ഹത്റാസ് കുറ്റാരോപിതരിൽ ഒരാൾക്ക് പ്രായപൂർത്തി ആയിട്ടില്ലെന്ന് സിബിഐ കണ്ടെത്തിയതായി റിപ്പോർട്ട്

ഹത്റാസിൽ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ നാലു പേരിൽ ഒരാൾക്ക് പ്രായപൂർത്തി ആയിട്ടില്ലെന്ന് സിബിഐ കണ്ടെത്തിയതായി റിപ്പോർട്ട്. സിബിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡെ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സ്കൂൾ റെക്കോർഡുകൾ പ്രകാരം പ്രതികളിൽ ഒരാൾ മൈനറാണെന്നാണ് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നത്.
Read Also : ഹത്റാസ് പെൺകുട്ടിയുടെ സഹോദരങ്ങളുടെ മൊഴി സിബിഐ ഇന്നും രേഖപ്പെടുത്തും
കേസ് അന്വേഷിക്കുന്ന സിബിഐ സംഘം കഴിഞ്ഞ ദിവസം ഇയാളുടെ വീട് പരിശോധിച്ചിരുന്നു. കുടുംബാംഗങ്ങളെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥർ പ്രതിയുടെ മറ്റ് വിവരങ്ങളും പരിശോധിച്ചു. ഇതിൽ നിന്ന് കുറ്റാരോപിതൻ്റെ ഒരു പരീക്ഷാ മാർക്ക് ലിസ്റ്റ് ലഭിച്ചു. ത്തർപ്രദേശിലെ ബോർഡ് ഓഫ് ഹൈസ്കൂൾ ആൻഡ് ഇന്റർമീഡിയറ്റ് എജുക്കേഷൻ നടത്തിയ 2018ലെ ഹൈസ്കൂൾ പരീക്ഷയുടെ മാർക്ക്ലിസ്റ്റാണ് ലഭിച്ചത്. ഇതിൽ കുറ്റാരോപിതൻ്റെ ജനന തീയതി 2/ 12/ 2002 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മകൻ മൈനറാണെന്നും ഈ മാർക്ക്ഷീറ്റും തൻ്റെ മക്കളിൽ മുതിർന്ന ഒരാളുടെ വസ്ത്രങ്ങളും സിബിഐ കൊണ്ടുപോയെന്നും കുറ്റാരോപിതൻ്റെ മാതാവ് പറഞ്ഞു എന്നും ഇന്ത്യാ ടുഡെ പറയുന്നു.
ഹത്റാസ് കേസിലെ നാല് കുറ്റാരോപിതരും നിലവിൽ അലിഗഢ് ജയിലിൽ തടവിലാണ്.
സെപ്റ്റംബർ 14നാണ് പത്തൊമ്പതുകാരിയായ പെൺകുട്ടിയെ മേൽജാതിക്കാരായ നാലു പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. സെപ്തംബർ 29ന് പെൺകുട്ടി ഡൽഹിയിലെ സഫ്ദർദംഗ് ആശുപത്രിയിൽ വച്ച് മരണപ്പെടുകയും ചെയ്തു. പെൺകുട്ടിയുടെ മൃതദേഹം തിടുക്കപ്പെട്ട് പൊലീസ് ബന്ധുക്കളുടെ സമ്മതമില്ലാതെ കത്തിച്ചിരുന്നു. ഇത് വിവാദങ്ങൾക്ക് ഇടയാക്കി. പിന്നീട് പ്രതിപക്ഷ നേതാക്കൾ പെൺകുട്ടിയുടെ വീട്ടിലേക്ക് ചെല്ലുന്നതും അധികൃതർ തടഞ്ഞിരുന്നു. കൂടാതെ തങ്ങൾക്ക് അവിടെയുള്ള അധികാരികളിൽ നിന്ന് തന്നെ ഭീഷണിയുണ്ടെന്നും പെൺകുട്ടിയുടെ കുടുംബം വെളിപ്പെടുത്തി.
സംഭവം ദേശീയതലത്തിൽ വിവാദമായതോടെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേസിൽ സിബിഐ അന്വേഷണത്തിന് വിടുന്നതായി പ്രഖ്യാപിച്ചത്. ഇതിന് തുടർച്ചയായാണ് കേസ് സിബിഐ അന്വേഷണം ഏറ്റെടുത്തത്.
Story Highlights – CBI finds one Hathras case accused a minor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here