കുമ്മനം രാജശേഖരന്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ്; പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി

കുമ്മനം രാജശേഖരന്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസില്‍ പൊലീസ് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി. കേസ് അന്വേഷിക്കുന്ന മലയാലപ്പുഴ ഇന്‍സ്‌പെക്ടറാണ് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയത്. കുമ്മനം രാജശേഖരനെതിരെ സാമ്പത്തിക തട്ടിപ്പില്‍ പരാതി നല്‍കിയ ആറന്മുള സ്വദേശി പി.ആര്‍. ഹരികൃഷ്ണന്റെ വീട്ടിലെത്തിയാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. പണമിടപാടുകളുടെയും ഫോണ്‍ സംഭാഷണങ്ങളുടെയും രേഖകളാണ് പൊലീസ് ആദ്യം പരിശോധിക്കുന്നത്.
ആറന്മുള സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതതെങ്കിലും ഇന്‍സ്‌പെക്ടര്‍ ക്വാറന്റീനിലായതിനാല്‍ മലയാലപ്പുഴ ഇന്‍സ്‌പെക്ടര്‍ക്കാണ് അന്വേഷണ ചുമതല. ഇടപാടുകളില്‍ കൂടുതലും നടത്തിയത് ബാങ്ക് വഴിയായതിനാല്‍ അക്കൗണ്ട് രേഖകളാണ് ആദ്യം പരിശോധിക്കുന്നത്. പ്രതിപ്പട്ടികയിലുള്ളവരും പരാതിക്കാരനും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളും തെളിവായേക്കും. പരാതിക്കാരന്റെ മൊഴി പ്രകാരം കമ്പനിയില്‍ പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടത് കുമ്മനത്തിന്റെ മുന്‍ പി.എ. പ്രവീണ്‍ വി. പിള്ളയാണ്. ശബരിമലയില്‍ വച്ച് കുമ്മനം തന്നെ പരാതിക്കാരുനുമായി നേരിട്ട് ചര്‍ച്ച നടത്തിയെന്നും മൊഴിയിലുണ്ട്. കമ്പനി ഉടമയായ പാലക്കാട് സ്വദേശി വിജയന്‍ പണം നിക്ഷേപിച്ചിട്ടും ഷെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തയാറായില്ലെന്നും പരാതിക്കാരന്റെ മൊഴിയില്‍ പറയുന്നു. എന്നാല്‍ ഹരികൃഷണന്‍ നിക്ഷേപിച്ച മുഴുവന്‍ പണവും തിരികെ നല്‍കാന്‍ തയാറാണെന്നാണ് കമ്പനി ഉടമയുടെ നിലപാട്. കുമ്മനം പ്രതിയായ കേസ് രാഷ്ട്രീയ വിവാദമായതോടെ ബിജെപി തന്നെ പൊലീസ് സ്റ്റേഷന് പുറത്ത് വച്ച് ഒത്തുതീര്‍പ്പ് നടത്താനും ശ്രമിക്കുന്നുണ്ട്. നേതാക്കള്‍ ഇടപെട്ട് പണമിടപാട് നടത്തി കേസ് തീര്‍ക്കാനാണ് ശ്രമം.
Story Highlights – Kummanam Rajasekharan, financial fraud case, complainant statement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here