Advertisement

സ്വര്‍ണക്കടത്ത് കേസ്: സമഗ്ര അന്വേഷണം ആവശ്യപ്പെട്ടത് സര്‍ക്കാര്‍; മനസാക്ഷിയെ കോടതിയുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ തയാറല്ലെന്ന് മുഖ്യമന്ത്രി

October 29, 2020
Google News 1 minute Read

സ്വര്‍ണക്കടത്ത് കേസില്‍ സമഗ്ര അന്വേഷണം ആദ്യം ആവശ്യപ്പെട്ടത് സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യാന്തര കള്ളക്കടത്ത് കേവലം നികുതി വെട്ടിപ്പില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല എന്ന അഭിപ്രായം പൊതുമണ്ഡലത്തിലും കേന്ദ്രസര്‍ക്കാരിന് മുന്നിലും ഉയര്‍ത്തിയത് സംസ്ഥാന സര്‍ക്കാരാണ്. രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ക്കുന്ന ഇത്തരം പ്രവര്‍ത്തനത്തിനെതിരെ സമഗ്രവും ഏകോപിതവുമായ അന്വേഷണം ആവശ്യമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അതിന് ആവശ്യമായ എല്ലാ സഹായ സഹകരണവും വാഗ്ദാനം ചെയ്തു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്ത് എഴുതിയിരുന്നു. അഴിമതിയും നികുതിവെട്ടിപ്പും രാജ്യത്തിന്റെ സാമ്പത്തിക കുറ്റങ്ങളും എന്തു വിലകൊടുത്തും ചെറുക്കണമെന്ന ശക്തമായ അഭിപ്രായമാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. ഇതിനായി നാട്ടില്‍ നിലനില്‍ക്കുന്ന നിയമങ്ങള്‍ക്ക് അനുസൃതമായി കേസ് എടുക്കുകയും ഇത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ നീതിന്യായ കോടതികള്‍ക്ക് മുന്‍പില്‍ കൊണ്ടുവരണമെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇവിടെ മുന്‍കാലങ്ങളിലെ പോലെ നിയമത്തിന് അതീതമായി മനസാക്ഷിയെ കോടതിയുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ ഈ സര്‍ക്കാര്‍ തയാറായില്ല. അവിടെയാണ് അഴിമതിയുടെ സമീപനത്തില്‍ മുന്‍ യുഡിഎഫ് സര്‍ക്കാരും ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാരും തമ്മിലുള്ള കാതാലായ വ്യത്യാസം. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സ്വപ്‌നാ സുരേഷ് കെഎസ്‌ഐടിഎല്ലിന്റെ പ്രോജക്ടായ സ്‌പെയ്‌സ് പാര്‍ക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നു. സംഭവം പുറത്തുവന്ന ഉടനെ അവരുടെ കരാര്‍ സേവനം അവസാനിപ്പിച്ചു. അവരുടെ ബിരുദത്തെപ്പറ്റിയുണ്ടായ ആരോപണങ്ങളില്‍ പരാതി ലഭിച്ച ഉടനെ ക്രൈം രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ധനകാര്യ അന്വേഷണ വിഭാഗം 2011 മുതലുള്ള ഐടി മേഖലയിലെ എല്ലാ നിയമനങ്ങളും ക്രമത്തിലാണോ എന്ന് വിശദമായി പരിശോധിച്ചുവരികയാണ്. കേന്ദ്ര സര്‍ക്കാരിന്റെ കസ്റ്റംസ് ആക്ടിന്റെ ലംഘനം നടക്കുകയും അത് വെളിച്ചത്തുവരികയും അതില്‍ കസ്റ്റംസ് വകുപ്പ് നടപടി സ്വീകരിക്കുകയും ചെയ്ത ഒരു കേസിനെ എത്ര വക്രീകരിച്ചാണെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും തലയില്‍ കെട്ടിവയ്ക്കാനാണ് പ്രതിപക്ഷവും മറ്റ് ചിലരും ശ്രമിക്കുന്നത്. ഇതിനായി കസ്റ്റംസ് അന്വേഷണത്തില്‍ ഇടപെട്ടുവെന്ന് ആദ്യഘട്ടത്തില്‍ പൊളിഞ്ഞുവീണ അസത്യത്തെ വീണ്ടും കൊണ്ടുവരികയാണ്.

Read Also : അടിസ്ഥാനരഹിതമായ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം: മുഖ്യമന്ത്രി

ഇപ്പോള്‍ കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്, സിബിഐ, ആദായനികുതി വകുപ്പ് എന്നീ ഏജന്‍സികള്‍ വിവിധ കേസുകള്‍ അന്വേഷിക്കുന്നുണ്ട്. അന്വേഷണം അതിന്റെ വഴിക്ക് സ്വതന്ത്രമായി നടക്കട്ടെയെന്ന അഭിപ്രായമാണ് സര്‍ക്കാരിനുള്ളത്. ഇതില്‍ ഒരു ഏജന്‍സി ‘സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷനിലെ അറിയപ്പെടാത്ത ഉദ്യോഗസ്ഥര്‍’എന്ന പേര് പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് എറണാകുളത്തെ കോടതി മുന്‍പാകെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ സര്‍ക്കാരിന് നിയമോപദേശം തേടേണ്ടി വന്നു. ലഭ്യമായ നിയമോപദേശം സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ ഇക്കാര്യത്തില്‍ വിദേശ സംഭവന നിയന്ത്രണ നിയമം ലംഘിച്ചിട്ടില്ലെന്നാണ്. ഇതിനെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ഹര്‍ജി സര്‍ക്കാര്‍ ഫയല്‍ ചെയ്യുകയും ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ ലൈഫ് മിഷനെതിരെയുള്ള അന്വേഷണം സ്റ്റേ ചെയ്യുകയും ചെയ്തത്. ശരിയായ ദിശയിലുള്ള അന്വേഷണത്തെ സര്‍ക്കാര്‍ ഒരിക്കലും എതിര്‍ത്തിട്ടില്ല. എന്നാല്‍ നിയമത്തിന്റെ പരിധിവിട്ട് ഏതെങ്കിലും അന്വേഷണത്തിന്റെ ദിശമാറിയാല്‍ അതില്‍ നിയമപരമായ പരിഹാരം തേടുന്നതില്‍ പാകപ്പിഴയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights Gold smuggling case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here