നിർണായക മത്സരത്തിൽ തകർപ്പൻ പ്രകടനം; കൂറ്റൻ ജയത്തോടെ കൊൽക്കത്ത പ്ലേ ഓഫിനരികെ

ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലെ നിർണായകമായ അവസാന ഗ്രൂപ്പ് മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് കൂറ്റൻ ജയം. 60 റൺസിനാണ് കൊൽക്കത്തയുടെ ജയം. 192 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. 4 വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിൻസാണ് രാജസ്ഥാനെ തകർത്തെറിഞ്ഞത്. 35 റൺസ് നേടിയ ജോസ് ബട്‌ലർ ആണ് രാജസ്ഥാൻ്റെ ടോപ്പ് സ്കോറർ. ബട്‌ലറെ കൂടാതെ രാഹുൽ തെവാട്ടിയ (31), ശ്രേയാസ് ഗോപാൽ (23), ബെൻ സ്റ്റോക്സ് (18) എന്നിവർ മാത്രമേ രാജസ്ഥാൻ നിരയിൽ ഇരട്ടയക്കം കടന്നുള്ളൂ. മികച്ച ജയത്തോടെ കൊൽക്കത്ത പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കുകയും ചെയ്തു. രാജസ്ഥാൻ പ്ലേ ഓഫ് കാണാതെ പുറത്തായി.
നേരിട്ട ആദ്യ പന്ത് തന്നെ സിക്സറടിച്ചാണ് റോബിൻ ഉത്തപ്പയും രാജസ്ഥാൻ റോയൽസും ഇന്നിംഗ്സ് ആരംഭിച്ചത്. 19 റൺസ് പിറന്ന ആദ്യ ഓവറിലെ അവസാന പന്തിൽ ഉത്തപ്പ വീണു. ഉത്തപ്പയെ (6) കമ്മിൻസ് നഗർകൊടിയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. മൂന്നാം ഓവറിൽ കമ്മിൻസ് വീണ്ടും ആഞ്ഞടിച്ചു. ആ ഓവറിലെ ആദ്യ പന്തിൽ സ്റ്റോക്സും (18) അവസാന പന്തിൽ സ്മിത്തും (4) മടങ്ങി. സ്റ്റോക്സിനെ ദിനേശ് കാർത്തിക് ഗംഭീരമായി പിടികൂടിയപ്പോൾ സ്മിത്ത് പ്ലെയ്ഡ് ഓൺ ആയി. അടുത്ത ഓവറിൽ സഞ്ജുവും (1) പുറത്തായി. മലയാളി താരത്തെ ശിവം മവി ദിനേശ് കാർത്തികിൻ്റെ കൈകളിൽ എത്തിച്ചു. അഞ്ചാം ഓവറിൽ അടുത്ത വിക്കറ്റ് വീണു. റിയാൻ പരഗ് (0) കമ്മിൻസിൻ്റെ പന്തിൽ ദിനേശ് കാർത്തികിനു പിടി നൽകി മടങ്ങി. പവർ പ്ലേ അവസാനിക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 41 എന്നായിരുന്നു രാജസ്ഥാൻ്റെ സ്കോർ.
ആറാം വിക്കറ്റിൽ ജോസ് ബട്‌ലർ-രാഹുൽ തെവാട്ടിയ സഖ്യം കൂട്ടിച്ചേർത്ത 43 റൺസാണ് രാജസ്ഥാനെ വലിയ നാണക്കേടിൽ നിന്ന് കര കയറ്റിയത്. 11ആം ഓവറിൽ ബട്‌ലറെ (35) പുറത്താക്കിയ വരുൺ ചക്രവർത്തി രാജസ്ഥാൻ്റെ അവസാന പ്രതീക്ഷയും തല്ലിക്കെടുത്തി. ബട്‌ലറെ കമ്മിൻസ് പിടികൂടുകയായിരുന്നു. ഏഴാം വിക്കറ്റിൽ ശ്രേയാസ് ഗോപാലിനെ കൂട്ടുപിടിച്ച് തെവാട്ടിയ പൊരുതി നോക്കിയെങ്കിലും 15ആം ഓവറിൽ വരുൺ വീണ്ടും അവതരിച്ചു. തെവാട്ടിയയെ (31) ദിനേശ് കാർത്തികിൻ്റെ കൈയിലെത്തിച്ച വരുൺ 25 റൺസിൻ്റെ കൂട്ടുകെട്ടും തകർത്തു.
പിന്നെ എല്ലാം ഒരു ചടങ്ങ് മാത്രമായിരുന്നു. ജോഫ്ര ആർച്ചർ (6) കമലേഷ് നഗർകൊടിയുടെ പന്തിൽ ശിവം മവിക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. കാർത്തിക് ത്യാഗിയെ (2) സ്വന്തം ബൗളിംഗിൽ ശിവം മവി പിടികൂടി. ശ്രേയാസ് ഗോപാൽ (23) പുറത്താവാതെ നിന്നു.
Story Highlights – kolkata knight riders won against rajasthan royals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here