Advertisement

ടാറ്റാ ഗ്രൂപ്പ് നിര്‍മിച്ച് കൈമാറിയ കൊവിഡ് ആശുപത്രി പ്രവര്‍ത്തനം തുടങ്ങാത്തതില്‍ പ്രതിഷേധം ശക്തം

October 24, 2020
Google News 1 minute Read

ടാറ്റാ ഗ്രൂപ്പ് നിര്‍മിച്ച് സര്‍ക്കാരിന് കൈമാറിയ സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രി ഇനിയും പ്രവര്‍ത്തനം തുടങ്ങാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. ആശുപത്രിയുടെ കാര്യത്തിലെ സര്‍ക്കാര്‍ മെല്ലെപ്പോക്കിനെതിരെ കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നവംബര്‍ ഒന്ന് മുതല്‍ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചു.

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് ജില്ലയുടെ ആരോഗ്യ പരിമിതിക്ക് പരിഹാരമായാണ് യുദ്ധകാലാടിസ്ഥാനത്തില്‍ കൊവിഡ് ആശുപത്രി പണിയാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. 60 കോടി രൂപ മുടക്കി ചട്ടഞ്ചാല്‍ തെക്കില്‍ വില്ലേജില്‍ ടാറ്റാ ഗ്രൂപ്പാണ് സൗജന്യമായി ആശുപത്രി നിര്‍മിച്ചത്.
ഏപ്രില്‍ ഒന്‍പതിന് നിര്‍മാണം ആരംഭിച്ച് സെപ്റ്റംബര്‍ ഒന്‍പതിന് 541 കിടക്കകളുള്ള പ്രീഫാബ് മാതൃകയിലെ കൊവിഡ് ആശുപത്രി സര്‍ക്കാരിന് കൈമാറി.

എന്നാല്‍ ആഴ്ചകളും മാസവും പിന്നിട്ടിട്ടും പ്രവര്‍ത്തനം തുടങ്ങുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. 191 തസ്തികകള്‍ സൃഷ്ടിച്ചുവെങ്കിലും നിയമന കാര്യത്തിലും ആശുപത്രിയില്‍ മറ്റ് സജ്ജീകരണമൊരുക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാറിന്റെ അനാസ്ഥയ്‌ക്കെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി അനിശ്ചിതകാല നിരാഹാര സമരം നടത്താന്‍ തീരുമാനിച്ചത്. കാസര്‍ഗോഡിനു വേണ്ടി ജീവന്‍ നല്‍കുമെന്ന് ഉണ്ണിത്താന്‍ പ്രഖ്യാപിച്ചു.

ജില്ലയിലെ കൊവിഡ് സാഹചര്യം ആശങ്കയോടെ തന്നെ ഇപ്പോഴും തുടരുകയാണ്. മരണം 168 കഴിഞ്ഞു. വൈറസ് ബാധിതരുടെ എണ്ണം പതിനാറായിരം കടന്നു. കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രി വീണ്ടും കൊവിഡ് ആശുപത്രിയാക്കിയതോടെ കൊവിഡിതര ചികിത്സയും ജില്ലയില്‍ ഏറെ പ്രയാസത്തോടെയാണ് നടപ്പാക്കുന്നത്. കാസര്‍ഗോഡിന്റെ ആരോഗ്യരംഗത്തോടുള്ള സര്‍ക്കാര്‍ സമീപനത്തില്‍ മാറ്റം വരുത്തി കൊവിഡ് ആശുപത്രി അടിയന്തരമായി പ്രവര്‍ത്തനം തുടങ്ങുന്നമെന്ന ആവശ്യം ജില്ലയില്‍ ശക്തമാവുകയാണ്.

Story Highlights tata group covid hospital kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here