ആംബുലൻസ് ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; മുഖ്യ പ്രതികൾ അറസ്റ്റിൽ

ആംബുലൻസ് ഡ്രൈവറെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യ പ്രതികൾ അറസ്റ്റിൽ. ആംബുലൻസ് ഡ്രൈവറായ കുറ്റപ്പുഴ മഞ്ഞാടി കാക്ക തുരുത്ത് വീട്ടിൽ രാജപ്പനെ സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ട് പ്രതികളാണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്.
കേസിലെ ഒന്നാം പ്രതിയും വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിലെ പ്രതിയുമായ കല്ലൂപ്പാറ സ്വദേശി പ്രവീൺ എന്ന് വിളിപ്പേരുള്ള ബസലേൽ മാത്യു, രണ്ടാം പ്രതി കടമാൻകുളം സ്വദേശി കാർത്തി ശക്തി എന്ന് വിളിപ്പേരുള്ള പ്രവീൺ എന്നിവരാണ് അറസ്റ്റിലായത്.
സെപ്റ്റംബർ 15 ന് രാത്രി 12 മണിയോടെ തിരുവല്ല ആമല്ലൂരിന് സമീപമാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാജപ്പൻ ഓടിച്ചിരുന്ന ആംബുലൻസ് തടഞ്ഞു നിർത്തി ഇരുമ്പ് പൈപ്പ് ഉൾപ്പടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് അഞ്ചംഗ സംഘം മാരകമായി ആക്രമിക്കുകയായിരുന്നു. തലയ്ക്കും കൈകാലുകൾക്കുമടക്കം ഗുരുതരമായി പരുക്കേറ്റ രാജപ്പൻ ഒരു മാസക്കാലത്തോളം തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവം നടന്ന് അടുത്ത ദിവസം ഒരാൾ പിടിയിലായിരുന്നു. കേസിൽ പ്രതികളായ മറ്റ് രണ്ട് പേരെ രണ്ടാഴ്ച മുമ്പ് അറസ്റ്റ് ചെയ്തു. കേസിലെ ഒന്നാം പ്രതിയായ ബസലേൽ മാത്യു തിരുവല്ല, കീഴ്വായ്പൂര്, വെച്ചൂച്ചിറ , ഏറ്റുമാനൂർ , നൂറനാട്, ചിങ്ങവനം എന്നീ പൊലീസ് സ്റ്റേഷനിലുകളിൽ രജിസ്റ്റർ ചെയ്ത നിരവധി ക്രിമിനൽ കേസുകളിലും മല്ലപ്പള്ളി എക്‌സൈസ് രജിസ്റ്റർ ചെയ്ത കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഡിവൈഎസ്പി ടി രാജപ്പന്റെ നേതൃത്വത്തിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു.
Story Highlights – Case of attempted murder of ambulance driver; The main accused have been arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here