ഗെയ്ക്‌വാദിന് ‘സ്പാർക്കിംഗ്’ ഫിഫ്റ്റി; ചെന്നൈക്ക് അനായാസ ജയം

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിനു ജയം. 8 വിക്കറ്റിനാണ് ചെന്നൈ ബാംഗ്ലൂരിനെ കീഴ്പ്പെടുത്തിയത്. 146 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ 18.4 ഓവറിൽ 2 മാത്രം നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. ഐപിഎലിലെ ആദ്യ അർധസെഞ്ചുറി നേടിയ യുവതാരം ഋതുരാജ് ഗെയ്ക്‌വാദാണ് ചെന്നൈയുടെ ടോപ്പ് സ്കോറർ. ഗെയ്ക്‌വാദ് 65 റൺസെടുത്ത് പുറത്താവാതെ നിന്നു. അമ്പാട്ടി റായുഡു (39), ഫാഫ് ഡുപ്ലെസി (25) എന്നിവരും ചെന്നൈക്കായി തിളങ്ങി. ജയത്തോടെ ചെന്നൈ പോയിൻ്റ് ടേബിളിൽ ഏഴാം സ്ഥാനത്ത് എത്തി.
Read Also : ചെന്നൈയുടെ തകർപ്പൻ ബൗളിംഗ്; കോലിയുടെ ഫൈറ്റിംഗ് ഫിഫ്റ്റി: സിഎസ്കെയ്ക്ക് 146 റൺസ് വിജയലക്ഷ്യം
ഗംഭീര തുടക്കമാണ് ഡുപ്ലെസിയും ഗെയ്ക്‌വാദും ചേർന്ന് ചെന്നൈക്ക് നൽകിയത്. ഫാഫ് ആഞ്ഞടിച്ചപ്പോൾ ഗെയ്ക്‌വാദ് സെക്കൻഡ് ഫിഡിൽ റോളിൽ ഒതുങ്ങി. കഴിഞ്ഞ മത്സരത്തിൽ ബാംഗ്ലൂരിൻ്റെ ഹീറോ മുഹമ്മദ് സിറാജിൻ്റെ ഒരു ഓവറിൽ 15 റൺസ് നേടി ഗംഭീര ഫോമിലായിരുന്നു ഡുപ്ലെസി പക്ഷേ, പവർ പ്ലേയിലെ അവസാന ഓവറിൽ വീണു. 25 റൺസ് നേടിയ ഡുപ്ലെസിയെ ക്രിസ് മോറിസ് മുഹമ്മദ് സിറാജിൻ്റെ കൈകളിൽ എത്തിക്കുകയായിരുന്നു.
രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ഗെയ്ക്‌വാദ്-റായുഡു സഖ്യം സ്കോറിംഗ് റേറ്റ് താഴാതെ സൂക്ഷിച്ചു. റായുഡു കൂടുതൽ ആക്രമണ സ്വഭാവം കാണിച്ചപ്പോൾ ഇടക്കിടെ ബൗണ്ടറികൾ നേടി ഗെയ്ക്‌വാദും ക്രീസിൽ ഇളകാതെ നിന്നു. 67 റൻസിൻ്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ പടുത്തുയർത്തിയത്. 14ആം ഓവറിൽ യുസ്‌വേന്ദ്ര ചഹാൽ ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 39 റൺസെടുത്ത് മികച്ച ഫോമിൽ ബാറ്റ് ചെയ്തിരുന്ന റായുഡുവിനെ ചഹാൽ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. ഇതിനിടെ 42 പന്തുകളിൽ ഗെയ്ക്‌വാദ് തൻ്റെ ആദ്യ ഐപിഎൽ ഫിഫ്റ്റി തികച്ചു.
Read Also : യുവതാരങ്ങൾക്ക് ഊർജ്ജസ്വലത ഇല്ലെന്ന് ധോണി; സമൂഹമാധ്യമങ്ങളിൽ വിവാദം
മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന എംഎസ് ധോണി-ഋതുരാജ് ഗെയ്ക്‌വാദ് സഖ്യം വലിയ ബുദ്ധിമുട്ടില്ലാതെ ടീമിനെ വിജയിപ്പിച്ചു. ഇരുവരും ചേർന്ന് അപരാജിതമായ 37 റൺസിൻ്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഗെയ്ക്‌വാദ് (65), ധോണി (19) എന്നിവർ പുറത്താവാതെ നിന്നു.
Story Highlights – chennai super kings won against royal challengers bangalore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here