രാജസ്ഥാൻ റോയൽസിലെ പ്രശ്നക്കാരൻ സ്റ്റീവ് സ്മിത്ത്; അദ്ദേഹം മാറിനിൽക്കണം; ഗൗതം ഗംഭീർ

രാജസ്ഥാൻ റോയൽസ് ടീമിൽ നിന്ന് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് മാറി നിൽക്കണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ. സ്മിത്തിന് ബാറ്റിംഗിൽ സ്ഥിരത പുലർത്താൻ കഴിയുന്നില്ലെന്നും സ്മിത്ത് മാറിയാൽ ആർച്ചർക്കൊപ്പം ന്യൂ ബോൾ പങ്കിടാൻ ഒരു വിദേശ താരത്തെ കളിപ്പിക്കാനാവുമെന്നും ഗംഭീർ പറയുന്നു. ജോഫ്ര ആർച്ചറിന് പിന്തുണ നൽകാൻ ഇന്ത്യൻ പേസർമാർക്ക് കഴിയുന്നില്ല എന്നതുകൊണ്ട് തന്നെ അത്തരം ഒരു നീക്കം ടീമിനു ഗുണമാവുമെന്നും ഗംഭീർ പറയുന്നു. ഇഎസ്പിഎൻ ക്രിക്ക് ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഗംഭീറിൻ്റെ അഭിപ്രായ പ്രകടനം.
Read Also : ഒടുവിൽ റോയൽസിനു വേണ്ടി ബിഗ് ബെൻ മുഴങ്ങി; കൂട്ടിന് സഞ്ജുവും: മുംബൈയെ തകർത്ത് രാജസ്ഥാൻ
“സത്യം പറഞ്ഞാൽ സ്മിത്താണ് രാജസ്ഥാൻ റോയൽസിലെ പ്രശ്നം. ഇത് ആദ്യ ദിവസം മുതൽ ഞാൻ പറയുന്ന കാര്യമാണ്. സ്മിത്ത് സ്വയം മാറിനിന്ന് ഒഷേൻ തോമസിനെയോ മറ്റോ ആർച്ചർക്കൊപ്പം കളിപ്പിക്കണം. ഡൽഹി 10 റൺസിന് രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടപ്പോഴും ആർച്ചറിന് രണ്ടോവറിൽ അധികം പവർപ്ലേയിൽ നൽകിയില്ല. ഒരു വിദേശ ബൗളർ കൂടിയുണ്ടെങ്കിൽ ആർച്ചറിന് പവർപ്ലേയിൽ മൂന്ന് ഓവർ നൽകാം. ഡെത്ത് ഓവറുകളിൽ എറിയാൻ ബൗളർമാരില്ലാത്തതു കൊണ്ടാണ് പവർ പ്ലേയിൽ ആർച്ചറെക്കൊണ്ട് രണ്ട് ഓവർ മാത്രം എറിയിക്കേണ്ടി വരുന്നത്.”- ഗംഭീർ പറഞ്ഞു.
രണ്ട് തവണ കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ കിരീടത്തിലേക്ക് നയിച്ച നായകനാണ് ഗൗതം ഗംഭീർ.
Story Highlights – Steve Smith is the main issue with Rajasthan Royals says Gautam Gambhir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here