Advertisement

മൂന്ന് വിക്കറ്റ് വരെ പ്രളയം; നാലാം വിക്കറ്റിൽ കൊടുങ്കാറ്റ്: നരേനും റാണയ്ക്കും ഫിഫ്റ്റി; ഡൽഹിക്ക് 195 റൺസ് വിജയലക്ഷ്യം

October 24, 2020
Google News 2 minutes Read
kkr dc ipl innings

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 195 റൺസ് വിജയലക്ഷ്യം. 42 റൺസ് നേടുന്നതിനിടെ 3 വിക്കറ്റ് നഷ്ടമായി പതറിയ കൊൽക്കത്തയിലെ നാലാം വിക്കറ്റിൽ സുനിൽ നരേനും നിതീഷ് റാണയും ചേർന്ന 115 റൺസ് കൂട്ടുകെട്ടാണ് കരകയറ്റിയത്. ഇരുവരും ഫിഫ്റ്റി നേടി. 81 റൺസെടുത്ത നിതീഷ് റാണ ആണ് കൊൽക്കത്തയുടെ ടോപ്പ് സ്കോറർ. നരേൻ 64 റൺസെടുത്തു. ഡൽഹിക്കായി റബാഡ, നോർക്കിയ, സ്റ്റോയിനിസ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി

Read Also : ഐപിഎൽ മാച്ച് 42: കൊൽക്കത്ത ബാറ്റ് ചെയ്യും; ഇരു ടീമുകളിലും മാറ്റങ്ങൾ

ബാംഗ്ലൂരിനെതിരായ മത്സരത്തിൻ്റെ ബാക്കിയായാണ് കൊൽക്കത്ത ഇന്നിംഗ്സ് ആരംഭിച്ചത്. 2ആം ഓവറിൽ ആദ്യ വിക്കറ്റ് വീഴുമ്പോൾ സ്കോർ ബോർഡിൽ 11 റൺസ്. ശുഭ്മൻ ഗില്ലിനെ (9) അക്സർ പട്ടേലിൻ്റെ കൈകളിൽ എത്തിച്ച ആൻറിച് നോർക്കിയ ആണ് കൊൽക്കത്തയ്ക്ക് ആദ്യ പ്രഹരം ഏല്പിച്ചത്. ആറാം ഓവറിൽ ത്രിപാഠിയും (13) മടങ്ങി. നന്നായി തുടങ്ങിയ താരത്തെ നോർക്കിയ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. ദിനേശ് കാർത്തികും (3) വേഗം മടങ്ങി. കൊൽക്കത്തയുടെ മുൻ നായകനെ കഗീസോ റബാഡ ഋഷഭ് പന്തിൻ്റെ കൈകളിൽ എത്തിക്കുകയായിരുന്നു.

7.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 42 എന്ന നിലയിലാണ് നരേനും റാണയും ഒത്തുചേരുന്നത്. അശ്വിനെ ഗാലറിയിൽ എത്തിച്ച് സ്കോറിംഗ് തുടങ്ങിയ നരേൻ മാർക്കസ് സ്റ്റോയിനിസ്, തുഷാർ ദേശ്പാണ്ഡെ എന്നിവരെയൊക്കെ കണക്കറ്റ് പ്രഹരിച്ചു. നരേൻ്റെ എഫട്ട്ലെസ് സ്കോറിംഗ് റാണയ്ക്കും ഊർജ്ജമായി. 35 പന്തുകളിൽ റാണ ഫിഫ്റ്റി തികച്ചു. വെറും 24 പന്തുകളിൽ നരേനും അർധസെഞ്ചുറി തികച്ചു. 115 റൺസിൻ്റെ അമൂല്യമായ നാലാം വിക്കറ്റ് കൂട്ടുകെട്ട് തകർക്കാൻ ഒടുവിൽ റബാഡ വേണ്ടി വന്നു. നരേനാണ് പുറത്തായത്. 17ആം ഓവറിൽ രഹാനെയുടെ കൈകളിൽ അവസാനിക്കുമ്പോൾ താരം 32 പന്തുകളിൽ നിന്ന് 6 ബൗണ്ടറിയും 4 സിക്സറും സഹിതം 64 റൺസെടുത്തിരുന്നു.

Read Also : ചരിത്രത്തിൽ ആദ്യമായി 10 വിക്കറ്റ് പരാജയം; ചെന്നൈക്ക് പിഴച്ചതെവിടെ?

നരേൻ പുറത്തായതിനു പിന്നാലെ മോർഗൻ ക്രീസിലെത്തി. ഡെത്ത് ഓവറുകളിൽ റാണയും മോർഗനും ചേർന്ന് ചില മികച്ച ഷോട്ടുകളിലൂടെ 200നരികെ എത്തിച്ചു. മാർക്കസ് സ്റ്റോയിനിസ് എറിഞ്ഞ അവസാന ഓവറിൽ റാണയെ തുഷാർ ദേശ്പാണ്ഡെ പിടികൂടി. 53 പന്തുകളിൽ 13 ബൗണ്ടറിയും ഒരു സിക്സറും സഹിതം 81 റൺസ് എടുത്തതിനു ശേഷമാണ് താരം മടങ്ങിയത്. അഞ്ചാം വിക്കറ്റിൽ മോർഗനുമൊത്ത് 37 റൺസിൻ്റെ കൂട്ടുകെട്ടും താരം ഉയർത്തി. അവസാന പന്തിൽ മോർഗനും (17) മടങ്ങി. താരത്തെ റബാഡ പിടികൂടുകയായിരുന്നു.

Story Highlights kolkata knight riders vs delhi capitals first innings

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here