Advertisement

നൂറു ദിവസം കൊണ്ട് അമ്പതിനായിരം തൊഴിലവസരങ്ങള്‍ എന്ന ലക്ഷ്യം മറികടന്നു: മുഖ്യമന്ത്രി

November 5, 2020
1 minute Read

നൂറു ദിവസം കൊണ്ട് അമ്പതിനായിരം തൊഴിലവസരങ്ങള്‍ എന്ന ലക്ഷ്യം മറികടന്ന വിവരം സസന്തോഷം പ്രഖ്യാപിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടു മാസം പിന്നിടുമ്പോള്‍ 61,290 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. അഭിമാനകരമായ ആ നേട്ടം കരസ്ഥമാക്കാന്‍ പ്രയത്‌നിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു. ഇന്ന് പുതിയൊരു ലക്ഷ്യവും കൂടി നിശ്ചയിക്കുകയാണ്. ഡിസംബര്‍ അവസാനിക്കുന്നതിനു മുമ്പ് മറ്റൊരു അമ്പതിനായിരം തൊഴിലവസരം കൂടി സൃഷ്ടിക്കും. അങ്ങനെ നാലു മാസം കൊണ്ട് ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

സര്‍ക്കാര്‍ വകുപ്പുകള്‍, മറ്റു പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍ 19,607 പേര്‍ക്ക് തൊഴില്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ താല്‍ക്കാലിക ജീവനക്കാരും ഉള്‍പ്പെടും. ഇതിനു പുറമെ സര്‍ക്കാരില്‍ നിന്നോ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നോ എടുത്ത വായ്പയുടെ അടിസ്ഥാനത്തില്‍ തുടങ്ങിയിട്ടുള്ള സംരംഭങ്ങളില്‍ 41,683 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.

സംരംഭകത്വ മേഖലയില്‍ ഏറ്റവും വലിയ തൊഴില്‍ദാതാവ് കുടുംബശ്രീയാണ്. കുടുംബശ്രീയുടെ ക്വാട്ട 15,000 ആയിരുന്നു. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി 19,135 പേര്‍ക്ക് കുടുംബശ്രീ തൊഴില്‍ നല്‍കി. ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളിലാണ് 6965 പേര്‍. സെപ്റ്റംബറിനുശേഷം തുടങ്ങിയ ജനകീയ ഹോട്ടലുകളില്‍ 613 പേര്‍ക്ക് ജോലി ലഭിച്ചു. ഹോം ഷോപ്പികളിലും വിപണന കിയോസ്‌കുകളിലുമായി 2620 പേര്‍. മൃഗസംരക്ഷണത്തില്‍ 2153 പേര്‍. 1503 പേര്‍ കാര്‍ഷിക മൂല്യവര്‍ധിത സംരംഭങ്ങളിലാണ്. തൊഴിലവസര സൃഷ്ടിക്കുവേണ്ടി അതിവിപുലമായ ഒരു പരിപാടിയാണ് കുടുംബശ്രീ ആവിഷ്‌കരിച്ചിട്ടുള്ളത്. സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് താത്പര്യമുള്ളവരുടെ പൊതു അവബോധ പരിശീലനം നടത്തുവാന്‍ പോവുകയാണ്. അയല്‍ക്കൂട്ടങ്ങളില്‍ നടത്തിയ കാമ്പയിന്റെ ഭാഗമായി ഒരുലക്ഷത്തിലേറെ പേര്‍ ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതു പൂര്‍ത്തിയാക്കുന്നവര്‍ക്ക് സംരംഭകത്വ പരിശീലനമോ നൈപുണി പോഷണമോ നല്‍കും. കെഎഫ്‌സിയില്‍ നിന്ന് വായ്പയും കുടുംബശ്രീയുടെ സഹായവും ലഭ്യമാക്കും.

സംരംഭകത്വ മേഖലയില്‍ 12,325 തൊഴിലുകള്‍ വ്യവസായ ഡയറക്ടറേറ്റ് സൃഷ്ടിച്ചു. കേന്ദ്ര ഉത്തേജക പാക്കേജിന്റെ ഭാഗമായി 1.01 ലക്ഷം പേര്‍ക്ക് 4525 കോടി രൂപ അധികവായ്പയായി ലഭിച്ചതില്‍ 1200 അധിക തൊഴില്‍ കണക്കാക്കപ്പെടുന്നു. ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ വഴിയുള്ള വ്യവസായ യൂണിറ്റുകളും കേരള എംഎസ്എംഇ ഫെസിലിറ്റേഷന്‍ ആക്ടിനു കീഴില്‍ ആരംഭിച്ച യൂണിറ്റുകളും ഉള്‍പ്പെടെയാണ് ഇത്രയും തൊഴിലുകള്‍ സൃഷ്ടിച്ചിട്ടുള്ളത്.

കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ മുഖേന വായ്പയെടുത്ത 500 സംരംഭങ്ങളില്‍ 1602 പേര്‍ക്ക് തൊഴില്‍ ലഭിച്ചു. ഇതുപോലെ പിന്നാക്ക സമുദായ കോര്‍പറേഷന്റെ സംരംഭക വായ്പയില്‍ നിന്ന് 1490ഉം സഹകരണ സംഘങ്ങള്‍ നല്‍കിയ വായ്പയില്‍ നിന്ന് 4030ഉം മത്സ്യബന്ധന വകുപ്പില്‍ നിന്നുള്ള വായ്പയുടെ അടിസ്ഥാനത്തില്‍ 842ഉം പേര്‍ക്ക് തൊഴില്‍ ലഭിച്ചിട്ടുണ്ട്. പട്ടിക ജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷനുകളിലും മറ്റുമായി 782 പേര്‍ക്ക് ജോലി ലഭിച്ചു.

ഇതിനുപുറമേ, നേരിട്ട് ജോലി നല്‍കിയതില്‍ മുന്നില്‍ നില്‍ക്കുന്നത് സപ്ലൈകോ ആണ്. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പില്‍ 7900ല്‍പ്പരം പേര്‍ക്ക് ഭക്ഷ്യകിറ്റുകള്‍ പായ്ക്കു ചെയ്യുന്നതിന് സെപ്തംബര്‍ മുതല്‍ താല്‍ക്കാലിക ജോലി നല്‍കിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പില്‍ 4962 പേര്‍ക്കാണ് ജോലി ലഭിച്ചത്. ഇതില്‍ എയിഡഡ് സ്‌കൂളുകളിലെ 3139ഉം ഹയര്‍ സെക്കന്‍ഡറിയിലെ 92ഉം വിഎച്ച്എസ് സിയിലെ 23ഉം നിയമനങ്ങള്‍ ഉള്‍പ്പെടുന്നു.

കെഎസ്എഫ്ഇയില്‍ 774 പേര്‍ക്ക് പിഎസ്സി വഴി നിയമനം ലഭിച്ചു. ആരോഗ്യവകുപ്പില്‍ 3069 പേര്‍ക്കാണ് ജോലി ലഭിച്ചത്. ഇതില്‍ കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റിലെ 2491 താല്‍ക്കാലിക നിയമനങ്ങളും ഉള്‍പ്പെടും. പൊതുമേഖലാ സ്ഥാപനങ്ങളില്‍ 453 പേര്‍ക്ക് ജോലി ലഭിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പില്‍ 180 പേര്‍ക്കും ജോലി ലഭിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Story Highlights 50000 jobs created in 100 days: cm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top