ഇന്ത്യൻ സൂപ്പർ ലീഗിന് നാളെ കിക്കോഫ്; ഉദ്ഘാടന മത്സരത്തിൽ എടികെ മോഹൻബഗാൻ ബ്ലാസ്റ്റേഴ്സിനെ നേരിടും

ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ ഏഴാം സീസണ് നാളെ കിക്കോഫ്. ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എടികെ മോഹൻബഗാനെ നേരിടും. ഗോവയിലെ ജിഎംസി ബാലയോഗി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ വൈകിട്ട് 7.30നാണ് മത്സരം. കൊവിഡ് പശ്ചാത്തലത്തിലാണ് ഐഎസ്എൽ ഗോവയിലേക്ക് മാറ്റിയത്. മത്സരങ്ങളിൽ കാണികൾക്ക് പ്രവേശനമില്ല.
കഴിഞ്ഞ സീസണുകളിൽ നിന്ന് വ്യത്യസ്തമായി വമ്പൻ പേരുകാർക്ക് പിന്നാലെ പോകാതെ ആവശ്യമറിഞ്ഞുള്ള സൈനിംഗ് ആണ് ബ്ലാസ്റ്റേഴ്സ് നടത്തിയിരിക്കുന്നത്. സ്പോർടിങ് ഡയറക്ടറായി കരോളിസ് സ്കിൻകിസിനെ നിയമിച്ചതാണ് മാനേജ്മെൻ്റിൻ്റെ ആദ്യ മികച്ച തീരുമാനം. പണം കായ്ക്കുന്ന മരം എന്നതിനപ്പുറം ഒരു പ്രൊഫഷണൽ ഫുട്ബോൾ ക്ലബ് ആയി ബ്ലാസ്റ്റേഴ്സിനെ വളർത്തിക്കൊണ്ടു വരാൻ മാനേജ്മെൻ്റ് ശ്രമിക്കുന്നുണ്ട് എന്ന് വേണം കരുതാൻ.
സ്കിൻകിസിൻ്റെ ചരടുവലികളിൽ ടീമിലെത്തിയ മികച്ച വിദേശതാരങ്ങൾ ബ്ലാസ്റ്റേഴ്സിൻ്റെ ഫൈനൽ ഇലവനെ കരുത്തുറ്റതാക്കുമെന്ന് തന്നെ വിശ്വസിക്കാം. ഗാരി ഹൂപ്പറൂം ഫക്കുണ്ടോ പെരേരയും അടക്കമുള്ള വിദേശ താരങ്ങൾ പരിചയസമ്പത്തും യുവത്വവും കൊണ്ടുവരും. 7 താരങ്ങളാണ് 30ഓ അതിനു മുകളിലോ പ്രായമുള്ളവർ. 29 മുതൽ 20 വരെ പ്രായമുള്ള താരങ്ങൾ 19 പേരാണ്. അത്രയേറെ മികച്ച യുവതാരങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. കിബു വിക്കൂനയെന്ന മിടുക്കനായ പരിശീലകൻ മറ്റൊരു പോസിറ്റീവ് കാര്യമാണ്. മോഹൻബഗാനെ ഐലീഗ് ചാമ്പ്യന്മാരാക്കിയതിനു ശേഷം ബ്ലാസ്റ്റേഴ്സിലേക്കെത്തിയ വിക്കൂന കളിപ്പിക്കാനറിയുന്ന പരിശീലകനാണ്.
യുവതാരങ്ങളിൽ ബ്ലാസ്റ്റേഴ്സ് ഇൻവസ്റ്റ് ചെയ്യുന്നതും ആശാവഹമാണ്. രാഹുലും സഹലും ലാൽറുവത്താരയും പ്രശാന്തുമൊക്കെ ടീമിൽ കഴിഞ്ഞ ഏതാനും സീസണുകളായി ഉണ്ട്. ഒപ്പം, ക്ലബിന് ചില ഭാവി പദ്ധതികൾ ഉണ്ടെന്ന് ടീം ഉടമകളും പറയുന്നു. സ്വന്തമായി ഒരു സ്റ്റേഡിയമാണ് അവയിൽ പ്രധാനപ്പെട്ടത്. അത് വളരെ വിദൂരമായ ഒരു ഭാവിയിൽ മാത്രം നടക്കാനിടയുള്ള കാര്യമാണെങ്കിലും അങ്ങനെയൊരു ചിന്തയും പ്ലാനും തന്നെ പോസിറ്റീവായി കണക്കാക്കാവുന്നതാണ്.
എന്തായാലും ഇക്കൊല്ലം ബ്ലാസ്റ്റേഴ്സ് പ്ലേഓഫിലെങ്കിലും എത്താൻ സാധ്യതയുണ്ട്. പരുക്കും ഫോമൗട്ടും പണി തന്നില്ലെങ്കിൽ ഈ സ്ക്വാഡിന് അതിനുള്ള കരുത്തുണ്ട്.
Story Highlights – isl starts from tomorrow at goa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here