‘വാളയാർ കേസിൽ ആരുടെ വീഴ്ച എന്ന് കൃത്യമായി പറയണം’; മുഖ്യമന്ത്രിക്കെതിരെ മുൻ പബ്ലിക് പ്രോസിക്യൂട്ടർ ജലജ മാധവൻ

വാളയാർ കേസിൽ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് വാളയാർ കേസിലെ മുൻ പബ്ലിക് പ്രോസിക്യൂട്ടർ ജലജ മാധവൻ. വെറും 3 മാസം കൊണ്ട് ആഭ്യന്തര വകുപ്പാണ് തന്നെ മാറ്റി ലത ജയരാജിനെ നിയമിച്ചത്. പ്രതിക്കായി ഹാജറായ സിഡബ്ല്യുസി ചെയർമാനെതിരെ നിലപാട് സ്വീകരിച്ചതിനാണ് തന്നെ മാറ്റിയതെന്നും ജലജ മാധവൻ ഫേസ്ബുക്കിൽ കുറിച്ചു.
സത്യ വിരുദ്ധമായ കാര്യങ്ങൾ പ്രചരിക്കുന്നതിനാലാണ് ചില കാര്യങ്ങൾ വിശദീകരിക്കേണ്ടി വന്നിരിക്കുന്നതെന്ന് ജലജ മാധവൻ പറയുന്നു.എൽഡിഎഫ് ഭരണത്തിൽ വന്നപ്പോൾ പാലക്കാട് അടക്കമുള്ള 6 ജില്ലകളിലെ യുഡിഎഫ് കാലത്തുള്ള സ്‌പെഷ്യൽ പ്രോസിക്യൂട്ടർമാർ എൽഡിഎഫ് സർക്കാരിനെതിരെ കേസ് കൊടുക്കുകയും സ്റ്റേയുടെ ബലത്തിൽ തുടരുകയും ചെയ്തു. ഒടുവിൽ കേസിൽ സർക്കാർ ജയിച്ചപ്പോൾ അവരെ മാറ്റുകയും 2019 മാർച്ച് മാസത്തിൽ ഈ ആറ് പ്രോസിക്യൂട്ടർമാരെ മാറ്റി പുതിയ പ്രോസിക്യൂട്ടർമാർ വന്നു. അങ്ങിനെയാണ് തന്റെയും നിയമനം. എന്നാൽ കഷ്ടിച്ച് മൂന്നു മാസം കഴിയുമ്പോഴേക്കും ഹോം ഡിപ്പാർട്ട്‌മെന്റിൽ നിന്ന് വന്ന കാരണം ഒന്നും പറയാതെയുള്ള ഒരു എക്‌സ്ട്രാ ഓർഡിനറി ഓർഡർ പ്രകാരം എന്നെ മാറ്റി വീണ്ടും യുഡിഎഫ് കാലത്തെ പ്രോസിക്യൂട്ടറിനെ നിയമിച്ചു. ഹോം ഡിപ്പാർട്ട്‌മെന്റ് ഓർഡർ പ്രകാരമായിരുന്നു നിയമനം. ഇവിടെ വിശദീകരണം ആവശ്യമാണ്. എന്തിന് തന്നെ മാറ്റി എന്ന് ഒരു ഓർഡറിലും പറഞ്ഞിട്ടില്ല. യുഡിഎഫ് കാലത്തെ പ്രോസിക്യൂട്ടറിനെ തന്നെ വീണ്ടും അപ്പോയിന്റ് ചെയ്യാനുള്ള കാരണവും വ്യക്തമല്ലെന്നും ജലജ മാധവൻ പറയുന്നു.
വാളയാർ കേസിൽ പ്രോസിക്യൂട്ടർമാരുടെ വീഴ്ച എന്നു പറയാതെ, ആരുടെ വീഴ്ച, എവിടെ എന്നു കൃത്യമായി പറയണം. അല്ലാതെ ഇങ്ങിനെ പുകമറ സൃഷ്ടിക്കുന്നത് എന്തിനാണെന്ന് ജലജ മാധവൻ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഞാനെന്തിന് വെറുതേ പഴി കേൾക്കണം??
സിഎമ്മിന്റെ പത്ര സമ്മേളനം…. വാളയാർ കേസിൽ വീഴ്ച വരുത്തിയത് പ്രോസീക്യൂട്ടർമാർ… അവരെ മാറ്റുകയും ചെയ്തു. എല്ലാം ശുഭം..വാളയാർ കേസിന്റെ സമയത്ത് കഷ്ടിച്ച് മൂന്ന് മാസം മാത്രം പ്രോസിക്യൂട്ടർ ആയിരുന്നു ഞാൻ. തുടക്കവും ഞാനല്ല, അവസാനവും ഞാനല്ല. സത്യ വിരുദ്ധമായ കാര്യങ്ങൾ ചർച്ചകളിലും മറ്റും പ്രചരിക്കുന്നത് കൊണ്ട് ചില സത്യങ്ങൾ എഴുതേണ്ടത് ആവശ്യമായി വന്നിരിക്കുന്നു.
