കളമശേരി മെഡിക്കൽ കോളജിൽ കൊവിഡ് രോഗി മരിച്ച സംഭവം: നഴ്‌സിംഗ് ഓഫിസർക്ക് സസ്‌പെൻഷൻ

കളമശേരി മെഡിക്കൽ കോളജിൽ കൊവിഡ് രോഗി മരിച്ച സംഭവത്തിൽ നഴ്‌സിംഗ് ഓഫിസർക്ക് സസ്‌പെൻഷൻ. ആരോഗ്യ മന്ത്രി കെ കെ ശൈലജയുടേതാണ് നടപടി. എറണാകുളം മെഡിക്കൽ കോളജിലുണ്ടായ ചികിത്സാ വീഴ്ചയിൽ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വിദ്യാഭ്യാസ ഡയറക്ടർക്കാണ് അന്വേഷണ ചുമതല. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് അന്വേഷിച്ച് എത്രയും വേഗം റിപ്പോർട്ട് നൽകാനാണ് മന്ത്രി ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് നഴ്‌സിംഗ് ഓഫിസറെ സസ്‌പെൻഡ് ചെയ്തത്.
മെഡിക്കൽ കോളജിൽ കൊവിഡ് രോഗി മരിച്ചത് ചികിത്സാ വീഴ്ച മൂലമാണെന്ന് നഴ്‌സിംഗ് ഓഫിസർ വെളിപ്പെടുത്തുന്ന ടെലിഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. ഫോർട്ടുകൊച്ചി സ്വദേശി സി.കെ ഹാരിസിന്റെ മരണം ഓക്‌സിജൻ ലഭിക്കാതെയാണെന്ന് സംഭാഷണത്തിൽ പറയുന്നുണ്ട്. വെന്റിലേറ്റർ ട്യൂബുകൾ മാറി കിടന്നത് ശ്രദ്ധിക്കാത്തതാണ് മരണകാരണം. രോഗിയെ വെന്റിലേറ്ററിൽ നിന്ന് വാർഡിലേക്ക് മാറ്റാൻ സാധിക്കാമായിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചതെന്നും സംഭാഷണത്തിൽ വ്യക്തമാക്കുന്നു.
പല രോഗികളുടേയും ഓക്‌സിജൻ മാസ്‌ക് പോലും ശരിയായിട്ടല്ല വയ്ക്കുന്നത്. ചെറിയ വീഴ്ച കൊണ്ട് പല രോഗികളും മരിച്ചിട്ടുണ്ട്. ഡോക്ടർമാർ സംരക്ഷിച്ചതുകൊണ്ടാണ് നടപടിയുണ്ടാകാതിരുന്നത്. ഇതിന് മുൻപും ചികിത്സാ പിഴവുണ്ടായിട്ടുണ്ടെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്.
Story Highlights – kalamassery medical college
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here