‘ഞാൻ സവർക്കറെ ആരാധിക്കുന്നു, അദ്ദേഹത്തെ പോലെ ജയിൽ വാസത്തിനായി കാത്തിരിക്കുന്നു’; കങ്കണ റണാവത്ത്

താൻ ജയിലിലേക്ക് പോകാൻ കാത്തിരിക്കുകയാണെന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്. ഹിന്ദു മഹാസഭ സ്ഥാപകനായ സവർക്കറെ താൻ ആരാധിക്കുന്നുണ്ടെന്നും കങ്കണ പറഞ്ഞു. വെറുപ്പ് പരത്തിയെന്ന് ആരോപിച്ച് മുംബൈ കോടതി കങ്കണയ്ക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ കങ്കണ നടൻ ആമിർ ഖാനെ വിമർശിക്കുകയും ചെയ്തു.
Read Also : ‘വീർ സവർക്കറെ മോശമായി ചിത്രീകരിക്കുന്നവർ യാഥാർത്ഥ്യം മനസിലാക്കണം’; ഉപരാഷ്ട്രപതി
‘സവർക്കർ, നേതാ ബോസ്, ഝാൻസി റാണി തുടങ്ങിയവരെപ്പോലുള്ളവരെയാണ് ഞാൻ ആരാധിക്കുന്നത്. ഇന്ന് എന്നെ ജയിലിൽ അടയ്ക്കാൻ സർക്കാർ ശ്രമങ്ങൾ നടത്തുകയാണ്. അത് എന്റെ തെരഞ്ഞെടുപ്പിൽ എനിക്ക് ആത്മവിശ്വാസം നൽകുന്നു. ഞാൻ ജയിലിലേക്ക് പോകാനുള്ള കാത്തിരിപ്പിലാണ്. അതിലൂടെ എന്റെ ആരാധനാപാത്രങ്ങൾ കടന്നുപോയ അതേ ദുഃഖത്തിലൂടെ കടന്നുപോകാൻ എനിക്കാവും. അത് എന്റെ ജീവിതത്തിന് അർത്ഥം നൽകും. മാഹാരാഷ്ട്രയിലെ ഫാസിസ്റ്റ് സർക്കാരിനെതിരെ പ്രതികരിച്ചതു കൊണ്ടാണ് എനിക്ക് ഇങ്ങനെ സംഭവിക്കുന്നത്.’- കങ്കണ കുറിച്ചു.
‘ഝാൻസി റാണിയുടെ കോട്ട തകർത്തത് എങ്ങനെയാണോ, അതുപോലെ എന്റെ വീട് തകർത്തു. സവർക്കറിനെ ജയിലിൽ അടച്ചപോലെ എന്നെയും ജയിലിൽ അടയ്ക്കാൻ ശ്രമം നടത്തുന്നു’ എന്ന് മറ്റൊരു ട്വീറ്റിൽ കങ്കണ കുറിച്ചു. നടൻ ആമിർ ഖാനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ട്വീറ്റ്.
Read Also : മതവിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി; കങ്കണയ്ക്കും സഹോദരിക്കുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്
മുംബൈയെ പാക് അധിനിവേശ കശ്മീരായി കങ്കണ വിശേഷിപ്പിച്ചതും, മുംബൈയിലെ ഓഫീസ് പൊളിച്ച സർക്കാർ നടപടി രാമക്ഷേത്രം പൊളിച്ച ബാബറിന്റെ നടപടിക്ക് സമാനമായി എന്ന താരത്തിൻ്റെ പ്രസ്താവനയും വിവാദമായിരുന്നു. ഇത് പിന്നീട് മഹാരാഷ്ട്ര സർക്കാരുമായുള്ള പരസ്യപോരിന് കാരണമാവുകയും ചെയ്തിരുന്നു.
Story Highlights – Kangana says willing to suffer like Savarkar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here