പുഴുവരിച്ചത് കൊവിഡ് വാർഡിൽവച്ച്’; ഭക്ഷണവും വെള്ളവും കിട്ടിയില്ല’: ദുരനുഭവം പറഞ്ഞ് അനിൽകുമാർ

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് നേരിട്ട ദുരിതം പറഞ്ഞ് വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാർ. പുഴുവരിച്ചത് കൊവിഡ് വാർഡിൽ നിന്നാണെന്ന് അനിൽകുമാർ പറഞ്ഞു. കൃത്യമായ പരിചരണം ലഭിച്ചില്ല. ഭക്ഷണവും വെള്ളവും ലഭിക്കാതെ അവഗണന നേരിട്ടുവെന്നും അനിൽകുമാർ ട്വന്റിഫോറിനോട് പറഞ്ഞു.
മൂന്നാഴ്ച മുൻപ് എല്ലും തോലുമായിരുന്ന അവസ്ഥയിൽ നിന്ന് ജീവിതത്തിലേക്ക് പതിയെ തിരിച്ചുവരികയാണ് അനിൽകുമാർ. പേരൂർക്കട ആശുപത്രിയിലെ ചികിത്സയാണ് അനിൽകുമാറിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നത്. അനക്കാൻ കഴിയാതിരുന്ന കൈ പതിയെ ചലിച്ചു തുടങ്ങി. ഭക്ഷണം കഴിച്ചു തുടങ്ങിയതോടെ ആരോഗ്യം വീണ്ടെടുത്തു. ചികിത്സ തുടർന്നാൽ അനിൽകുമാറിന് പഴയ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ കഴിയുമെന്നാണ് ഡോക്ടർമാർ പറയുന്നത്.
Read Also :തിരുവനന്തപുരത്ത് കൊവിഡ് ബാധിതൻ പുഴുവരിച്ച നിലയിൽ; ആരോഗ്യമന്ത്രിക്ക് പരാതി നൽകി ബന്ധുക്കൾ
വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്നപ്പോഴാണ് അനിൽകുമാറിന് കൊവിഡ് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 21 ന് പണി കഴിഞ്ഞ് മടങ്ങിവരും വഴി തെന്നി വീണാണ് അദ്ദേഹത്തിന് പരുക്കേറ്റത്. ആദ്യം പേരൂർക്കട ആശുപത്രിയിലെത്തിച്ച അനിൽകുമാറിനെ 22 ന് പുലർച്ചെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ശരീരത്തിൽ തളർച്ച ബാധിച്ചിരുന്നു. സെപ്റ്റംബർ ആറിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങളോട് ക്വാറന്റീനിൽ പോകാൻ നിർദേശിച്ചു. 26ന് അനിൽകുമാറിന് കൊവിഡ് നെഗറ്റീവായി. തുടർന്ന് വീട്ടിൽ എത്തിച്ചപ്പോഴാണ് ശരീരമാസകലം പുഴുവരിച്ച നിലയിൽ കണ്ടത്.
Story Highlights – Thiruvananthapuram medical college, Covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here