കിഫ്ബി ഓഡിറ്റിംഗ് സംശയനിഴലിൽ; കിഫ്ബിയുടെ പീയർ റിവ്യു ഓഡിറ്റിംഗ് കമ്പനിയിൽ വേണുഗോപാലിന് പങ്കാളിത്തം

kiifb auditing under suspicion

കിഫ്ബി ഓഡിറ്റിംഗ് സംശയനിഴലിൽ. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ബാങ്ക് ലോക്കർ എടുത്തു നൽകിയ ചാർട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാൽ പങ്കാളിയായ സ്ഥാപനത്തിന്റെ സാന്നിധ്യമാണ് വിവാദമാകുന്നത്. കിഫ്ബിയുടെ പീയർ റിവ്യു ഓഡിറ്ററായ സുരി ആന്റ് കമ്പനിയിലാണ് വേണുഗോപാലിന് പങ്കാളിത്തം.

കിഫ്ബിയുടെ 38-ാം ബോർഡ് യോഗത്തിലാണ് സ്റ്റാറ്റിയൂട്ടറി ഓഡിറ്റിങിനും പിയർ റിവ്യൂ ഓഡിറ്റിങിനും രണ്ട് സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയത്. പിയർ റിവ്യു ഓഡിറ്റ് സുരി ആന്റ് കമ്പനിക്കാണ് ലഭിച്ചത്. എം ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റും സ്വർണക്കടത്ത് കേസിൽ അന്വേഷണം നേരിടുന്നയാളുമായ പി വേണുഗോപാലിനും ഈ സ്ഥാപനത്തിൽ പങ്കാളിത്തമുണ്ട്. എം. ശിവശങ്കർ ഐടി സെക്രട്ടറിയായിരിക്കേ ടെക്‌നോപാർക്കിലെ ഓഡിറ്റിങും സൂരി ആന്റ് കമ്പനിക്ക് നൽകിയിരുന്നു.

ബാങ്കുകൾ പോലുള്ള ധനകാര്യ സ്ഥാപനങ്ങൾ സ്റ്റാറ്റിയൂട്ടറി ഓഡിറ്റർമാരെ നിയമിക്കാറുണ്ടെങ്കിലും പിയർ റിവ്യൂ ഓഡിറ്ററെ നിയമിക്കാറില്ല. ചാർട്ടഡ് അക്കൗണ്ടിങ് സ്ഥാപനങ്ങൾ സ്വന്തം ഓഡിറ്റിങ് വിലയിരുത്താനാണ് പിയർ റിവ്യൂ നടത്താറുള്ളത്. കിഫ്ബിയിൽ അനിവാര്യമല്ലാത്ത പിയർ റിവ്യൂ ഓഡിറ്റിങ്ങിന് തീരുമാനിച്ചതും ശിവശങ്കറുടെ ഓഡിറ്ററെ അതിന് നിയോഗിച്ചതുമാണ് ഇപ്പോൾ വിവാദമാവുന്നത്.

Story Highlights kiifb auditing under suspicion

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top