സഞ്ജു പൊരുതി; രാജസ്ഥാനെതിരെ ഹൈദരാബാദിന് 155 റൺസ് വിജയലക്ഷ്യം

rr srh ipl innings

രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 155 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 154 റൺസ് എടുത്തത്. 36 റൺസ് നേടിയ മലയാളി താരം സഞ്ജു സാംസൺ ആണ് രാജസ്ഥാൻ്റെ ടോപ്പ് സ്കോറർ. സൺറൈസേഴ്സിനായി വിൻഡീസ് ഓൾറൗണ്ടർ ജേസൻ ഹോൾഡർ മൂന്ന് വിക്കറ്റ് വീഴ്ത്തി.

Read Also : ഐപിഎൽ മാച്ച് 40: രാജസ്ഥാനു ബാറ്റിംഗ്; ഹൈദരാബാദിൽ ജേസൻ ഹോൾഡർ അരങ്ങേറും

മികച്ച രീതിയിലായിരുന്നു രാജസ്ഥാൻ്റെ തുടക്കം. ഓപ്പണർ റോളിൽ ഉത്തപ്പ ഗംഭീര പ്രകടനം കാഴ്ച വെച്ചതോടെ സ്കോർ കുതിച്ചു. എന്നാൽ, നാലാം ഓവറിൽ ഉത്തപ്പ ദൗർഭാഗ്യകരമായി റണ്ണൗട്ടായത് നിർണായകമായി. 13 പന്തുകളിൽ 19 റൺസെടുത്താണ് താരം പുറത്തായത്. ആദ്യ വിക്കറ്റിൽ 30 റൺസിൻ്റെ കൂട്ടുകെട്ടിലും അദ്ദേഹം പങ്കാളിയായിരുന്നു.

മൂന്നാം നമ്പറിലെത്തിയ സഞ്ജു അപാര ഫോമിലായിരുന്നു. ടൈമിങും ക്ലാസും ഒരുമിച്ച് ചേർത്ത് സഞ്ജു ക്രീസ് പിടിച്ചടക്കിയതോടെ സൺറൈസേഴ്സ് ബൗളർമാർക്ക് മറുപടി ഇല്ലാതായി. എന്നാൽ, മറുപുറത്ത് ബെൻ സ്റ്റോക്സിൻ്റെ മെല്ലെപ്പോക്ക് സഞ്ജുവിനും രാജസ്ഥാനും തിരിച്ചടിയായി. ടൈമിങ് കണ്ടെത്താൻ ബെൻ സ്റ്റോക്സ് വിഷമിച്ചതോടെ ആ ചുമതല ഏറ്റെടുത്ത സഞ്ജു റിസ്കെടുക്കാൻ തീരുമാനിച്ചത് വിക്കറ്റിൻ്റെ രൂപത്തിലാണ് രാജസ്ഥാനെ തിരിച്ചടിച്ചത്. 26 പന്തുകളിൽ 36 റൺസ് നേടിയ സഞ്ജുവിനെ ജേസൻ ഹോൾഡർ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ബെൻ സ്റ്റോക്സുമൊത്ത് 56 റൺസിൻ്റെ കൂട്ടുകെട്ടിലും സഞ്ജു പങ്കാളിയായി. തൊട്ടടുത്ത ഓവറിൽ സ്റ്റോക്സും മടങ്ങി. 32 പന്തുകൾ ക്രീസിൽ നിന്ന സ്റ്റോക്സ് 30 റൺസ് മാത്രം നേടി റാഷിദ് ഖാൻ്റെ പൻഹിൽ ക്ലീൻ ബൗൾഡാവുകയായിരുന്നു. ജോസ് ബട്‌ലറിനും ഏറെ ആയുസുണ്ടായില്ല. ബട്‌ലറെ (9) വിജയ് ശങ്കറിൻ്റെ പന്തിൽ ഷഹബാസ് നദീം പിടികൂടി.

Read Also : ഐപിഎൽ മാച്ച് 40: പ്ലേ ഓഫ് സാധ്യത നിലനിർത്താൻ രാജസ്ഥാനും ഹൈദരാബാദും

അഞ്ചാം വിക്കറ്റിൽ റിയൻ പരഗ്-സ്റ്റീവ് സ്മിത്ത് സഖ്യം ഒത്തുചേർന്നു. 24 റൺസ് നീണ്ട ഈ കൂട്ടുകെട്ട് വീണ്ടും കളിയുടെ ഗതി മാറ്റി. എന്നാൽ, ജേസൻ ഹോൾഡറിൻ്റെ പന്തിൽ കൂറ്റൻ ഷോട്ടിനു ശ്രമിച്ച സ്റ്റീവ് സ്മിത്ത് (19) മനീഷ് പാണ്ഡെയുടെ കൈകളിൽ അവസാനിച്ചതോടെ വീണ്ടും രാജസ്ഥാൻ ബാക്ക്ഫൂട്ടിലായി. ആ ഓവറിൽ തന്നെ പരഗും (20) മടങ്ങി. യുവതാരത്തെ വാർണർ പിടികൂടുകയായിരുന്നു. അവസാന ഘട്ടത്തിൽ ആർച്ചറുടെ കാമിയോ ആണ് രാജസ്ഥാനെ 150 കടത്തിയത്. ഇന്നിംഗ്സ് അവസാനിക്കുമ്പോൾ ജോഫ്ര ആർച്ചർ (16), രാഹുൽ തെവാട്ടിയ (2) എന്നിവർ പുറത്താവാതെ നിന്നു.

Story Highlights rajasthan royals vs sunrisers hyderabad first innings

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top