പുതിയ പാർട്ണറെ പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്സ്; കമന്റ് ബോക്സിൽ സ്വയം ട്രോളി പാർട്ണർ: വൈറൽ പോസ്റ്റ്

വരുന്ന ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനുള്ളത് ഒട്ടേറെ പാർട്ണർമാരാണ്. മുഖ്യ സ്പോൺസറായ ബൈജൂസ് മുതൽ രാജ്യാന്തര ബ്രാൻഡായ സ്റ്റാറ്റ്സ്പോർട്സും സ്കൈഫോമും ഹീലുമൊക്കെ ബ്ലാസ്റ്റേഴ്സിൻ്റെ പാർട്ണർമാരാണ്. ആഴ്ചയിൽ ഓരോ പാർട്ണർമാരെ വീതമാണ് ക്ലബ് പ്രഖ്യാപിക്കുന്നതെന്നും ജഴ്സിയിൽ എല്ലാവരെയും ഉൾക്കൊള്ളിക്കുന്നത് ബുദ്ധിമുട്ടാവും എന്നൊക്കെ ആരാധകർ തമാശയായി പറയാറുണ്ട്. ഇന്ന് മറ്റൊരു സ്പോൺസറിനെയും ക്ലബ് പ്രഖ്യാപിച്ചു. പതിവു പോലെ ആരാധകർ ട്രോളുകളുമായി കമൻ്റ് ബോക്സിൽ എത്തുകയും ചെയ്തു. എന്നാൽ, ഇവിടെ വൈറലായത് സ്പോൺസർ തന്നെയാണ്. സ്വയം ട്രോളിയ സ്പോൺസറിൻ്റെ കമൻ്റാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
‘ട്രാവൽ മണി പാർട്ണർ’ ആയി എക്സ്ട്രാവൽമണിഡോട്ട്കോം എന്ന വെബ്സൈറ്റിനെയാണ് ഇന്ന് ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചത്. ഈ വിവരം അറിയിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിൻ്റെ കമൻ്റ് ബോക്സിലാണ് എക്സ്ട്രാവൽമണിഡോട്ട്കോം സ്വയം ട്രോൾ കമൻ്റ് ചെയ്തത്. മാന്നാർ മത്തായി സ്പീക്കിംഗ് എന്ന ചിത്രത്തിലെ മീം ഉപയോഗിച്ചായിരുന്നു ട്രോൾ. നിരവധി ആളുകളാണ് ഈ ട്രോൾ റിയാക്ട് ചെയ്തിരിക്കുന്നത്.

നവംബർ 20 ന് ഗോവയിലാണ് ഇത്തവണ ഐഎസ്എൽ കിക്ക് ഓഫ്. ഉദ്ഘാടന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എടികെ മോഹൻ ബഗാനെ നേരിടും. 2020-21 എഡിഷൻ ഐഎസ്എൽ കൊവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട സ്റ്റേഡിയങ്ങളിലാകും നടക്കുക. കാണികൾക്ക് പ്രവേശനമുണ്ടാകില്ല.
Read Also : ഹോം കിറ്റ് പുറത്തിറക്കി കേരള ബ്ലാസ്റ്റേഴ്സ്: വിഡിയോ
നവംബർ 26 ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം മത്സരം. ഡിസംബർ 13 ന് കേരളാ ബ്ലാസ്റ്റേഴ്‌സ് – ബംഗളൂരു എഫ്‌സി പോരാട്ടം നടക്കും. 11 ടീമുകളാണ് ഐഎസ്എല്ലിൽ ഇത്തവണ പങ്കെടുക്കുന്നത്. ഈസ്റ്റ് ബംഗാളിന്റെ വരവോടെയാണ് ലീഗിൽ 11 ടീമുകളായത്.
Story Highlights – kerala blasters partner self troll
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here