കൊവിഡ് മരുന്നിന്റെ രണ്ടാംഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് കൊച്ചിയിൽ നിന്നുള്ള കമ്പനിക്ക് അനുമതി

കൊവിഡ് ചികിത്സയ്ക്കുള്ള രണ്ടാംഘട്ട ക്ലിനിക്കൽ മരുന്നു പരീക്ഷണത്തിന് കൊച്ചിയിൽ നിന്നുള്ള കമ്പനിക്ക് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി. പിഎൻബി വെസ്പർ ലൈഫ് സയൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് അനുമതി ലഭിച്ചത്. 60 ദിവസത്തിനുള്ളിൽ ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാകുമെന്നു പിഎൻബി വെസ്പർ സിഇഒ പി.എൻ.ബലറാം ട്വന്റിഫോറിനോട് പറഞ്ഞു.
ലോകത്താദ്യമായാണ് പുതിയൊരു ക്ലിനിക്കൽ മരുന്നിന് കൊവിഡ് പരീക്ഷണാനുമതി ലഭിക്കുന്നത്. പിഎൻബി വെസ്പർ ലൈഫ് സയൻസ് കമ്പനിയുടെ പിഎൻബി 001 എന്ന മരുന്നിന്റെ ആദ്യഘട്ട പരീക്ഷണങ്ങൾ കോവിഡ് രോഗികളിൽ ഫലം കണ്ടതോടെയാണ് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി. സ്‌മോൾ സെൽ ലങ് കാൻസറിനായി നിർമിച്ചെടുത്ത രാസസംയുക്തം ശാസ്ത്രീയമായി കോവിഡ് രോഗികളിൽ പ്രവർത്തിക്കുന്ന രീതിയിലാണ് പരീക്ഷണങ്ങൾ. ഇത് വിജയിച്ചാൽ ലോകത്തിലാദ്യമായി കൊവിഡിനെതിരായ മരുന്ന് ഇന്ത്യയിൽ നിന്നാകുമെന്ന് പിഎൻബി വെസ്പർ സിഇഒ പി.എൻ.ബലറാം പറയുന്നു.
നിലവിൽ കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളേക്കാൾ ഗുണകരമാണ് പിഎൻബി 001 എന്ന് തെളിഞ്ഞിട്ടുണ്ട്. കൊവിഡ് ബാധിതരിലെ പനി, ശരീര വേദന, ശ്വാസകോശ പ്രശ്‌നങ്ങൾ എന്നിവ പരിഹരിക്കാൻ ഇതു സഹായകമാണ്. പൈറെക്‌സിയ പഠനങ്ങളിൽ ആസ്പിരിനേക്കാൾ 20 മടങ്ങ് ശക്തമാണ് പിഎൻബി 001 എന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതായി കമ്പനി അവകാശ പ്പെടുന്നു.
74 പേരിൽ ആദ്യഘട്ട പരീക്ഷണം നടത്തി കഴിഞ്ഞു. പുണെ ബിഎംജി മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള, നിലവിൽ ഓക്‌സിജന്റെ സഹായത്തോടെ കഴിയുന്ന 40 പേരിലാണ് രണ്ടും മൂന്നും ഘട്ടങ്ങളിലെ മരുന്ന് പരീക്ഷണം. സമാന്തര പരീക്ഷണങ്ങൾ കമ്പനിയുടെ നേതൃത്വത്തിൽ യുകെയിലും പുരോഗമിക്കുന്നുണ്ട്.
Story Highlights – cochin firm gets nod for second stage clinical experiment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here