അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ ജയത്തിനരികെ

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ ജയത്തിനരികെ. 538 അംഗ ഇലക്ടറൽ കോളജിൽ 264 എണ്ണം ഉറപ്പാക്കിയ ബൈഡൻ നിലവിലെ ലീഡ് തുടർന്നാൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 270 വോട്ടുകൾ നേടും. അതേസമയം, പ്രസിഡന്റ് ഡോണൾഡ് ട്രംപ് 214 ഇലക്ടറൽ വോട്ടുകളാണ് ഇതുവരെ നേടിയത്. ഇതിനിടെ, പെൻസിൽവേനിയ, മിഷിഗൻ, ജോർജിയ എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണലിൽ ക്രമക്കേട് ആരോപിച്ച് ട്രംപ് അനുകൂലികൾ കോടതിയെ സമീപിച്ചു.
ഇപ്പോഴും വോട്ടെണ്ണൽ പൂർത്തിയാകാത്ത പെൻസിൽവേനിയ, ജോർജിയ, നോർത്ത് കരോലിന, അലാസ്‌ക എന്നീ സംസ്ഥാനങ്ങളിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നിലാണ്. ഈ സംസ്ഥാനങ്ങളെല്ലാം നേടിയാലും 54 ഇലക്ടറൽ വോട്ടുകൾ കൂടി മാത്രമേ ട്രംപിന് ലഭിക്കുകയുള്ളൂ. ഇതിൽ ജോർജിയയിൽ ട്രംപും ബൈഡനും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. അതേസമയം, നെവാഡയിൽ ജോ ബൈഡനാണ് മുൻതൂക്കം. ഇവിടെയുള്ള ആറ് ഇലക്ടറൽ വോട്ടുകൾ നേടിയാൽ ബൈഡന് അധികാരത്തിലെത്താനാകും. ബൈഡൻ ജയിച്ച വിസ്‌കോൻസെനിൽ വീണ്ടും വോട്ടെണ്ണൽ ആവശ്യപ്പെടുമെന്ന് ട്രംപ് പക്ഷം വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, നിയമപോരാട്ടത്തിനൊരുങ്ങുകയാണ് ഡോണൾഡ് ട്രംപ്. ഇതിന്റെ ഭാഗമായി പെൻസിൽവേനിയ, മിഷിഗൻ, ജോർജിയ എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണലിൽ ക്രമക്കേട് ആരോപിച്ച് ട്രംപ് അനുകൂലികൾ കോടതിയെ സമീപിച്ചു. അടിയന്തര ഹർജിയുമായി ജോർജിയയിലാണ് ആദ്യം കോടതിയെ സമീപിച്ചത്. ജോർജിയയിൽ തെരഞ്ഞെടുപ്പ് നിയമം നടപ്പാക്കി വോട്ടെണ്ണലിലെ സത്യസന്ധത സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ പാർട്ടി സംസ്ഥാന ചെയർമാൻ ഡേവിഡ് ഷഫെറാണ് അടിയന്തര ഹർജി സമർപ്പിച്ചത്. പിന്നാലെ മറ്റ് രണ്ടിടങ്ങളിൽ കൂടി കോടതിയെ സമീപിക്കുകയായിരുന്നു.
ഇതിനിടെ, രാജ്യത്ത് പ്രതിഷേധം കനക്കുകയാണ്. ഷിക്കാഗോ, ന്യൂയോർക്ക്, ഫിലാഡൽഫിയ എന്നിവിടങ്ങളിൽ മുഴുവൻ വോട്ടുകളും എണ്ണണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാർ രംഗത്തെത്തി. വോട്ടണ്ണൽ നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് അനുകൂലികളും തെരുവിലിറങ്ങി. പോർട്ട്ലാന്റിൽ കടകൾക്ക് നേരെ ആക്രമണമുണ്ടായി. മിനിയോപോളിസിൽ ഹൈവേയിൽ ഗതാഗതം തടഞ്ഞവരെ പൊലീസ് നീക്കം ചെയ്തു.
Story Highlights – us president election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here