ടുകള്‍ മാര്‍ച്ച് മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കി കൈമാറും. 100 പേര്‍ക്ക് യാത്ര ചെയ്യാവുന്ന 23 ബോട്ടുകളും 50 പേര്‍ക്ക് യാത്ര ചെയ്യാവുന്ന 55 ബോട്ടുകളും സര്‍വീസ് നടത്തും. അലുമിനിയമാണ് ബോഡി നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഒരേസമയം എട്ട് ബോട്ടുകള്‍വരെ റിപ്പയര്‍ ചെയ്യാവുന്ന ബോട്ട്യാഡ് കിന്‍ഫ്രയിലാണ് സ്ഥാപിക്കുന്നത്. നിര്‍മാണ പ്രവൃത്തികള്‍ക്കാവശ്യമായ സര്‍ക്കാര്‍ ഭൂമി ലഭ്യമാക്കി. സ്വകാര്യ ഭൂമിയുടെ ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്.

78.6 കിലോമീറ്ററില്‍ 15 റൂട്ടുകളിലാണ് വാട്ടര്‍ മെട്രോ സര്‍വീസ് നടത്തുക. വൈപ്പിന്‍, വെല്ലിംഗ്ടണ്‍, ഇടക്കൊച്ചി, കുമ്പളം, നെട്ടൂര്‍, വൈറ്റില, ഏലൂര്‍, കാക്കനാട്, ബോള്‍ഗാട്ടി, മുളവ്കാട് തുടങ്ങിയ ദ്വീപ് നിവാസികളുടെ യാത്ര പ്രശ്നങ്ങള്‍ക്ക് വാട്ടര്‍ മെട്രോ പരിഹാരമാവും. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെക്കൂടി ബന്ധിപ്പിച്ചാണ് വാട്ടര്‍ മെട്രോ സര്‍വീസ് നടത്തുക. ടൂറിസം വികസനത്തിനും ഇത് പ്രയോജനപ്പെടും. 15 വ്യത്യസ്ത പാതകളിലായി 38 സ്റ്റേഷനുകളാണ് ഉള്ളത്. 678 കോടി മുതല്‍ മുടക്കിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. തുടക്കത്തില്‍ ഒരു ബോട്ട് സര്‍വീസ് നടത്തുകയും ഘട്ടംഘട്ടമായി കൂടുതല്‍ ബോട്ടുകള്‍ ഉപയോഗിക്കാനുമാണ് ഉദ്ദേശിക്കുന്നത്.

Story Highlights Kochi Water Metro will start its journey in the new year

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top