ഐപിഎൽ മാച്ച് 38: ഇന്ന് കിംഗ്സ് ഇലവന് ഡൽഹി പരീക്ഷ

kxip dc ipl preview

ഇന്ത്യൻ പ്രീമിയർ ലീഗ് 13ആം സീസണിലെ 38ആം മത്സരത്തിൽ ഇന്ന് കിംഗ്സ് ഇലവൻ പഞ്ചാബ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ആദ്യ പാദത്തിലെ മോശം റിസൽട്ടുകൾക്കൊടുവിൽ തുടർച്ചയായ രണ്ട് മത്സരങ്ങളിൽ വിജയിച്ചതിൻ്റെ ആത്മവിശ്വാസത്തിലാണ് പഞ്ചാബ് ഇറങ്ങുക. അതേസമയം, ടൂർണമെൻ്റിലെ ഏറ്റവും ബാലൻസ്ഡ് ആയ ഇലവനുമായി കളത്തിലിറങ്ങുന്ന ഡൽഹി പോയിൻ്റ് ടേബിളിലെ ഒന്നാം സ്ഥാനം കൊണ്ട് ആ വിശേഷണത്തെ സാധൂകരിക്കുന്നുമുണ്ട്. ഇന്ത്യൻ സമയം രാത്രി 7.30ന് ദുബായിലാണ് മത്സരം.

Read Also : ചെന്നൈക്കും ജയത്തിനുമിടയിൽ ബട്‌ലറുടെ തകർപ്പൻ ഇന്നിംഗ്സ്; രാജസ്ഥാന് 7 വിക്കറ്റ് ജയം

മുൻപ് മികച്ച കളി കെട്ടഴിച്ചപ്പോഴും ബാറ്റ്സ്മാന്മാരുടെ പിടിപ്പുകേടാണ് പഞ്ചാബിനെ പരാജയപ്പെടുത്തിക്കൊണ്ടിരുന്നത്. ക്രിസ് ഗെയിലെന്ന മാച്ച് വിന്നറെ ബെഞ്ചിലിരുത്തിയുള്ള പരീക്ഷണങ്ങൾ തുടർച്ചയായി പരാജയപ്പെട്ട അവസരത്തിലാണ് രണ്ട് മത്സരങ്ങൾക്കു മുൻപ് അദ്ദേഹം ടീമിലെത്തുന്നത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ് എന്നീ കരുത്തരായ രണ്ട് ടീമുകളെ കെട്ടുകെട്ടിച്ചാണ് ഗെയിൽ അതിനു മറുപടി നൽകുന്നത്. ബാംഗ്ലൂരിനെതിരെ ഫിഫ്റ്റിയുമായി തിളങ്ങിയപ്പോൾ ഡബിൾ സൂപ്പർ ഓവർ കണ്ട മത്സരത്തിലെ രണ്ടാം സൂപ്പർ ഓവറിലെ ആദ്യ പന്ത് തന്നെ അതിർത്തിക്കപ്പുറം പറത്തി ഗെയിൽ പഞ്ചാബിന് കിക്ക്സ്റ്റാർട്ട് നൽകി. അതുകൊണ്ട് തന്നെ ഇന്ന് പഞ്ചാബ് മാനസികമായി കരുത്തരായിരിക്കും. ഗ്ലെൻ മാക്സ്‌വൽ ബാറ്റു കൊണ്ട് അമ്പേ പരാജയമാണെങ്കിലും തെറ്റില്ലാത്ത നാല് ഓവർ അദ്ദേഹം പഞ്ചാബിനു സമ്മാനിക്കുന്നുണ്ട്. പവർപ്ലേയിൽ പോലും അദ്ദേഹം പന്തെറിയുന്നുമുണ്ട്. അതുകൊണ്ട് തന്നെ മാക്സ്‌വൽ ടീമിൽ തുടർന്നേക്കും. ക്രിസ് ജോർഡൻ ഫോമിലേക്ക് തിരികെ എത്തിയതും മുഹമ്മദ് ഷമി മുംബൈക്കെതിരെ സൂപ്പർ ഓവറിൽ നടത്തിയ പ്രകടനവും കിംഗ്സ് ഇലവൻ്റെ ഡെത്ത് ഓവർ തലവേദന ഒരു പരിധി വരെ കുറയ്ക്കുന്നുണ്ട്. അർഷ്ദീപ് സിംഗിൻ്റെ വിക്കറ്റ് ദാഹവും പോസിറ്റീവാണ്. രവി ബിഷ്ണോയ്, മുരുഗൻ അശ്വിൻ എന്നീ സ്പിന്നർമാരും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ടീമിൽ മാറ്റങ്ങൾ ഉണ്ടാവാൻ ഇടയില്ല.

