കാർത്തികിന്റെയും മോർഗന്റെയും ക്ലിനിക്കൽ ഫിനിഷ്; സൺറൈസേഴ്സ് ഹൈദരാബാദിന് 164 റൺസ് വിജയലക്ഷ്യം

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 164 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് 163 റൺസ് നേടിയത്. 36 റൺസ് നേടിയ ശുഭ്മൻ ഗിൽ ആണ് കൊൽക്കത്തയുടെ ടോപ്പ് സ്കോറർ. മോർഗൻ 34 റൺസ് നേടി. സൺറൈസേഴ്സിനായി നടരാജൻ 2 വിക്കറ്റ് വീഴ്ത്തി.
ഭേദപ്പെട്ട തുടക്കമാണ് കൊൽക്കത്തയ്ക്ക് ലഭിച്ചത്. ഓപ്പണർമാരായ ശുഭ്മൻ ഗില്ലും രാഹുൽ ത്രിപാഠിയും ചേർന്ന് മികച്ച ചില ഷോട്ടുകൾ ഉതിർത്തു. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 48 റൺസാണ് കൂട്ടിച്ചേർത്തത്. രാഹുൽ ത്രിപാഠി (23) പുറത്തായതോടെ ഈ കൂട്ടുകെട്ട് തകർന്നു. ത്രിപാഠിയെ ടി നടരാജൻ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. മൂന്നാം നമ്പറിൽ ക്രീസിലെത്തിയ നിതീഷ് റാണ ഉജ്ജ്വല ഫോമിലായിരുന്നു. വേഗത്തിൽ സ്കോർ ചെയ്ത റാണ സൺറൈസേഴ്സിലെ സമ്മർദ്ദത്തിലാക്കി. ഇതിനിടെ ശുഭ്മൻ ഗിൽ പുറത്തായി. 36 റൺസെടുത്ത ഗില്ലിനെ റാഷിദ് ഖാൻ്റെ പന്തിൽ പ്രിയം ഗാർഗ് ഒന്നാംതരമായി പിടികൂടുകയായിരുന്നു. തൊട്ടുപിന്നാലെ റാണയും (29) പുറത്തായി. റാണയെ വിജയ് ശങ്കർ ഗാർഗിൻ്റെ കൈകളിൽ എത്തിച്ചു. ആന്ദ്രേ റസലിനും (9) ഒരുപാട് ആയുസുണ്ടായില്ല. റസലിനെ നടരാജൻ്റെ പന്തിൽ വിജയ് ശങ്കർ പിടികൂടി.
അഞ്ചാം വിക്കറ്റിൽ ദിനേശ് കാർത്തിക്, ഓയിൻ മോർഗൻ സഖ്യം നടത്തിയ ചില കൂറ്റനടികളാണ് കൊൽക്കത്തയെ മികച്ച സ്കോറിലേക്ക് നയിച്ചത്. മലയാളി താരം ബേസിൽ തമ്പി എറിഞ്ഞ അവസാന ഓവറിൽ 16 റൺസാണ് മോർഗൻ അടിച്ചുകൂട്ടിയത്. അഞ്ചാം വിക്കറ്റിൽ മോർഗനും കാർത്തികും ചേർന്ന് 58 റൺസിൻ്റെ കൂട്ടുകെട്ടും ഉയർത്തി. ഇന്നിംഗ്സിൻ്റെ അവസാന പന്തിൽ മോർഗൻ (34) മനീഷ് പാണ്ഡെയ്ക്ക് പിടികൊടുത്ത് പുറത്തായി. ദിനേശ് കാർത്തിക് (29) പുറത്താവാതെ നിന്നു.
Story Highlights – sunrisers hyderabad vs kolkata knight riders first innings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here