കോഴക്കേസ്: കെ. എം. ഷാജിയെ ഇന്ന് എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും

അഴീക്കോട് സ്‌കൂളിൽ പ്ലസ്ടു സീറ്റ് അനുവദിക്കാൻ ഇരുപത്തി അഞ്ച് ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ കെ. എം ഷാജി എം.എൽ.എയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. ഇ.ഡിയുടെ കോഴിക്കോട് മേഖലാ ഓഫീസിലാണ് ചോദ്യം ചെയ്യൽ.
ഷാജിയുടെ ഭാര്യ ആശയുടെ മൊഴി ഇന്നലെ എൻഫോഴ്‌സ്‌മെന്റെ ഡയറക്ടറേറ്റ് രേഖപ്പെടുത്തിയിരുന്നു. രാവിലെ 10 മണിയോടെ ആരംഭിച്ച ആശ ഷാജിയുടെ ചോദ്യം ചെയ്യൽ രാത്രി ഒമ്പതര വരെ നീണ്ടു. കോഴ ആരോപണമുണ്ടായ കാലഘട്ടത്തിലാണ് ഷാജി ആശയുടെ പേരിൽ വേങ്ങേരിയിൽ മൂന്ന് നില വീട് വച്ചത്. ഇതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും, 10 വർഷത്തെ ബാങ്ക് ഇടപാട് വിവരങ്ങളും ആശ ഇ.ഡിക്ക് കൈമാറി. തനിക്കൊന്നും അറിയില്ലെന്നും ഭർത്താവാണ് തന്റെ പേരിൽ ഭൂമി വാങ്ങിയതെന്നുമാണ് ആശ നൽകിയ മൊഴി.
ആശയെ ചോദ്യം ചെയ്യുന്നതിനിടെ ഷാജിക്കെതിരെ പുതിയ പരാതിയുമായി ഐ.എൻ.എൽ നേതാവ് എൻ.കെ അബ്ദുൾ അസീസ് ഇ.ഡി ഓഫീസിൽ എത്തി. സ്വർണക്കടത്ത്, ഹവാല കേസ് പ്രതികളായ കുടുക്കിൽ സഹോദരന്മാരുമായുള്ള ഷാജിയുടെ ബന്ധം അന്വേഷിക്കണമെന്നാണ് പരാതി. ഷാജിയുടെ സാമ്പത്തിക സ്രോതസ് ഇവരാണെന്ന് കരുതുന്നതായി പരാതിയിൽ പറയുന്നു. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച ഹർജിയിൽ കെ.എം ഷാജിക്കെതിരെ ഇന്നലെ വിജിലൻസ് കേസെടുത്തിരുന്നു.
Story Highlights – Enforcement directorate, K M Shaji
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here