Read Also : യുവതാരങ്ങൾക്ക് ഊർജ്ജസ്വലത ഇല്ലെന്ന് ധോണി; സമൂഹമാധ്യമങ്ങളിൽ വിവാദം

റിക്കി പോണ്ടിംഗ് എന്ന ക്രിക്കറ്റ് ബ്രെയിൻ ആണ് ഡൽഹി ക്യാപിറ്റൽസിൻ്റെ ആദ്യ പ്ലസ് പോയിൻ്റ്. അതിനൊപ്പം ശ്രേയാസ് അയ്യർ എന്ന ഈ സീസണിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ കൂടി ചേരുമ്പോൾ ഡൽഹി കളത്തിൽ ഇറങ്ങും മുൻപ് തന്നെ ഒരു മുൻതൂക്കം നേടുന്നുണ്ട്. ശിഖർ ധവാൻ്റെ റെഡ് ഹോട്ട് ഫോം ഡൽഹിയുടെ മറ്റൊരു പ്ലസ് പോയിൻ്റാണ്. സ്ട്രൈക്ക് റേറ്റിൻ്റെ പേരിൽ ആദ്യ മത്സരങ്ങളിൽ പഴികേട്ട ഗബ്ബാർ അത് പരിഹരിച്ചു എന്ന്, കഴിഞ്ഞ മത്സരത്തിൽ ചെന്നൈക്കെതിരെ സെഞ്ചുറി അടിച്ച് ടീമിനെ വിജയിപ്പിക്കുകയും ചെയ്തു. പരുക്കേറ്റ് പുറത്തായിരുന്ന ഋഷഭ് പന്ത് തിരികെ എത്തിയേക്കും. അങ്ങനെയെങ്കിൽ അലക്സ് കാരിയും അജിങ്ക്യ രഹാനെയും പുറത്തായി പന്തും ഹെട്‌മെയറും തിരികെ എത്തും. പൃഥ്വി ഷാ, ശ്രേയാസ് അയ്യർ, ഋഷഭ് പന്ത്, ശിഖർ ധവാൻ എന്നീ ഇന്ത്യൻ റിച്ച് ടോപ്പ് ഓർഡറിനൊപ്പം മാർക്കസ് സ്റ്റോയിനിസ്, ഷിംറോൺ ഹെട്‌മെയർ എന്നീ മധ്യനിര താരങ്ങൾ കൂടി ചേരുമ്പോൾ ഡൽഹി ബാറ്റിംഗ് ആഴവും കരുത്തും ഉള്ളതാവുന്നു. ആൻറിച് നോർക്കിയ, കഗീസോ റബാഡ, തുഷാർ ദേശ്പാണ്ഡെ എന്നിവരടങ്ങുന്ന പേസ് ബാറ്ററിയും അക്സർ പട്ടേൽ, ആർ അശ്വിൻ എന്നിവരടങ്ങുന്ന സ്പിൻ ദ്വയവും മികച്ച് നിൽക്കുകയാണ്.

Story Highlights delhi capitals vs kings xi punjab preview

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top