എം ശിവശങ്കറിന്റെ അറസ്റ്റ്: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവജന സംഘടനകളുടെ വ്യാപക പ്രതിഷേധം

എം ശിവശങ്കറിന്റെ അറസ്റ്റിന് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവജനസംഘടനകളുടെ വ്യാപക പ്രതിഷേധം. യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസിന് നേരെ നടത്തിയ മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

ഒരിടവേളയ്ക്ക് ശേഷമാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുന്നത്. മഹിളാ മോർച്ച പ്രവർത്തകർ സെക്രട്ടേറിയറ്റ് വളപ്പിനകത്ത് ചാടിക്കയറി. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിന് മുന്നിൽ പ്രവർത്തകർ പ്രതിഷേധിച്ചു.

സെക്രട്ടറിയേറ്റിലേക്ക് യുവമോർച്ച സംഘടിപ്പിച്ച പ്രതിഷേധമാർച്ചിലും നേരിയ സംഘർഷമുണ്ടായി. സെക്രട്ടേറിയറ്റിനകത്തേക്ക് ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. കൊച്ചി എൻഫോഴ്‌സ്‌മെന്റ് ഓഫീസിന് മുൻപിൽ ബി.ജെ.പി പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് പ്രവർത്തകർ ക്ലിഫ് ഹൗസ് റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. കോട്ടയത്ത് യുവമോർച്ച പ്രവർത്തകർ എം.സി റോഡ് ഉപരോധിച്ചു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പാലക്കാട് യുവമോർച്ച പ്രവർത്തകർ സുൽത്താൻപേട്ടയിൽ റോഡ് ഉപരോധിച്ചു. മുഖ്യമന്ത്രി രാജിവയ്ക്കും വരെ പ്രതിഷേധം തുടരുമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ നിലപാട്.

Story Highlights Protest, M Shivashankar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top