കളമശേരി മെഡിക്കല്‍ കോളജിലെ കൊവിഡ് മരണങ്ങള്‍; അന്വേഷണത്തിന് പുറത്ത് നിന്നുള്ള വിദഗ്ധ സംഘത്തെ നിയോഗിക്കണം; ശുപാര്‍ശയുമായി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍

എറണാകുളം കളമശേരി മെഡിക്കല്‍ കോളജിലെ അനാസ്ഥ വിദഗ്ധ സമിതി അന്വേഷിക്കണമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍. ഇതിനായി ആശുപത്രിക്ക് പുറത്തുനിന്നുളള വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്ന് ഡിഎംഇ സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. കളമശേരി മെഡിക്കല്‍ കോളജിനെതിരെ ആരോപണങ്ങള്‍ വ്യാപകമാവുകയും പരാതികളുമായി കൂടുതല്‍ പേര്‍ രംഗത്തെത്തുകയും ചെയ്തതോടെയാണ് വിദഗ്ധാന്വേഷണത്തിന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.
സത്യാവസ്ഥ പുറത്തുവരുന്നതിന് കളമശേരി മെഡിക്കല്‍ കോളജിന് പുറത്തുനിന്നുളള വിദഗ്ധ സംഘത്തെ അന്വേഷണത്തിനായി നിയമിക്കണമെന്നും ഡിഎംഇ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ആശുപത്രി അധികൃതര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ ആശുപത്രിക്ക് വീഴ്ച പറ്റിയിട്ടില്ലെന്നായിരുന്നു വിശദീകരണം. എന്നാല്‍ ഈ റിപ്പോര്‍ട്ട് തളളിയ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ആശുപത്രി സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Read Also : കളമശേരി മെഡിക്കല്‍ കോളജിലെ കൊവിഡ് മരണങ്ങള്‍ ; ആരോഗ്യ സെക്രട്ടറി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
നോഡല്‍ ഓഫീസര്‍, മറ്റു ഡോക്ടര്‍മാര്‍ എന്നിവരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഡിഎംഇ വിദഗ്ധാന്വേഷണത്തിന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. വെന്റിലേറ്റര്‍ ഓഫായതാണോ മരണകാരണമെന്നതുള്‍പ്പെടെ ശാസ്ത്രീയമായി വിലയിരുത്തുന്നതിനും വിദഗ്ധ സംഘത്തിന്റെ പരിശോധന അനിവാര്യമാണ്.
അതിനിടെ കളമശേരി മെഡിക്കല്‍ കോളജിനെതിരായ പരാതികളില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും അന്വേഷണത്തിന് ഉത്തരവിട്ടു. പുറത്തുവന്ന ശബ്ദരേഖകള്‍ ഗുരുതര സ്വഭാവമുളളവയാണെന്ന് നിരീക്ഷിച്ച കമ്മീഷന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി സമഗ്രമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കളമശേരി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. രണ്ട് റിപ്പോര്‍ട്ടുകളും മൂന്നാഴ്ചക്കകം ലഭിക്കണമെന്നാണ് കമ്മീഷന്റെ നിര്‍ദേശം.
Story Highlights – kalamassery medical college, dme, covid deaths investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here