കുമളിയിൽ അൻപത്തിയഞ്ചുകാരനെ സുഹൃത്തിന്റെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

കുമളിയിൽ അൻപത്തിയഞ്ചുകാരനെ സുഹൃത്തിന്റെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്ന് പ്രാഥമിക നിഗമനം. കുരളി ഒന്നാം മൈൽ സ്വദേശിയായ സജീവനെയാണ് സുഹൃത്തായ ബാലകൃഷ്ണന്റെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ചക്കുപള്ളത്ത് തോട്ടം ജോലിക്ക് എത്തിയതോടെയാണ് സജീവനും, ബാലകൃഷ്ണനും തമ്മിൽ സുഹൃത്തുക്കളായത്. തുടർന്നാണ് ദീപാവലി ആഘോഷിക്കാൻ സജീവനെ ബാലകൃഷ്ണൻ തന്റെ വീട്ടിലേയ്ക്ക് ക്ഷണിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് ഇരുവരും ബൈക്കിൽ പുറത്തേയ്ക്ക് പോകുന്നത് കണ്ടിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. രാത്രിയോടെ തിരിച്ചെത്തിയ ഇരുവരും മദ്യ ലഹരിയിലായിരുന്നു. ഇതേതുടർന്ന് വാക്കേറ്റം ഉണ്ടായി എന്നാണ് പൊലീസ് പറയുന്നത്. ഇന്ന് പുലർച്ചെ ബാലകൃഷ്ണനും ഭാര്യയും സജീവൻ ഉണരുന്നില്ലെന്നും ഹൃദയാഘാതമാണോയെന്ന് സംശയമുണ്ടെന്നും നാട്ടുകാരോട് പറഞ്ഞു. സംശയം തോന്നിയ അയൽവാസികളാണ് കുമളി പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് നടത്തിയ പരിശോധനയിൽ സജീവന്റെ കഴുത്തിൽ മുറിവേറ്റതായി കണ്ടെത്തി.

സമീപത്ത് സാരി പിരിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് കൊലപാതകമെന്ന സംശയം ബലപ്പെട്ടത്. സംഭവസ്ഥലത്ത് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.

Story Highlights Fifty-five-year-old man was found dead under mysterious circumstances at a friend’s house in Kumily

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top