എൽഡിഎഫ് ഭരണത്തിൽ വന്നപ്പോൾ പാലക്കാട് അടക്കമുള്ള 6 ജില്ലകളിലെ യുഡിഎഫ് കാലത്തുള്ള സ്‌പെഷ്യൽ പ്രോസിക്യൂട്ടർമാർ എൽഡിഎഫ് സർക്കാരിനെതിരെ കേസ് കൊടുക്കുകയും സ്റ്റേയുടെ ബലത്തിൽ തുടരുകയും ചെയ്തു. ഒടുവിൽ കേസിൽ സർക്കാർ ജയിച്ചപ്പോൾ അവരെ മാറ്റുകയും 2019 മാർച്ച് മാസത്തിൽ ഈ ആറ് പ്രോസിക്യൂട്ടർമാരെ മാറ്റി പുതിയ പ്രോസിക്യൂട്ടർമാർ വന്നു. അങ്ങിനെയാണ് എന്റെയും നിയമനം. എന്നാൽ കഷ്ടിച്ച് മൂന്നു മാസം കഴിയുമ്പോഴേക്കും ഹോം ഡിപ്പാർട്ട്‌മെന്റിൽ നിന്ന് വന്ന കാരണം ഒന്നും പറയാതെയുള്ള ഒരു എക്‌സ്ട്രാ ഓർഡിനറി ഓർഡർ പ്രകാരം എന്നെ മാറ്റി വീണ്ടും യുഡിഎഫ് കാലത്തെ, എൽഡിഎഫ് സർക്കാറിനോട് കേസ് നടത്തി തോറ്റ, പഴയ പ്രോസിക്യൂട്ടറിനെ വീണ്ടും നിയമിച്ചു. അതും ഹോം ഡിപ്പാർട്ട്‌മെന്റ് ഓർഡർ പ്രകാരം. ഇവിടെയാണ് ഒരു വിശദീകരണം ആവശ്യമുള്ളത്. എന്തിന് എന്നെ മാറ്റി എന്ന് ഒരു ഓർഡറിലും പറഞ്ഞിട്ടില്ല. അതെന്തായാലും വീണ്ടും യുഡിഎഫ് കാലത്തെ പ്രോസിക്യൂട്ടറിനെ തന്നെ അപ്പോയിന്റ് ചെയ്യാനുള്ള കാരണമെന്ത്? അതിന്റെ പിന്നിലെ കാരണം എന്ത്?
ചാക്കോയും സോജനും എഫിഷ്യന്റ് ആയി കേസ് അന്വേഷിച്ചു കണ്ടെത്തി എന്നാണോ സിഎമ്മിന്റെ കണ്ടെത്തൽ?
വാളയാർ കേസിൽ സിഡബ്ല്യുസി ചെയർമാൻ ഒരു പ്രതിക്ക് വേണ്ടി ഹാജരാവുകയും അതിന് അന്വേഷണം വന്നപ്പോൾ സത്യമായി മൊഴി കൊടുത്തതിന് പിറകെയാണ് എന്നെ മാറ്റിയത്. അപ്പോൾ മാറ്റുന്നതിനുള്ള കാരണം ഏതാണ്ട് വ്യക്തമാണ്.
വാളയാർ കേസിൽ പ്രോസിക്യൂട്ടർമാരുടെ വീഴ്ച എന്നു പറയാതെ, ആരുടെ വീഴ്ച, എവിടെ എന്നു കൃത്യമായി പറയണം. അല്ലാതെ ഇങ്ങിനെ പുകമറ സൃഷ്ടിക്കുന്നത് എന്തിനാണ്. ഞാനിത്രയും കാലം മിണ്ടാതിരുന്നത് തെറ്റായി എന്നു ഇപ്പോൾ തോന്നുന്നു. ഇക്കാര്യത്തിൽ ആരുമായും ഒരു ചർച്ചക്ക് ഞാൻ തയ്യാറാണ്.
മൊത്തമായി ഒരുമിച്ചു എഴുതിയാൽ വായിക്കാൻ ബുദ്ധിമുട്ടുണ്ടാവും. കമ്മീഷൻ തെളിവെടുപ്പിനെ കുറിച്ചും എനിക്ക് പറയാനുണ്ട്. അത് പിന്നെയാവട്ടെ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here