സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നതായി പ്രതിപക്ഷ നേതാവ്

സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണ ഏജന്‍സികളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. വിജിലന്‍സിനെക്കൊണ്ട് ശിവശങ്കറിനെതിരെ കേസ് എടുപ്പിച്ചത് സിബിഐ അന്വേഷണം അട്ടിമറിക്കാനാണെന്നും കെഫോണ്‍ സുതാര്യമാണെങ്കില്‍ രേഖകള്‍ നല്‍കണമെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

അതേസമയം, വടക്കാഞ്ചേരി ലൈഫ് ക്രമക്കേടിലെ കോഴ ഇടപാടിന് തെളിവായ ഐ ഫോണുകള്‍ പിടിച്ചെടുക്കാന്‍ വിജിലന്‍സ് തീരുമാനമെടുത്തു. അഡീഷണല്‍ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് ലഭിച്ച ഐ ഫോണ്‍ അന്വേഷണ സംഘത്തിന് കൈമാറി. ബാക്കിയുള്ള ഫോണുകള്‍ കൈമാറാന്‍ നിര്‍ദേശിച്ച് അന്വേഷണസംഘം ഉടന്‍ നോട്ടീസ് നല്‍കും. ഇതിനിടെ സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും, സന്ദീപ് നായരെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു.

വടക്കാഞ്ചേരി ലൈഫ് ക്രമക്കേടില്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ കോഴയായി കൈമാറിയ ഐ ഫോണുകള്‍ എല്ലാം പിടിച്ചെടുക്കാനാണ് വിജിലന്‍സ് തീരുമാനം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് ഐ ഫോണ്‍ ലഭിച്ചെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് വിജിലന്‍സ് നീക്കം. നറുക്കെടുപ്പിലൂടെ ഐ ഫോണ്‍ ലഭിച്ച കാട്ടാക്കട സ്വദേശി പ്രവീണ്‍ വിജിലന്‍സ് നിര്‍ദേശ പ്രകാരം ഫോണ്‍ കൈമാറിയിരുന്നു. അഡീഷണല്‍ പ്രോട്ടോക്കോള്‍ ഓഫീസര്‍ രാജീവന് ലഭിച്ച ഐ ഫോണ്‍ പൊതുഭരണ വകുപ്പ് ഇന്ന് വിജിലന്‍സിന് കൈമാറിയിട്ടുണ്ട്. എയര്‍ അറേബ്യ മാനേജര്‍ പത്മനാഭ ശര്‍മയ്ക്ക് അടിയന്തരമായി ഫോണ്‍ ഹാജരാക്കാനാവശ്യപ്പെട്ട് നോട്ടീസ് നല്‍കി. സന്തോഷ് ഈപ്പനെ കൂടാതെ ഫോണ്‍ ലഭിച്ചെന്ന് കരുതുന്ന ശിവശങ്കര്‍, കോണ്‍സുലേറ്റ് ജനറല്‍, ജിത്തു എന്നിവര്‍ക്ക് വിജിലന്‍സ് ഉടന്‍ നോട്ടീസ് നല്‍കും.

Story Highlights gold smuggling case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top