Advertisement

ഒടുവിൽ റോയൽസിനു വേണ്ടി ബിഗ് ബെൻ മുഴങ്ങി; കൂട്ടിന് സഞ്ജുവും: മുംബൈയെ തകർത്ത് രാജസ്ഥാൻ

October 25, 2020
2 minutes Read
rr won mi ipl

മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം. 8 വിക്കറ്റിനാണ് രാജസ്ഥാൻ നിലവിലെ ചാമ്പ്യന്മാരെ കീഴ്പ്പെടുത്തിയത്. 196 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാൻ രണ്ട് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി 18.2 ഓവറിൽ വിജയിക്കുകയായിരുന്നു. 107 റൺസെടുത്ത ബെൻ സ്റ്റോക്സ് ആണ് രാജസ്ഥാൻ്റെ ടോപ്പ് സ്കോറർ. മലയാളി താരം സഞ്ജു സാംസൺ 54 റൺസ് നേടി. ഇരുവരും നോട്ടൗട്ടാണ്. മുംബൈ ഇന്ത്യൻസിനു വേണ്ടി ജെയിംസ് പാറ്റിസൺ രണ്ട് വിക്കറ്റ് വീഴ്ത്തി.

Read Also : അബുദാബിയിൽ കുങ്ഫു പാണ്ഡ്യയുടെ സിക്സർ ഷോ; രാജസ്ഥാന് 196 റൺസ് വിജയലക്ഷ്യം

കൂറ്റൻ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് രണ്ടാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. 13 റൺസെടുത്ത റോബിൻ ഉത്തപ്പയെ ജെയിംസ് പാറ്റിൻസണിൻ്റെ പന്തിൽ കീറോൺ പൊള്ളാർഡ് പിടികൂടുമ്പോൾ സ്കോർബോർഡിലും അത്ര തന്നെ റൺസ് ആയിരുന്നു ഉണ്ടായിരുന്നത്. മൂന്നാം നമ്പറിൽ എത്തിയ സ്മിത്തിനും ഏറെ ആയുസുണ്ടായില്ല. 11 റൺസെടുത്ത സ്മിത്തിനെ പാറ്റിൻസൺ ക്ലീൻ ബൗൾഡാക്കി.

അതേസമയം, മറുവശത്ത് ബെൻ സ്റ്റോക്സ് സീസണിൽ ആദ്യമായി ടൈമിംഗ് കണ്ടെത്താൻ തുടങ്ങിയതോടെ സ്കോർ കുതിച്ചു. നാലാം നമ്പരിലെത്തിയ സഞ്ജുവും മികച്ച ഫോമിലായിരുന്നു. ഇരുവരും അനായാസം ഗ്യാപ്പുകൾ കണ്ടെത്തി ബൗണ്ടറികൾ നേടി. വിക്കറ്റിനിടെയിലെ ഓട്ടത്തിലും സഖ്യം മികച്ചു നിന്നു. ബൗണ്ടറികൾ കണ്ടെത്താൻ മത്സരിച്ച ഇരുവരും വളരെ അനായാസമാണ് ബാറ്റ് ചെയ്തത്. 28 പന്തുകളിൽ സ്റ്റോക്സും 27 പന്തുകളിൽ സഞ്ജുവും ഫിഫ്റ്റി തികച്ചു. ബുംറയും ബോൾട്ടും അടങ്ങിയ പ്രൈം ബൗളർമാരെ പരീക്ഷിച്ചിട്ടും പൊള്ളാർഡിന് ഈ കൂട്ടുകെട്ട് തകർക്കാനായില്ല.

Read Also : ഐപിഎൽ മാച്ച് 45: മുംബൈക്ക് ബാറ്റിംഗ്; ഇന്നും രോഹിത് ഇല്ല

59 പന്തുകളിൽ സ്റ്റോക്സ് സെഞ്ചുറി തികച്ചു. പാറ്റിൻസണെ ഡീപ് മിഡ്‌വിക്കറ്റ് ഗാലറിയിൽ എത്തിച്ചായിരുന്നു സ്റ്റോക്സിൻ്റെ സെഞ്ചുറി. അടുത്ത പന്തിൽ ബൗണ്ടറിയടിച്ച് സ്റ്റോക്സ് രാജസ്ഥാൻ്റെ വിജയം കുറിയ്ക്കുകയും ചെയ്തു. സഞ്ജുവും സ്റ്റോക്സും ചേർന്ന് 152 റൺസിൻ്റെ അപരാജിതമായ കൂറ്റൻ കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റിൽ പടുത്തുയർത്തിയത്.

Story Highlights rajasthan royals won against mumbai indians

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top