ബിനീഷ് തന്റെ ‘ബോസ്’ ആണെന്ന് അനൂപ് സമ്മതിച്ചതായി ഇഡി

ലഹരിക്കടത്ത് കേസിലെ പ്രതി മുഹമ്മദ് അനൂപ്, ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബിനീഷ് തന്റെ ബോസ് ആണെന്ന് അനൂപ് സമ്മതിച്ചിട്ടുണ്ട്. അനൂപിന്റെ പേരില്‍ തുടങ്ങിയ ഹോട്ടലിന്റെ യഥാര്‍ത്ഥ ഉടമ ബിനീഷ് ആണെന്നും ഇഡി കണ്ടെത്തി. ഇരുവരും തമ്മില്‍ വന്‍ തുകയുടെ സാമ്പത്തിക ഇടപാടുകളും നടന്നിട്ടുണ്ട്. ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

ലഹരിക്കടത്ത് കേസിലെ പ്രതി മുഹമ്മദ് അനൂപ്, ബിനീഷ് കോടിയേരിയുടെ ബിസിനസ് പാര്‍ട്ട്ണര്‍ അല്ല, ബിനാമിയാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ്് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. തന്റെ സാമ്പത്തിക ഇടപാടുകളെല്ലാം ബോസായ ബിനീഷിന്റെ നിര്‍ദേശപ്രകാരമായിരുന്നു എന്ന് അനൂപ് മൊഴി നല്‍കിയിട്ടുണ്ട്. ഇരുവരും തമ്മില്‍ വന്‍ തുകയുടെ ഇടപാടുകള്‍ നടന്നിരുന്നു. വിവിധ അക്കൗണ്ടുകള്‍ വഴി ബിനീഷ് കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചുവെന്നും ഇഡിയുടെ കസ്റ്റഡി റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരളത്തിലെ നിരവധി അക്കൗണ്ടുകളില്‍ നിന്ന് ബിനീഷിനും അനധികൃതമായി പണം ലഭിച്ചു. സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കൊന്നും ബിനീഷ് കൃത്യമായ ഉത്തരം നല്‍കിയില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഇഡിയുടെ റിപ്പോര്‍ട്ടിലുണ്ട്. ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ബിനീഷിനെതിരെ ചുമത്തിയിട്ടുള്ളത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ബംഗളൂരുവിലെ സോണല്‍ ഓഫീസില്‍ ബിനീഷിനെ ചോദ്യം ചെയ്യുകയാണ്. ബിനിഷിനെയും അനൂപിനേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനും നീക്കമുണ്ട്. കസ്റ്റഡി കാലാവധി അവസാനിക്കുന്ന തിങ്കളാഴ്ച ഇഡി കോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ബിനീഷിനെ കസ്റ്റഡിയില്‍ വേണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടേക്കും.

Story Highlights Anoop admits Bineesh is his boss

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top