ഹത്‌റാസ് കേസ്: ഫോറൻസിക് റിപ്പോർട്ടിനെതിരെ രംഗത്തുവന്ന ഡോക്ടറെ തിരിച്ചെടുക്കും

ഹത്‌റാസ് കേസിലെ ഫോറൻസിക് റിപ്പോർട്ടിനെതിരെ സംസാരിച്ച ഡോക്ടർക്കെതിരെ സ്വീകരിച്ച നടപടി പിൻവലിക്കും. അലിഗഡ് മെഡിക്കൽ കോളജിലെ ഡോ. അസീം മാലിക്കിനെതിരെ എടുത്ത നടപടിയാണ് പിൻവലിക്കുക. അസീം മാലിക്കിന്റെ കാലാവധി നീട്ടുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രിയിലെ മറ്റൊരു ഡോക്ടർ ഉബൈദ് ഹഖിന്റേയും കാലാവധി നീട്ടും.

ജോലിയിൽ തുടരേണ്ട എന്ന് കാണിച്ച് കഴിഞ്ഞ ചൊവ്വാഴ്ചയാണ് അസീം മാലിക്കിന് ആശുപത്രി അധികൃതർ കത്ത് നൽകിയത്. കൃത്യമായ കാരണം പറയാതെയായിരുന്നു നടപടി. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി പുനഃപരിശോധിക്കാൻ ആശുപത്രി അധികൃതർ രംഗത്തെത്തിയത്.

Read Also :ഹത്‌റാസ് കേസ്; ഫോറൻസിക് റിപ്പോർട്ടിനെതിരെ രംഗത്തുവന്ന ഡോക്ടറെ പുറത്താക്കി

ഹത്‌റാസിൽ ക്രൂര പീഡനത്തിനിരയായ പെൺകുട്ടിയെ ആദ്യം പ്രവേശിപ്പിച്ചത് അലിഗഡ് മെഡിക്കൽ കോളജിലായിരുന്നു. മെഡിക്കൽ കോളജിലെ ഇടക്കാല ചീഫ് മെഡിക്കൽ ഓഫീസറായിരുന്നു അസീം മാലിക്ക്. ഫോറൻസിക് റിപ്പോർട്ടിനെതിരെ രംഗത്തുവന്നതിന് പിന്നാലെ ഒക്ടോബർ 16 ന് അസീം മാലിക്കിനെ സൂപ്രണ്ട് സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെ ഒക്ടോബർ 20 മുതൽ ആശുപത്രിയിൽ ജോലി ചെയ്യേണ്ടതില്ലെന്ന് കാട്ടി അധികൃതർ നോട്ടീസ് അയക്കുകയായിരുന്നു.

Story Highlights Hathras gang rape,  Dr. Azeem Malik 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top