Advertisement

ക്രെഡിറ്റുകള്‍ എടുക്കുന്നതിനൊപ്പം വീഴ്ചയും ഏറ്റെടുത്ത് അധികാരികള്‍ നടപടി സ്വീകരിച്ചിരുന്നു എങ്കില്‍…. ഡോ. നജ്മ പറയുന്നു

October 24, 2020
Google News 2 minutes Read
dr najma complaint police

കളമശേരി മെഡിക്കല്‍ കോളജില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ അനാസ്ഥ മൂലം കൊവിഡ് രോഗികള്‍ മരിക്കുന്ന വിവരം പുറത്തുവിട്ടതില്‍ വലിയൊരു പങ്ക് വഹിക്കുന്നത് നജ്മ സലീം എന്ന ജൂനിയര്‍ ഡോക്ടറാണ്. ഇപ്പോള്‍ സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ നജ്മയുടെ വെളിപ്പെടുത്തലുകളെ രാഷ്ട്രീയവത്കരിച്ചും മതവുമായി ബന്ധപ്പെടുത്തിയും നിരവധി പേര്‍ രംഗത്തെത്തി.

വിഷയത്തില്‍ പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് നജ്മ. കൊവിഡ് പ്രതിരോധത്തില്‍ വളരെ മികവുറ്റ പ്രവര്‍ത്തനം കാഴ്ചവെച്ച സ്ഥാപനമാണ് കളമശേരി മെഡിക്കല്‍ കോളജ് എന്നും എന്നാല്‍ അനാസ്ഥകള്‍ തുടരാതിരിക്കാനായിരുന്നു തന്റെ വെളിപ്പെടുത്തല്‍ എന്നും നജ്മ പറയുന്നു.

Read Also : ‘ആരോഗ്യപ്രവർത്തകരെ കരിവാരി തേക്കാൻ മനഃപൂർവശ്രമം; ഡോ. നജ്മ ചെയ്യുന്നത് ജനം വിലയിരുത്തട്ടെ’: മന്ത്രി കെ. കൈ ശൈലജ

വീഴ്ചയും ഏറ്റെടുത്ത് വേണ്ട നടപടികള്‍ അധികാരികള്‍ സ്വീകരിച്ചിരുന്നു എങ്കില്‍ സാധാരണക്കാരിലെ ഭയം നീങ്ങുകയും പൊതുമേഖലാ ആരോഗ്യരംഗം കൂടുതല്‍ മെച്ചപ്പെടുകയും ചെയ്യുമായിരുന്നുവെന്നും താന്‍ പൊതുമേഖലാ ആരോഗ്യരംഗത്തെ ഒന്നടക്കം കുറ്റപ്പെടുത്തിയിട്ടില്ലെന്നും നജ്മ പറയുന്നു. തെറ്റ് ആരുടെ ഭാഗത്ത് നിന്ന് വന്നാലും അത് തിരുത്തപ്പെടേണ്ടതാണെന്നും നജ്മ.

കുറിപ്പ് വായിക്കാം,

കൊവിഡ് പ്രതിരോധത്തില്‍ വളരെ മികവുറ്റ പ്രവര്‍ത്തനം കാഴ്ചവെച്ച സ്ഥാപനമാണ് കളമശ്ശേരി മെഡിക്കല്‍ കോളേജ്. അത് നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്. അത് പോലെ തന്നെയുള്ള യാഥാര്‍ത്ഥ്യങ്ങളാണ് ശ്രീ. ബൈഹക്കിയുടെയും ശ്രീമതി. ജമീലയുടെയും ചികിത്സകളില്‍ വന്ന അനാസ്ഥകളും. അവ ചൂണ്ടിക്കാണിച്ചപ്പോള്‍ തെറ്റുകള്‍ മറച്ചു വെക്കുകയും പിന്നീട് അനാസ്ഥകള്‍ നിഷേധിക്കുകയുമാണ് അധികാരികള്‍ ചെയ്തത്. അതിനാല്‍ തന്നെ അനാസ്ഥകളുടെ തുടര്‍ച്ച സംഭവിക്കാതെയിരിക്കാനാണ് മാധ്യമങ്ങളുടെ മുന്നില്‍ എനിക്കിത് വെളിപ്പെടുത്തേണ്ടി വന്നത്.

ഇതു കാരണം സാധാരണക്കാരില്‍ ഉണ്ടാകാവുന്ന ഭയം ഞാന്‍ തിരിച്ചറിയുന്നു. പക്ഷേ ആ ഭയത്തേക്കാള്‍ പ്രാധാന്യമാണ് ആരുടേയും ജീവന്‍ അനാസ്ഥ കാരണം പൊലിയാതെ ഇരിക്കുക എന്നത്.

നല്ലതിന്റെ ക്രെഡിറ്റുകള്‍ എടുക്കുന്നതിനൊപ്പം സംഭവിച്ച വീഴ്ചയും ഏറ്റെടുത്ത് വേണ്ട നടപടികള്‍ അധികാരികള്‍ സ്വീകരിച്ചിരുന്നു എങ്കില്‍ സാധാരണക്കാരിലെ ഈ ഭയം നീങ്ങുകയും പൊതുമേഖലാ ആരോഗ്യരംഗം കൂടുതല്‍ മെച്ചപ്പെടുകയും ചെയ്യുമായിരുന്നു.

ഞാന്‍ പൊതുമേഖലാ ആരോഗ്യരംഗത്തെ ഒന്നടക്കം കുറ്റപ്പെടുത്തിയിട്ടില്ല. എന്റെ പ്രതികരണം സര്‍ക്കാറിനോ മുഴുവന്‍ സിസ്റ്റര്‍മാര്‍ക്കോ ഡോക്ടര്‍മാര്‍ക്കോ എതിരെയല്ല. മറിച്ച്, അനീതിയ്ക്കും അനാസ്ഥയ്ക്കും എതിരെയാണ്. ഒറ്റപ്പെട്ട സംഭവങ്ങളാണ് ഞാന്‍ ശ്രദ്ധയില്‍ പെടുത്തിയത്. തെറ്റ് ആരുടെ ഭാഗത്ത് നിന്ന് വന്നാലും അത് തിരുത്തപ്പെടേണ്ടതാണ്.

എന്റെ കോളേജിലെ നിസ്വാര്‍ത്ഥമായ് പ്രയത്‌നിക്കുന്ന ഡോക്ടര്‍മാര്‍, നഴ്‌സ്മാര്‍, നഴ്‌സിങ് അസിസ്റ്റന്റമാര്‍, ക്‌ളീനിംഗ് സ്റ്റാഫുകള്‍ , അറ്റന്റര്‍മാര്‍, സെക്യൂരിറ്റി ഗാര്‍ഡുകള്‍ തുടങ്ങിയ അനേകം ആരോഗ്യപ്രവര്‍ത്തകര്‍ ഇന്നും എന്റെ പ്രചോദനമാണ്. ഇത് മനസ്സിലാക്കുന്ന എല്ലാ ആരോഗ്യപ്രവര്‍ത്തകരോടും ജനങ്ങളോടും എന്നെ പിന്തുണയ്ക്കുന്ന ഓരോരുത്തരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

Story Highlights Dr.Najma Salim fb post, kalamassery medical college, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here