പാട്ടുകൾ മാത്രമുള്ള റേഡിയോ അല്ല, ഇത് കഥയും വിജ്ഞാനവും, ഹാസ്യവും നിറഞ്ഞ സ്‌റ്റോറിയോ

ഓഫിസിലിരിക്കുമ്പോൾ, വീട്ടിൽ എന്നിങ്ങനെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും സ്‌ക്രീൻ ടൈമിൽ ചെലവഴിക്കുന്നവരാണ് നമ്മൾ. കാരണം ഓൺലൈൻ ലോകത്ത് കാണാൻ കാഴ്ചകൾ അനവധിയാണ്. എന്നാൽ കേൾക്കാനോ ? യാത്ര ചെയ്യുമ്പോൾ മാത്രമാണ് കണ്ണുകൾക്ക് ലാപ്‌ടോപ്പ്/കമ്പ്യൂട്ടർ/മൊബൈൽ സ്‌ക്രീനുകളിൽ നിന്ന് ഒരു മോചനം ലഭിക്കുന്നത്. ഈ സമയത്ത് പാട്ടുകളല്ലാതെ വേറെ എന്താണ് നമുക്ക് കേൾക്കാൻ ഉള്ളത് ? കഥ കേൾക്കാനും, വിജ്ഞാനപ്രദമായ കാര്യങ്ങൾ കേൾക്കാനും, ഒരു നല്ല തമാശ കേട്ട് ചിരിക്കാനും ഇഷ്ടമില്ലാത്തവരായി ആരാണ് ഉള്ളത് ? ഈ ചിന്ത തന്നെയാണ് ‘സ്റ്റോറിയോ’ എന്ന സംരംഭത്തിന്റെ ആശയവും. ഒരു ലക്ഷത്തിലേറെ ഡൗൺലോഡുകൾ ലഭിച്ച മലയാളി സംരംഭമായ സ്‌റ്റോറിയോയിൽ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് കേൾക്കാൻ നിരവധി വിഭവങ്ങളാണ് ഉള്ളത്.
രാഹുൽ നായർ രൂപം നൽകിയ സ്റ്റോറിയോ
ഒരു പോഡ്കാസ്റ്റ് പ്ലാറ്റ്‌ഫോമാണ് സ്‌റ്റോറിയോ. ഇതിൽ നിരവധി വിഭാഗങ്ങളിലായി അഞ്ച് ലക്ഷത്തിലേറെ പോഡ്കാസ്റ്റുകളുണ്ട്. ഇതിൽ ഭൂരിഭാഗവും സൗജന്യമായി കേൾക്കാം എന്നതാണ് സ്‌റ്റോറിയോയുടെ പ്രത്യേകത. വാർത്തകൾ, വിജ്ഞാനപ്രദമായ കാര്യങ്ങൾ, സ്റ്റാൻഡ് അപ്പ് കോമഡികൾ പോലുള്ള ഹാസ്യ പരിപാടികൾ, കഥകൾ, കായികം, ആരോഗ്യം എന്നിങ്ങനെ അറുപതിലേറെ വിഭാഗങ്ങളുണ്ട്. മൊബൈൽ ആപ്ലിക്കേഷനായും, വെബ്‌സൈറ്റായും പ്രവർത്തിക്കുന്ന സ്റ്റോറിയോയെ നിരവധി പേരാണ് ദിനംപ്രതി വിവിധ കണ്ടെന്റുകൾക്കായി ആശ്രയിക്കുന്നതെന്ന് രാഹുൽ ട്വന്റിഫോർ ന്യൂസ്.കോമിനോട് പറഞ്ഞു.
ലോകത്തുള്ള ആർക്കും സ്‌റ്റോറിയോ എന്ന പോഡ്കാസ്റ്റ് പ്ലാറ്റ്‌ഫോമിലൂടെ നിങ്ങളുടെ കണ്ടെന്റ് വിൽക്കാം. സ്‌റ്റോറിയോയിലെ മാർക്കറ്റ് പ്ലേസ് എന്ന വിഭാഗത്തിൽ ഇത്തരത്തിൽ പണം കൊടുത്ത് പൊതുജനങ്ങൾക്ക് വാങ്ങാൻ സാധിക്കുന്ന നിരവധി പോഡ്കാസ്റ്റുകൾ ലഭ്യമാണ്.
ജെംസിൽ നിന്ന് സ്റ്റോറിയോയിലേക്ക്
സ്ഥിരമായി പോഡ്കാസ്റ്റ് കേൾക്കുന്ന വ്യക്തിയായിരുന്നു രാഹുൽ. ജെംസ് എജ്യുക്കേഷൻ എന്ന സ്ഥാപനത്തിൽ നിരവധി വർഷങ്ങൾ ജേലി ചെയ്തിട്ടുണ്ട് രാഹുൽ. ജോലി ചെയ്തിരുന്നപ്പോൾ ബിബിസി പോഡ്കാസ്റ്റ് അടക്കം കേൾക്കാറുണ്ടായിരുന്നു രാഹുൽ. ഈ താത്പര്യമാണ് പ്രവൃത്തി മേഖലയാക്കി മാറ്റാൻ രാഹുൽ തീരുമാനിച്ചത്.
വീടിനും, ഓഫിസിനുമിടയിൽ യാത്ര ചെയ്യുന്ന ആളുകൾക്ക് പലപ്പോഴും വിഡിയോ കാണുക എന്നത് പ്രായോഗികമല്ല. അതുകൊണ്ട് ഇവർ കാഴ്ചയിൽ നിന്ന് കേൾക്കുക എന്നതിലേക്ക് നീങ്ങും. റേഡിയോ കേട്ട് മടുത്ത ജനത്തിന് പുതിയൊരു അനുഭവം സമ്മാനിക്കുകയാണ് പോഡ്കാസ്റ്റ്. പാട്ടുകളും, വാചകമടിയും മാത്രമല്ലാതെ, പുസ്തകങ്ങൾ വായിച്ച് കേൾക്കാൻ സാധിക്കുന്ന ഓഡിയോ ബുക്‌സും, വിജ്ഞാന പ്രദമായ ഷോകളും മറ്റും ലഭിക്കുന്ന പോഡ്കാസ്റ്റുകളുടെ പ്രസക്തി അവിടെയാണ്. ഈ സാധ്യത തന്നെയാണ് രാഹുലിനെ ആകർഷിച്ചതും. മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് രാഹുൽ നായർ സ്റ്റോറിയോയ്ക്ക് രൂപം നൽകുന്നത്.
അച്ഛൻ സി.എൻ രാധാകൃഷ്ണനും, സഹോദരൻ രോഹിത് നായരും ചേർന്നാണ് സ്‌റ്റോറിയോയ്ക്ക് രൂപം നൽകിയത്. തൃപ്പൂണിത്തുറ, കാക്കനാട് എന്നിവിടങ്ങളിലായി രണ്ട് ഓഫിസുകളാണ് സ്റ്റോറിയോയ്ക്കുള്ളത്. മൂന്ന് വർഷമായി ലക്ഷക്കണക്കിന് ശ്രോതാക്കളാണ് ആപ്പ് വഴിയും, വെബ്‌സൈറ്റ് വഴിയും സ്‌റ്റോറിയോയെ ആശ്രയിക്കുന്നത്….
Story Highlights – success story of storiyoh podcast
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here