ഐപിഎൽ ചരിത്രത്തിൽ തന്നെ ഒരു മത്സരത്തിൽ രണ്ട് മെയ്ഡൻ ഓവറുകൾ എറിയുന്ന ആദ്യ ബൗളർ; അപൂർവ നേട്ടവുമായി മുഹമ്മദ് സിറാജ്

ഐപിഎൽ ചരിത്രത്തിൽ തന്നെ ഒരു മത്സരത്തിൽ രണ്ട് മെയ്ഡൻ ഓവറുകൾ എറിയുന്ന ആദ്യ ബൗളർ എന്ന നേട്ടം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പേസർ മുഹമ്മദ് സിറാജ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടക്കുന്ന മത്സരത്തിനിടെയാണ് സിറാജ് അപൂർവ റെക്കോർഡ് സ്വന്തമാക്കിയത്. മത്സരത്തിൽ എറിഞ്ഞ ആദ്യ രണ്ട് ഓവറുകളാണ് സിറാജ് മെയ്ഡൻ ആക്കിയത്.
Read Also : ഐപിഎൽ മാച്ച് 39: കൊൽക്കത്തയ്ക്ക് ബാറ്റിംഗ്; റസൽ പുറത്ത്
അവിശ്വസനീയ ബൗളിംഗ് പ്രകടനമാണ് ബാംഗ്ലൂരിനു വേണ്ടി സിറാജ് നടത്തിയത്. ആദ്യ രണ്ട് ഓവറുകൾ മെയ്ഡൻ ആക്കിയെന്ന് മാത്രമല്ല. ഈ ഓവറുകളിൽ അദ്ദേഹം മൂന്ന് മുൻനിര കൊൽക്കത്ത ബാറ്റ്സ്മാന്മാരുടെ വിക്കറ്റുകളും വീഴ്ത്തി. രാഹുൽ ത്രിപാഠി (1), നിതീഷ് റാണ (0) എന്നിവരെ ഒരു ഓവറിലെ അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയ അദ്ദേഹം ടോം ബാൻ്റണെ (10) അടുത്ത ഓവറിൽ വീഴ്ത്തി. ത്രിപാഠിയെയും ബാൻ്റണെയും ഡിവില്ല്യേഴ്സ് പിടികൂടിയപ്പോൾ നിതീഷ് റാണ ക്ലീൻ ബൗൾഡായി.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കൊൽക്കത്ത വലിയ തകർച്ചയാണ് നേരിടുന്നത്. അഞ്ച് വിക്കറ്റുകളാണ് അവർക്ക് നഷ്ടമായത്. സിറാജ് വീഴ്ത്തിയ മൂന്നു വിക്കറ്റുകൾക്ക് പുറമെ ശുഭ്മൻ ഗില്ലിനെ (1) ക്രിസ് മോറിസിൻ്റെ കൈകളിൽ എത്തിച്ച നവ്ദീപ് സെയ്നിയും കാർത്തികിനെ (4) വിക്കറ്റിനു മുന്നിൽ കുരുക്കിയ ചഹാലും വിക്കറ്റ് വേട്ടയിൽ പങ്കാളികളായി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 8.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 32 റൺസാണ് കൊൽക്കത്ത നേടിയിരിക്കുന്നത്.
Story Highlights – mohammed siraj is the first bowler to bowl two maiden in an ipl match
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here