വിക്കറ്റ് വീഴ്ത്തിയതിനു ശേഷം ഓടി ഗ്രൗണ്ടിനു പുറത്ത് എത്തിയിട്ടുണ്ട്: ഇമ്രാൻ താഹിർ

വിക്കറ്റ് വീഴ്ത്തിയതിനു ശേഷമുള്ള ആഘോഷം കൊണ്ട് പ്രശസ്തനാണ് ദക്ഷിണാഫ്രിക്കയുടെ വെറ്ററൻ സ്പിന്നർ ഇമ്രാൻ താഹിർ. ഓരോ വിക്കറ്റ് വീഴ്ത്തിയ ശേഷവും ഗ്രൗണ്ടിലൂടെ ഇരു കൈകളും വിടർത്തി ഓടിയാണ് താരം ആഹ്ലാദം പ്രകടിപ്പിക്കുക. ഓട്ടത്തിൽ ഗ്രൗണ്ടും കടന്ന് പോകുന്ന താഹിർ എന്ന രീതിയിൽ താരത്തെ സമൂഹമാധ്യമങ്ങൾ ട്രോളിയിട്ടുമുണ്ട്. എന്നാൽ, ശരിക്കും അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ടെന്നാണ് ഇപ്പോൾ താഹിർ തന്നെ പറയുന്നത്.
Read Also : ‘ചെന്നൈ ഇങ്ങനെ തകരുമെന്ന് കരുതിയില്ല; ടീമിനെ ഇനിയും പിന്തുണയ്ക്കണം’; ആരാധകരോട് അഭ്യർത്ഥനയുമായി ബ്രാവോ
ഡൽഹി ക്യാപിറ്റൽസ് താരം രവിചന്ദ്രൻ അശ്വിനുമൊത്തുള്ള വിഡിയോ ചാറ്റിലാണ് താഹിർ മനസ്സു തുറന്നത്. വിക്കറ്റ് വീഴ്ത്തിയതിനു ശേഷം എന്തിനാണ് ഓടുന്നത് എന്നായിരുന്നു അശ്വിൻ്റെ ചോദ്യം. ചോദ്യത്തിനു മറുപടി ആയാണ് 15 വർഷം മുൻപ് നടന്ന സംഭവം താഹിർ വിശദീകരിച്ചത്. “അതിനെ ഞാൻ പാഷൻ എന്ന് വിളിക്കും. അത് എവിടെ നിന്ന് വരുന്നു എന്നറിയില്ല. 15 വർഷങ്ങൾക്കു മുൻപ് ഇംഗ്ലണ്ടിൽ വെച്ച് നടന്ന ഒരു ക്ലബ് ക്രിക്കറ്റിൽ ഒരു വിക്കറ്റിനും ക്യാച്ചിനും ശേഷം ഞാൻ ഓടി. ഗ്രൗണ്ടിനു പുറത്തേക്ക്, റോഡ് വരെ ഞാൻ ഓടി. അവിടെ നിന്ന് പിന്നീട് തിരികെ നടന്നു. ആൾക്കാർ ചിരിക്കുകയായിരുന്നു. അത് തമാശയായിരുന്നു. പക്ഷേ, അത് അങ്ങനെയാണ്. ആളുകൾ അതിനെ എങ്ങനെ കാണുന്നു എന്നത് ഞാൻ ശ്രദ്ധിക്കാറില്ല.”- താഹിർ പറയുന്നു.
ചെന്നൈ സൂപ്പർ കിംഗ്സ് ടീം അംഗമായ താഹിർ ഇതുവരെ സീസണിൽ ഒരു മത്സരം പോലും കളിച്ചിട്ടില്ല. കഴിഞ്ഞ സീസണിൽ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരമായിരുന്നു താഹിർ. 10 മത്സരങ്ങളിൽ നിന്ന് മൂന്ന് ജയം മാത്രമുള്ള ചെന്നൈ പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്.
Story Highlights – Ran out of the ground and ended up on the road once Imran Tahir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here