യൂട്യൂബർ വിജയ് പി നായരെ മർദിച്ച കേസ്; ഭാഗ്യലക്ഷ്മിയുടെയും കൂട്ടുപ്രതികളുടെയും അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

യൂട്യൂബർ വിജയ് പി നായരെ മർദിച്ച കേസിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെയും കൂട്ടുപ്രതികളുടെയും അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഒക്ടോബർ 30ന് മുൻകൂർ ഹർജിയിൽ വിധിപറയും. അതേസമയം, നിയമം കൈയിലെടുക്കാനും ആളുകളെ മർദിക്കാനും പ്രതികൾക്ക് ആരാണ് അധികാരം തന്നതെന്ന് ഹൈക്കോടതി വിമർശിച്ചു.
മുൻകൂർ ജാമ്യം തേടി ഭാഗ്യലക്ഷ്മി, ശ്രീലക്ഷമി അറക്കൽ, ദിയ സന്ന എന്നിവർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഒക്ടോബർ 30 വരെ കോടതി അറസ്റ്റ് തടഞ്ഞത്. ജാമ്യഹർജിയിൽ 30-ന് ഹൈക്കോടതി വിധി പറയും അതുവരെ മൂവരേയും അറസ്റ്റ് ചെയ്യാൻ പാടില്ല. അറസ്റ്റ് തടയുന്നതിലൂടെ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും നിലവിൽ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. ഇതിനിടെ നിയമം കൈയിലെടുക്കാനും മർദിക്കാനും ആരാണ് പ്രതികൾക്ക് അധികാരം തന്നതെന്ന് കോടതി ചോദിച്ചു. അടിക്കാൻ റെഡിയാണെങ്കിൽ അതിന്റെ ഫലം നേരിടാനും തയാറാവണമെന്നും കോടതി വിമർശിച്ചു.
അതേസമയം, തനിക്കെതിരെ പൊലീസ് ചുമത്തിയ വകുപ്പുകൾ നിലനിൽക്കുന്നതല്ലെന്ന് ഭാഗ്യലക്ഷ്മി കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതിനെ എതിർത്ത പ്രോസിക്യൂഷൻ ഭാഗ്യലക്ഷമിയും സംഘവും വിജയ് പി നായരെ അക്രമിച്ചത് കൂടാതെ ലാപ്പ് ടോപ്പും മൊബൈലും മോഷ്ടിച്ചെന്നും ആരോപിച്ചു. എന്നാൽ, ഈ വാദത്തോട് കോടതി വിയോജിച്ചു. അവർക്ക് മോഷ്ടിക്കാൻ ഉദ്ധേശമുണ്ടെന്ന് തോന്നുന്നില്ലെന്നും ഉണ്ടെങ്കിൽ ലാപ്പ് ടോപ്പും മറ്റും പൊലീസ് സ്റ്റേഷനിൽ ഏൽപിക്കില്ലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
Story Highlights – Vijay P Nair’s assault case; The High Court stayed the arrest of Bhagyalakshmi and her co-accused
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here