സൗദിയിൽ തൊഴിലുടമയുടെ അനുമതി ഇല്ലാതെ രാജ്യം വിടാൻ അനുമതി നൽകുന്ന പുതിയ നിയമം വരുന്നു

സൗദിയിൽ തൊഴിലുടമയുടെ അനുമതി ഇല്ലാതെ തന്നെ രാജ്യം വിടാൻ അനുമതി നൽകുന്ന പുതിയ നിയമം വരുന്നു. തൊഴിൽ കരാർ അവസാനിച്ചാൽ വിദേശികൾക്ക് സ്‌പോൺസറുടെ അനുമതി ഇല്ലാതെ തന്നെ വേറെ ജോലി കണ്ടെത്താനും അടുത്ത മാർച്ചിൽ പ്രാബല്യത്തിൽ വരുന്ന നിയമം അനുമതി നൽകുന്നു.
തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സൗദി തൊഴിൽ മേഖലയിൽ സമൂലമായ പരിഷ്‌കരണം നടപ്പിലാക്കുന്നത്. വിദേശ തൊഴിലാളികൾക്ക് കൂടുതൽ അവകാശങ്ങൾ ഉറപ്പ് വരുത്തുന്നതാണ് 2021 മാർച്ച് 14നു പ്രാബല്യത്തിൽ വരുന്ന പുതിയ നിയമം. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികൾക്ക് തൊഴിൽ കരാർ അവസാനിച്ചാൽ സ്‌പോൺസറുടെ അനുമതി ഇല്ലാതെ തന്നെ വേറെ ജോലി കണ്ടെത്തി സ്‌പോൺസർഷിപ്പ് മാറാൻ അനുവാദം നൽകുന്നു എന്നതാണു പ്രധാനപ്പെട്ട ഒരു ഭേതഗതി. തൊഴിൽ കരാർ പുതുക്കാതെ സ്‌പോൺസറുടെ അനുമതി ഇല്ലാതെ ഫൈനൽ എക്‌സിറ്റ് അടിച്ചു സൗദിയിൽ നിന്നു മടങ്ങാനും തൊഴിലാളികൾക്ക് സാധിക്കും. വിദേശ തൊഴിലാളികൾക്ക് സൌദിക്ക് പുറത്തു പോകാനുള്ള എക്‌സിറ്റ് റീഎൻട്രി സിസ്റ്റവും പുതിയ നിയമപ്രകാരം കൂടുതൽ സുതാര്യമാകും.
തൊഴിലാളികൾക്ക് തന്നെ എക്‌സിറ്റ് റീഎൻട്രി അടിച്ചു രാജ്യത്തിന് പുറത്തു പോകാം. തൊഴിലാളി പുറത്തു പോകുമ്പോൾ ഇതുസംബന്ധമായ നോട്ടിഫിക്കേഷൻ സ്‌പോൺസർക്ക് ലഭിക്കും. അബ്ഷിർ ഖിവ പോർട്ടലുകൾ വഴി ഈ സേവനങ്ങൾ ലഭിക്കും. സ്വകാര്യ മേഖലയിലെ എല്ലാ പ്രവാസികൾക്കും ഇത് ബാധകമാണ്. എന്നാൽ, ഗാർഹിക തൊഴിലാളികൾക്ക് ബാധകമായിരിക്കില്ല. ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങൾ പിന്നീട് പ്രഖ്യാപിക്കും. മെച്ചപ്പെട്ട തൊഴിൽ സാഹചര്യം ഉറപ്പ് വരുത്താനും, വേതനം കൃത്യസമയത്ത് ഓൺലൈൻ വഴി ലഭിക്കാനും, തൊഴിൽ തർക്കങ്ങൾക്ക് പെട്ടെന്നു പരിഹാരം കാണാനും പുതിയ പരിഷ്‌കരണം കാരണമാകും. തൊഴിൽ വിപണി കൂടുതൽ മെച്ചപ്പെടുത്തുക, നിക്ഷേപകരെ ആകർഷിക്കുക തുടങ്ങി നിരവധി ലക്ഷ്യങ്ങൾ ഈ പരിഷ്‌കരണങ്ങൾക്ക് പിന്നിലുണ്ട്.
Story Highlights – In Saudi Arabia, a new law allows people to leave the country without their employer’s permission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here