കൊവിഡ് ആദ്യം റിപ്പോർട്ട് ചെയ്തിട്ട് ഇന്ന് ഒരു വർഷം

കൊവിഡ് ആദ്യം റിപ്പോർട്ട് ചെയ്തിട്ട് ഇന്ന് ഒരു വർഷം. ചൈനയിലെ ഹ്യൂബെ പ്രവിശ്യയിൽ ആദ്യത്തെ കേസ് കണ്ടെത്തിയത് 2019 നവംബർ 17നായിരുന്നു. എന്നാൽ, അന്ന് രോഗം സ്ഥിരീകരിച്ചയാളാണോ ആദ്യത്തെ രോഗി എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. അതേസമയം, ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിമൂന്ന് ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി അഞ്ഞൂറ്റി അറുപത്തഞ്ച് ആയി.
സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ വർഷം ഇതേ ദിവസമാണ് ചൈനയിലെ ഹ്യൂബെ പ്രവിശ്യയിൽ ആദ്യത്തെ കൊവിഡ് കേസ് കണ്ടെത്തിയതെങ്കിലും അജ്ഞാത വൈറസ് മൂലമുളള രോഗബാധയെക്കുറിച്ച് ലോകാരോഗ്യസംഘടനയിൽ ചൈന റിപ്പോർട്ട് ചെയ്യുന്നത് ഡിസംബർ 31നാണ്. പിന്നീട് ലോകരാജ്യങ്ങൾ ഒന്നാകെ ചൈനയ്ക്ക് നേരെ വിമർശനങ്ങളുടെ കൂരമ്പുകൾ എയ്തു. ചൈന തക്കസമയത്ത് രോഗത്തെക്കുറിച്ച് വിവരം നൽകിയില്ലെന്ന്് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിരന്തം ആരോപിച്ചു.
ഇന്ത്യയിലാദ്യം രോഗം സ്ഥിരീകരിച്ചത് കേരളത്തിലായിരുന്നു. വുഹാനിൽ നിന്ന് മടങ്ങിയെത്തിയ തൃശൂരിലെ വിദ്യാർത്ഥിനിക്കായിരുന്നു ജനുവരി 30ന് രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്.
ലോകമാകെ പടർന്നുപിടിച്ച രോഗത്തിന് കൊവിഡ് 19 എന്ന പേര് നൽകിയത് ഫെബ്രുവരി 11നാണ്. പിന്നീട് ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചു. മാർച്ച് മാസത്തോടെ ലോകമാകെ കൊവിഡ് വ്യാപനം രൂക്ഷമായി. ദിവസേന കണക്കുകൾ പെരുകി. രാജ്യങ്ങൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. മാസ്‌കുകളും ഹാന്റ് വാഷും സാനിറ്റൈസറും നിത്യജീവിതത്തിന്റെ ഭാഗമായി. മനുഷ്യർ ക്വാറന്റീനിൽ പ്രവേശിക്കുന്നതും കൊവിഡ് രോഗികൾ വർദ്ധിക്കുന്ന പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളാകുന്നതും സ്ഥിരം കാഴ്ചയായി. ലോകമാകെ മനുഷ്യർ മരിച്ചു വീണു. ഇന്ന് ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിമൂന്നര ലക്ഷത്തിലേയ്ക്ക് അടുക്കുകയാണ്. രോഗികളുടെ എണ്ണം അഞ്ചര കോടി കവിഞ്ഞു. മൂന്ന് കോടി എൺപത്തഞ്ച് ലക്ഷത്തോളം പേർ രോഗമുക്തരായി.
കൊവിഡിനെതിരായ പോരാട്ടം തുടരുകയാണ് ലോകം. പ്രതിരോധ വാക്‌സിനുള്ള ശ്രമങ്ങൾ ശക്തമായി തുടരുന്നു. ഈ വർഷം അവസാനത്തോടെ കൊവിഡിനെ പൂട്ടാനുള്ള വാക്‌സിൻ കണ്ടുപിടിക്കുമെന്ന പ്രതീക്ഷയിലാണ് ലോകം. അത് മുഴുവൻ പേരിലുമെത്താൻ പിന്നെയും സമയമെടുക്കും. എന്നാലും ഈ പ്രതിസന്ധിയേയും ലോകം മറികടക്കുമെന്ന് ഉറപ്പാണ്.
Story Highlights – It’s been a year since covid first reported
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here