ഉയരം കൂടും തോറും വീഴ്ചയുടെ വേദനയും കൂടും; ഡൽഹി ക്യാപിറ്റൽസിൻ്റെ വ്യാകുലതകൾ

അങ്ങനെ ഡൽഹി ക്യാപിറ്റൽസ് തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ പരാജയമറിഞ്ഞിരിക്കുന്നു. സീസണിലെ ഏറ്റവും കരുത്തരായ ടീമെന്ന വിശേഷണം എങ്ങനെയൊക്കെയോ അവർക്ക് കൈമോശം വന്നിരിക്കുകയാണ്. എങ്ങനെയൊക്കെയോ എന്ന് പറയുമ്പോൾ ബാറ്റിംഗും ബൗളിംഗുമെല്ലാം പെട്ടെന്ന് ഫോമൗട്ടാവുന്നു. സ്ഥിരതയോടെ ബാറ്റ് ചെയ്തിരുന്ന ശ്രേയാസ് അയ്യരും മാർക്കസ് സ്റ്റോയിനിസും അടക്കമുള്ള താരങ്ങൾ ക്ലൂലസായി നിൽക്കുന്നു. ബൗളിംഗായിരുന്നു ഒരു ആശ്വാസം. ഇന്നത്തെ കളിയിൽ അതിനും ഒരു തീരുമാനമായി.
സീസണിലെ ഏറ്റവും ശക്തരായ ബൗളിംഗ് നിരയ്ക്കെതിരെ പ്രശസ്തമായ ഒരു മഹദ്‌വചനം മുൻനിർത്തിയാണ് ഹൈദരാബാദ് കളിച്ചത്. ആക്രമണമാണ് ഏറ്റവും മികച്ച പ്രതിരോധമെന്ന ക്വോട്ട് വാർണറും സാഹയും പാണ്ഡെയുമൊക്കെ നടപ്പിലാക്കിയപ്പോൾ കളത്തിൽ കണ്ടത് ഡൽഹി വധം. 25 ഐപിഎൽ മത്സരങ്ങൾക്കു ശേഷം കഗീസോ റബാഡ വിക്കറ്റില്ലാതെ തൻ്റെ സ്പെൽ അവസാനിപ്പിക്കുമ്പോൾ തന്നെ ഹൈദരാബാദിൻ്റെ ബ്രൂട്ടൽ അറ്റാക്കിൻ്റെ ശക്തി മനസ്സിലാവുന്നു. 4 ഓവറിൽ റബാഡ വഴങ്ങിയത് 54 റൺസാണ്. പോസിറ്റീവ് ഇൻ്റൻ്റ് തന്നെയാണ് ഇന്നത്തെ ഹൈദരാബാദ് വിജയത്തിനു കാരണം. വാർണർ പുറത്തായപ്പോൾ സാഹയും സാഹ പുറത്തായപ്പോൾ പാണ്ഡെയും ബാറ്റൺ കെടാതെ സംരക്ഷിച്ചു.
Read Also : സ്പിൻ വല നെയ്ത് റാഷിദ് ഖാൻ; തകർന്നടിഞ്ഞ് ഡൽഹി
മറുപടി ബാറ്റിംഗിൽ ധവാൻ ആദ്യ ഓവറിൽ പുറത്തായപ്പോഴേ ഡൽഹി മത്സരം പകുതി പരാജയപ്പെട്ടിരുന്നു. ബാറ്റിംഗ് ഓർഡറിൽ വരുത്തിയ മാറ്റം ഒരു പാനിക്ക് മൂവ് മാത്രമായി. അത് പരാജയപ്പെട്ടപ്പോൾ ഡൽഹിയുടെ പരാജയഭാരത്തിനും ശക്തി കൂടി. അതോടൊപ്പം പറയേണ്ട ഒരു സ്പെൽ ഉണ്ട്. നാലോവറിൽ 7 റൺസ് വഴങ്ങി മൂന്ന് പേരെ കീശയിലാക്കിയ ഒരു മാജിക്ക് സ്പെൽ. റാഷിദ് ഖാൻ്റെ മറ്റൊരു ‘സാദാ’ ദിവസം. എറിഞ്ഞ ആദ്യ പന്തിൽ ഉൾപ്പെടെ ആദ്യ ഓവറിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയ റാഷിദിൻ്റെ സ്പെൽ ഡൽഹിയെ ചുരുട്ടിക്കൂട്ടുകയാണ്. ഫയർപവർ നഷ്ടപ്പെട്ട പന്ത് നല്ല കാഴ്ചയല്ല. പഴയ വെടിക്കെട്ട് ബാറ്റിംഗ് എവിടെയോ നഷ്ടപ്പെട്ടു. അത് ഡൽഹിക്കും ഇന്ത്യക്കും തിരിച്ചടിയാണ്.
ഫൈനൽ ഫോറിലേക്കുള്ള പോര് വീണ്ടും മുറുകുകയാണ്. ഇന്നത്തെ തോൽവിയോടെ ഡൽഹി മൂന്നാം സ്ഥാനത്തും ബാംഗ്ലൂർ രണ്ടാം സ്ഥാനത്തും എത്തി. ഹൈദരാബാദ് ആറാമതാണ്.
Story Highlights – sunrisers hyderabad vs delhi capitals analysis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here