ശിവശങ്കറിനെ ഏഴ് ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടു; ഉപാധികൾ മുന്നോട്ടുവച്ച് കോടതി

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ടു. ഏഴ് ദിവസത്തെ കസ്റ്റഡിയിലാണ് വിട്ടത്. ശിവശങ്കറിന്റെ ആവശ്യം പരിഗണിച്ച് ചില ഉപാധികളും കോടതി മുന്നോട്ടുവച്ചു.

ശിവശങ്കറിനെ പകൽ ആറ് മണി മുതൽ വൈകീട്ട് ആറ് വരെ മാത്രം ചോദ്യം ചെയ്യണമെന്ന് കോടതി മുന്നോട്ടുവച്ച ഉപാധിയിൽ പറയുന്നു. തുടർച്ചയായി മൂന്ന് മണിക്കൂർ മാത്രം ചോദ്യം ചെയ്യണം. മൂന്ന് മണിക്കൂർ ചോദ്യം ചെയ്ത ശേഷം ഒരു മണിക്കൂർ വിശ്രമം അനുവദിക്കണം. ചോദ്യം ചെയ്യൽ തടസപ്പെടാതെ ആയുർവേദ ചികിത്സ ആകാം. ശിവശങ്കറിന് ബന്ധുക്കളേയും അഭിഭാഷകരേയും കാണാനുള്ള അനുവാദവും കോടതി നൽകി.

നിരന്തരമായ ചോദ്യം ചെയ്യൽ ആരോഗ്യപ്രശ്‌നം സൃഷ്ടിച്ചുവെന്നും രണ്ടര മണിക്കൂർ കൂടുതൽ ഇരിക്കാൻ സാധിക്കില്ലെന്നും എം. ശിവശങ്കർ കോടതിയെ അറിയിച്ചിരുന്നു. വൈദ്യ സഹായം ആവശ്യപ്പെട്ട് അപേക്ഷ നൽകുകയും ചെയ്തു. ഇത് പരിഗണിച്ചാണ് കോടതിയുടെ നടപടി.

Story Highlights M shivashankar, ED

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top