Advertisement

ഐപിഎല്‍; ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിന്റെ എതിരാളി ആരാണെന്ന് ഇന്നറിയാം

November 8, 2020
2 minutes Read
IPL; Sunrisers Hyderabad vs Delhi Capitals match today

ഐപിഎല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിടുന്നത് ആരാണെന്ന് ഇന്നറിയാം. രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇന്ന് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടും. രാത്രി 7.30ന് അബുദാബിയിലാണ് മത്സരം. തുടക്കം കെങ്കേമമാക്കിയ ശേഷം പടിക്കല്‍ എത്തിയപ്പോള്‍ കലം കയ്യില്‍ നിന്ന് കളയുന്ന മട്ടിലാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ആദ്യത്തെ 9 കളികളില്‍ ഏഴെണ്ണവും ജയിച്ച ഡല്‍ഹി പ്ലേ ഓഫിലടക്കമുള്ള ആറ് മത്സരങ്ങളില്‍ അഞ്ചിലും തോറ്റു. നേര്‍വിപരീതമാണ് സസണ്‍റൈസേഴ്‌സിന്റെ സ്ഥിതി. പേര് പോലെ തന്നെ അവര്‍ പ്ലേഓഫിലേക്ക് ഉദിച്ചുയര്‍ന്നു.

ആദ്യ ഒന്‍പത് മത്സരങ്ങളില്‍ ആറിലും തോറ്റ ഹൈദരാബാദ് അവസാന അവസാനത്തെ ആറെണ്ണത്തില്‍ അഞ്ചിലും ജയിച്ചുകയറി. ഒന്‍പത് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ പോയിന്റ് പട്ടികയില്‍ ഏഴാമതായിരുന്നു സണ്‍റൈസേഴ്‌സ്. തുടര്‍തോല്‍വികളില്‍ നിന്ന് വിന്നിംഗ് കോമ്പിനേഷനിലേക്ക് ടീം മാറിയതാണ് ഓറഞ്ച് പടയ്ക്ക് മുന്‍തൂക്കം നല്‍കുന്നത്. കഴിഞ്ഞ ആറ് മത്സരങ്ങളില്‍ ഒരിക്കല്‍ മാത്രമാണ് സണ്‍റൈസേഴ്‌സ് ബൗളര്‍മാര്‍ 150ലേറെ റണ്‍സ് വഴങ്ങിയത്. ജെയ്‌സണ്‍ ഹോള്‍ഡറിന് ശേഷമുള്ളവര്‍ ബാറ്റ് കൊണ്ട് കാര്യമായ സംഭാവനകള്‍ നല്‍കാത്തതാണ് അലട്ടുന്ന പ്രശ്‌നം. ഒപ്പം വൃധിമാന്‍ സാഹയുടെയും വിജയ് ശങ്കറിന്റെയും പരുക്കും. റാഷിദ് ഖാനെ നേരിടുന്നതിലെ മിടുക്ക് നിശ്ചയിക്കും ഡല്‍ഹിയുടെ ഫൈനല്‍ സ്വപ്‌നം.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 5 മത്സരങ്ങളില്‍ നിന്ന് 10 ഡല്‍ഹി വിക്കറ്റുകളാണ് റാഷിദ് വീഴ്ത്തിയത്. പൃഥ്വി ഷായുടെ മോശം ഫോമും ഷിമ്രോണ്‍ ഹെറ്റ്‌മേയറെ എവിടെ ഉള്‍പ്പെടുത്തും എന്ന ആശയക്കുഴപ്പവുമാണ് ക്യാപ്പിറ്റല്‍സിന്റെ പ്രശ്‌നം. മാര്‍ക്കസ് സ്റ്റൊയിണിസിനോ രഹാനയ്‌ക്കോ ഓപ്പണറായി പ്രമോഷന്‍ നല്‍കാനും കോച്ച് റിക്കി പോണ്ടിംഗ് തയാറായേക്കും. ഈ സീസണില്‍ രണ്ട് തവണ ഏറ്റമുട്ടിയപ്പോള്‍ ഇരുവട്ടവും സണ്‍റൈസേഴ്‌സിനായിരുന്നു ജയം. കണക്കിലും കളത്തിലും ക്യാപ്പിറ്റല്‍സിനേക്കാള്‍ ഒരു പടി മുന്നിലാണ് സണ്‍റൈസേഴ്‌സ്.

Story Highlights IPL; Sunrisers Hyderabad vs Delhi Capitals match today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top