ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; രണ്ടാം ഘട്ടപ്രചാരണം ഇന്ന് അവസാനിക്കും

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടപ്രചരണം ഇന്ന് അവസാനിക്കും. സീമാഞ്ചൽ മേഖലയിലെ 91 മണ്ഡലങ്ങളിലെ പ്രചരണമാണ് ഇന്ന് കൊട്ടിക്കലാശിക്കുക. ചൊവ്വാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അതിശക്തമായ സുരക്ഷയാണ് 91 മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ഒരുക്കിയിരിക്കുന്നത്.
അധികാരം നിലനിർത്താൻ എൻ.ഡി.എയും ഭരണത്തിലേറാൻ യു.പി.എയും കിണഞ്ഞ് പരിശ്രമിച്ചപ്പോൾ തീപാറുന്ന പോരാട്ടമാണ് രണ്ടാം ഘട്ടത്തിൽ ഇപ്പോൾ നടക്കുന്നത്. വെസ്റ്റ് ചമ്പാരൻ, ഈസ്റ്റ് ചമ്പാരൻ, ദർഭംഗ, മധുബാനി, അരാരിയ, പൂർണ, കിഷൻഗഞ്ച്, കതിഹാർ തുടങ്ങിയ സീമാഞ്ചലിന്റെ പരിധിയിൽ വരുന്ന ജില്ലകളാകും രണ്ടാം ഘട്ടത്തിൽ ഇന്ന് പരസ്യ പ്രചരണത്തിനോട് വിടപറയുക. സമസ്തിപൂർ, പട്‌ന, വൈശാലി, മുസാഫർപൂർ തുടങ്ങിയ ജില്ലകളിലും ഇന്ന് പ്രചരണം അവസാനിക്കും. ആകെ 1463 സ്ഥാനാർത്ഥികളാണ് 91 സീറ്റുകളിലേക്ക് ജനവിധി തേടുന്നത്. പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്വാധീന മേഖലകളായ കിഷൻ ഗഞ്ച്, അരാരിയ, കതിഹാർ, പൂർണിയ തുടങ്ങിയ ജില്ലകളിലാണ് എറ്റവും ശക്തമായ പ്രചരണം നടക്കുന്നത്. എൽ.ജെ.പി 26 ഇടങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. സി.പി.ഐ.എമ്മും സി.പി.ഐയും അടക്കമുള്ള ഇടത് പാർട്ടികളെ സംബന്ധിച്ച് ഈ ഘട്ടം വളരെ പ്രധാനപ്പെട്ടതാണ്. അവർ മത്സരിക്കുന്ന ഏതാണ്ട് എല്ലാ മണ്ഡലങ്ങളും രണ്ടാം ഘട്ടത്തിൽ ബൂത്തിലെത്തും. ഇന്ന് പ്രചരണം അവസാനിക്കുന്ന 91 മണ്ഡലങ്ങളിലും ഇതിനകം കേന്ദ്രസേനയെ അടക്കം അണിനിരത്തി ശക്തമായ സുരക്ഷയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരിക്കുന്നത്.
Story Highlights – Bihar election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here